
ഹൈദരാബാദ്: പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.
ഗ്രൂപ്പിലെ എല്ലാവരെയും ഒരേസമയം ശ്രദ്ധയില്‍പ്പെടുത്തുന്ന '@all' മെന്‍ഷന്‍, കൂടുതല്‍ സ്വകാര്യതയും സമയപരിധിയും നല്‍കുന്ന പോളുകള്‍, നിലവിലുള്ള ഗ്രൂപ്പുകളില്‍ നിന്ന് പുതിയ ഉപഗ്രൂപ്പുകള്‍ പെട്ടെന്ന് ഉണ്ടാക്കാനുള്ള സൗകര്യം എന്നിവയാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സ്‌ആപ്പ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്.
ഇനിമുതല്‍ ഗ്രൂപ്പില്‍ അടിയന്തര സന്ദേശങ്ങള്‍ അയക്കുമ്പോള്‍ '@all' എന്ന് ടൈപ്പ് ചെയ്താല്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഗ്രൂപ്പ് മ്യൂട്ട് ചെയ്തു വെച്ചിരിക്കുന്നവര്‍ക്കും ഈ സന്ദേശത്തിന്റെ നോട്ടിഫിക്കേഷന്‍ എത്തും.
എന്നാല്‍ 32-ല്‍ അധികം ആളുകളുള്ള വലിയ ഗ്രൂപ്പുകളില്‍ ദുരുപയോഗം തടയാന്‍ അഡ്മിന്‍മാര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക.
കൂടാതെ, പോളുകളില്‍ വോട്ട് ചെയ്തവരുടെ പേരുകള്‍ മറച്ചുവെക്കാനും, പോളിംഗിന് നിശ്ചിത സമയപരിധി നിശ്ചയിക്കാനും, പോള്‍ ചോദ്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ 15 മിനിറ്റിനകം തിരുത്താനുമുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ഒരു ഗ്രൂപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി സിംഗിള്‍ ടാപ്പിലൂടെ പുതിയൊരു ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാനുള്ള സൗകര്യവും വാട്ട്സ്‌ആപ്പ് ഈ പുതിയ അപ്ഡേറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
