
വാഷിങ്ടണ്‍: വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കരാറിലൂടെ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ നിയന്ത്രണിലാകും. കരാര്‍ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും രാജ്യത്തെ ഇന്ധനവില കുത്തനെ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവരാണ് കരാര്‍ ചര്‍ച്ച ചെയ്തതെന്നും ധാരണയാക്കിയതെന്നും ട്രംപ് പറഞ്ഞു.
സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടില്‍ വെനിസ്വേലയുമായി അമേരിക്ക ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്!'' ട്രംപ് കുറിച്ചു.
കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിച്ചശേഷം, വെനസ്വേലന്‍ എണ്ണ വ്യവസായ മേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ കരാറിലൂടെ ഔദ്യോഗികമായി നിയന്ത്രണം സ്വന്തമാക്കിയത്. കരാര്‍ വെനസ്വേലയുടെ സാമ്പത്തിക രംഗത്തിനും വലിയ ഉണര്‍വേകുമെന്നും ട്രംപ് പറഞ്ഞു.
