
ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്‍ററില്‍ കുട്ടികളോട് ക്രൂരത. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാല്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഇരുത്തുകയും വാഷ് റൂമിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു.
കുട്ടികള്‍ കരഞ്ഞപ്പോള്‍ വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു. ടോയ്‍ലറ്റിലെ ജെറ്റ് സ്പ്രേ ആണ് ഇതിന് ഉപയോഗിച്ചത്. കുട്ടികളെ തല്ലുന്നതും ഇവിടെ പതിവാണ്.
ബ്രൂക്ക്ഫീല്‍ഡിലെ ഡേ കെയർ സെന്ററില്‍ ആണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. എച്ച്‌എഎല്‍ കാമ്പസിലെ കേപ്പ് ജമിനി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തു. കേപ്പ് ജമിനിയിലെ അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്തു.
ഇന്ന് രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നല്‍കി. ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്. അധികൃതരില്‍ നിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ചൈല്‍ഡ് ലൈൻ അറിയിച്ചു. അഞ്ച് വനിതാ കെയർ ടേക്കർമാർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഐടി ജീവനക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ സുരക്ഷിത സ്ഥലമെന്ന് കരുതിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ഇവിടെ ഏല്‍പ്പിച്ചിരുന്നത്.
അവരാണ് ഇത്രയും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തത്. പരാതിക്കാരായ മാതാപിതാക്കളുടെയും ഡേകെയറിലെ മറ്റ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി വരികയാണ്.
നിലവില്‍ ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാർക്കെതിരെയുള്ള തുടർന്നുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം സംഭവം നടന്നത് എപ്പോഴാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
