
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ഭഗവാന്‍ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമായി ഇന്ത്യന്‍ മൂര്‍ഖന്റെ മുട്ടകള്‍ കൃത്രിമ ഇന്‍കുബേഷന്‍ വഴി വിജയകരമായി വിരിയിച്ചെടുത്തു.
ശാസ്ത്രീയമായ രീതിയില്‍ നടന്ന പരീക്ഷണത്തില്‍ അഞ്ച് ആരോഗ്യവന്മാരായ മൂര്‍ഖന്‍ കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഇതോടൊപ്പം എട്ട് സാന്‍ഡ് ബോവ കുഞ്ഞുങ്ങളും പാര്‍ക്കില്‍ ജനിച്ചതായി അധികൃതര്‍ അറിയിച്ചു.
വന്യജീവി സംരക്ഷണത്തിലും ഗവേഷണത്തിലും പാര്‍ക്ക് കൈവരിച്ച വന്‍ മുന്നേറ്റമായാണ് ഈ അപൂര്‍വ നേട്ടം വിലയിരുത്തപ്പെടുന്നത്.
പാര്‍ക്കിലെ മൃഗഡോക്ടറായ ഡോ. ഓം പ്രകാശ് സാഹു, ഉരഗവര്‍ഗ വിദഗ്ധനായ വിവേകാനന്ദ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇന്‍കുബേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്.
മൂര്‍ഖന്റെ ഏഴ് മുട്ടകള്‍ കൃത്യമായ താപനിലയും ഈര്‍പ്പവും ക്രമീകരിച്ച ഇന്‍കുബേഷന്‍ സംവിധാനത്തില്‍ 70 മുതല്‍ 72 ദിവസം വരെ സൂക്ഷിച്ചാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ആധുനിക മാനേജ്മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ ശാസ്ത്രീയ ദൗത്യം സംസ്ഥാനത്തെ ഉരഗ സംരക്ഷണത്തിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പാര്‍ക്ക് ഡയറക്ടര്‍ ജബ്ബര്‍ സിങ് വ്യക്തമാക്കി. ജനിച്ച കുഞ്ഞുങ്ങള്‍ നിലവില്‍ വിദഗ്ധരുടെ ശാസ്ത്രീയ നിരീക്ഷണത്തിലും പരിചരണത്തിലുമാണ് കഴിയുന്നത്.
