Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വിദ്യാഭ്യാസത്തിലും അച്ചടക്കത്തിലും വാര്‍ത്തെടുത്ത അമേരിക്കൻ ജീവിതരീതി

Sathyam Online 2 days ago

ആകർഷകമായ ഒരു സമൂഹം കെട്ടിപ്പടുക്കല്‍ വിദ്യാഭ്യാസവും അച്ചടക്കവും അനിവാര്യമാണെന്നതിന്റെ നേർകാഴ്ചകളാണ് അമേരിക്കയിലെവിടെയും കാണാൻ കഴിയുക.

ഒരു നല്ല സമൂഹത്തിന്റെ ഏറ്റവും ശക്തമായ രണ്ട് അടിത്തറകളാണ് വിദ്യാഭ്യാസവും അച്ചടക്കവും. വിദ്യാഭ്യാസം ആളുകള്‍ക്ക് അറിവ്, അവബോധം, ആത്മവിശ്വാസം, ഉത്തരവാദിത്തത്തോടെ ചിന്തിക്കാനുള്ള കഴിവ് എന്നിവ നല്‍കുന്നു. നിയമങ്ങള്‍, സമയം, പൊതു ഇടങ്ങള്‍, പരസ്പരം ബഹുമാനിക്കല്‍ അച്ചടക്കം അവരെ പഠിപ്പിക്കുന്നു.

ആളുകള്‍ വിദ്യാഭ്യാസം നേടുകയും അച്ചടക്കം പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹം സ്വാഭാവികമായും കൂടുതല്‍ സമാധാനപരവും, വൃത്തിയുള്ളതും സുരക്ഷിതവും സ്വാഗതം ചെയ്യുന്നതുമായി മാറുന്നു.

കുട്ടികള്‍ നല്ല മൂല്യങ്ങളോടെ വളരുന്നു യുവാക്കള്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാകുന്നു. കുടുംബങ്ങള്‍ സുരക്ഷിതരാണെന്ന് അനുഭപ്പെടുന്നു. അത്തരമൊരു സമൂഹം സന്ദർശകരെയും, ബിസിനസുകളെയും, നിക്ഷേപങ്ങളെയും, പുതിയ അവസരങ്ങളെയും ആകർഷിക്കുന്നു.


ഒരു സമൂഹത്തിന്റെ യഥാർത്ഥ സൗന്ദര്യം അതിന്റെ കെട്ടിടങ്ങളിലോ, റോഡുകളിലോ, പ്രകൃതി ചുറ്റുപാടുകളിലോ മാത്രമല്ല കാണപ്പെടുന്നത്. വിദ്യാഭ്യാസവും അച്ചടക്കവും വന്നുചേരുന്നതോടെ സ്വാഭാവികമായും അത് സമൂഹത്തില്‍ പ്രതിഫലിക്കുക.


അതിന്റെ ഏറ്റവും വലിയ ആകർഷണം അതിലെ ജനങ്ങളുടെ സ്വഭാവം വിദ്യാഭ്യാസം, അച്ചടക്കമുള്ള പെരുമാറ്റം എന്നിവയാണ്. നല്ല വിദ്യാഭ്യാസവും അച്ചടക്കവുമുള്ള ജീവിക്കാൻ അഭിമാനിക്കുന്ന ഒരു സമൂഹമായി മാറുകയും ചെയ്യുന്നു.

ഷാർലെറ്റിലേക്കുള്ള യാത്രയില്‍ കണ്ടത്

നോർത്ത് കരോലിനയിലെ 'ഷാര്‍ലെറ്റ്' എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ അവിടെ മകളും ഭര്‍ത്താവും കുട്ടികളും കാത്തുനില്‍പുണ്ടായിരുന്നു.

എയർപോർട്ടില്‍ അധിക തിരക്കില്ലാതിരുന്നതിനാല്‍ എമിഗ്രെഷനും കസ്റ്റംസും വേഗത്തില്‍ കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വളരെ സൗമ്യമായ പെരുമാറ്റവും തങ്ങളുടെ രാജ്യത്തെത്തുന്ന സന്ദർശകരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യലും എന്നെ വല്ലാതെ ചിന്തിപ്പിച്ചു, കാരണം ഇതൊന്നുമല്ലല്ലോ നാം ഇവരെക്കുറിച്ച്‌ പറഞ്ഞുകേട്ടത്.

അത്രയൊന്നും തിരക്കില്ലാത്ത ഹൈവേ റോഡിന്റെ ഇരുവശവും ചെറിയ വനത്തിന്റെ പ്രതീതിയിലെന്നപോലെ തോന്നിപ്പിക്കുന്ന കാര്‍യാത്ര. കാലാവസ്ഥ ചൂടാണെങ്കിലും നേർത്ത തണുത്ത കാറ്റില്‍ അന്തരീക്ഷത്തിന് നേരിയ കുളിർമ്മയുണ്ട്.

ഈ വർഷം അമേരിക്കയില്‍ ചൂട് പതിവിലും കൂടുതലാണെന്ന് മകള്‍ പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനം ഇവിടെയും അനുഭവപ്പെടുന്നു. അതെ സമയം ശൈത്യകാലത്ത് തണുപ്പിനോടൊപ്പം കനത്ത മഞ്ഞു വീഴ്ചയും ഉണ്ടാകുന്നു. നിരത്തിലെ മഞ്ഞു നീക്കാന്‍ പ്രത്യേക മഞ്ഞുവാരി വാഹനങ്ങള്‍ തന്നെയുണ്ട്‌.

അതിസുന്ദരമാണ് മകളുടെ വീട്. രണ്ടു നിലയില്‍പണിത വീട് സെൻട്രല്‍ എസിയും സെൻട്രല്‍ ഹീറ്റിംഗും ഉള്ളതാണ്. അമേരിക്കയില്‍ വീടുകളുടെ മാതൃക എല്ലായിടത്തും ഏകദേശം ഒരു പോലെയാണ്. വിസ്തീർണ്ണത്തിലെ വ്യത്യാസം ഒഴിച്ചാല്‍ എല്ലാ വീടുകളും പണിയുന്നത് മരം ഉപയോഗിച്ചാണ്. പുറംമേനി മാത്രം വിവിധ നിറങ്ങളിലുള്ള ഇഷ്ടിക ഉപയോഗിക്കും.

(മകളുടെ വീടിന്റെ മുൻവശം)


പച്ചപ്പും പൂന്തോട്ടങ്ങളും എല്ലാ വീടുകള്‍ക്കും നിർബന്ധമാണ്. മനോഹരമായ ഒരു നാടിന്റെ ജീവിതവും അവിടത്തെ അച്ചടക്കവും പ്രകൃതിയുടെ ശാന്തതയും നിയമത്തോടുള്ള ആദരവും സാമൂഹിക ചിട്ടയും ഈ നാടിനെ വേറിട്ടു നിർത്തുന്നു. പച്ചപ്പ് നിറഞ്ഞ വഴിയോരങ്ങളും പരസ്പരം സഹായിക്കുന്ന മനുഷ്യരെയും നമുക്കിവിടെ കാണാൻ കഴിയും.


വർത്തമാനകാലത്തില്‍ അവർ നേടിയെടുക്കുന്ന നല്ല ശീലങ്ങള്‍ അടുത്ത തലമുറയിലേക്ക് പകർന്നു നല്‍കും വിധത്തിലാണ് ഇവിടെ വിദ്യാഭ്യാസ സമ്പ്രദായം. എലിമെന്ററി, മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍ എന്നീ തട്ടുകളിയായാണ് വിദ്യഭ്യാസ ഘടന.

പതിനാറാം വയസ്സില്‍ ഡ്രൈവിങ്ങ് അനുവദനീയമായതിനാല്‍ 11,12 ക്‌ളാസ്സുകളിലെ കുട്ടികള്‍ക്ക് വേണമെങ്കില്‍ സ്വയം കാറോടിച്ച്‌ സ്കൂളില്‍ പോകാം, അവിടെ അവർക്ക് ഗ്രേഡ് അടിസ്ഥാനത്തില്‍ ഫ്രീ കാർപാർക്കിങ് അനുവദിക്കും.

ഇരുപതോ മുപ്പതോ വീട്ടുടമകള്‍ക്കായി ഓരോ ക്ലബ്ബ് ഹൗസും, സ്വിമ്മിങ് പൂളുകളും ഉണ്ടാകും. എല്ലാ വീടുകളും സാധാ അടഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ആള്‍താമസം ഇല്ലാത്തപോലെ.


കാരണം വീടുകളില്‍ താമസിക്കുന്നവരാരും ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാറില്ല. അതുകൊണ്ട് തന്നെ അയല്‍പക്ക ബന്ധങ്ങള്‍ ഒട്ടും ഇല്ല. നടക്കാനിറങ്ങുബോഴോ, കാറില്‍ കയറുമ്പോഴോ തമ്മില്‍ കാണുമ്പോള്‍ 'ഹായ്' 'ബായ്' ബന്ധങ്ങളാണിവിടെ അധികവും.


(പണിതീരാത്ത പുതിയ വീടുകളുടെ മാതൃക)

പത്തോ പതിനഞ്ചോ ഏക്കറില്‍ നിർമ്മിക്കുന്ന കമ്യൂണിറ്റി ഹൗസിങ് സിസ്റ്റത്തിലെവിടെയും ഒരു ഗ്രോസറി ഷോപ്പോ മറ്റു ഷോപ്പുകളോ കാണാറില്ല. എല്ലാം സാധനങ്ങളും ആമസോണ്‍ മുതലായ ഓണ്‍ലൈനിലൂടെ വീട്ടില്‍ എത്തുന്ന പതിവ് കാഴ്‌ച ഈ നാട്ടില്‍ എല്ലായിടത്തും കാണുക. ഗ്രാൻഡ് ഷോപ്പിംഗ് ആവശ്യമെങ്കില്‍ വാള്‍മാർട്ട്, കോട്സ് മുതലായ വമ്പൻ സൂപ്പർമാർക്കറ്റുകളില്‍ പോവണം.

ഇവിടങ്ങളില്‍ ജീവിതം യാന്തികമാണ്. വിരല്‍തുമ്പില്‍ എല്ലാം പ്രവര്‍ത്തിക്കുന്നു. വീട്ടില്‍ ആവശ്യമായ എല്ലാ സാധനങ്ങളും ഓണ്‍ ലൈനില്‍ വാങ്ങാം. മറ്റൊരു കാര്യം ഇവിടെ എല്ലാവരും തിരക്കിലാണ് പ്രത്യേകിച്ച്‌ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന വീടുകളില്‍.

വീട്ടിലായാലും, പുറത്തായാലും, മറ്റൊരിടത്തേക്കുള്ള സന്ദർശനമായാലും എല്ലാം ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും പ്രവർത്തനം. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും രൂപപ്പെടുത്താൻ കഴിയുമാറാണ് ഇന്നാട്ടിലെ ജീവിത രീതി.

ഇവിടെ ഹ്രസ്വകാലത്തേക്കായാലും സ്ഥിരതാമസത്തിനായാലും നാമറിയാതെ ഇവിടത്തെ ജീവിത രീതിയോട് ഇണങ്ങിച്ചേരുക അനിവാര്യമായിത്തീരുന്നു.


കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള സൗഹൃദം പതിവുപോലെ വാട്ട്‌സ്‌അപ്പും സ്കൈപ്പിലുമായി നടക്കുന്നു. കണ്ടുമുട്ടലുല്‍ വളരെ ചുരുക്കം. മലയാളികൂട്ടായ്മകള്‍ ഉണ്ടെങ്കിലും അവർ ഒത്തുചേരുക ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ മാത്രം.


രാവിലെ നടക്കാനിറങ്ങിയപ്പോള്‍ രണ്ടുമൂന്നിടത്ത് രവിശങ്കറിന്റെ ചിത്രം പതിച്ച പരസ്യ ബോർഡുകള്‍ കണ്ടു, അടുത്തയാഴ്ച അദ്ദേഹത്തിന്റെ പരിപാടികള്‍ ഷാർലെറ്റില്‍ നടക്കുന്നുണ്ട്.

ഇടക്കൊക്കെ കലാപരിപാടികളും സംഗീത കണ്‍സേർട്ടുകളും നടക്കാറുണ്ട്. ഇന്ത്യൻ/മലയാളി അസോസിയേഷനുകള്‍ ധാരാളമുണ്ട്. അവർ ഒരുമിച്ചോ കൂട്ടമായോ ധാരാളം പരിപാടികള്‍ സംഘടിപ്പിന്ന പതിവ് ഗള്‍ഫിലെ പോലെ ഇവിടെയും ഉണ്ട്.

നീണ്ട ഹൈവേയുടെ ഇരുവശവും നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്, അവിടെ നമ്മുടെ നാട്ടിലെ നിരത്തുകള്‍ക്ക് അനുകരിക്കാവുന്ന ഒരു നൂതന ഐഡിയ കാണാൻ സാധിച്ചു. ഓരോ ഇരുപതോ മുപ്പതോ മൈലുകള്‍ കൂടുമ്പോഴും 'എഡോപ്റ്റ് ഹൈവേ' എന്ന പരസ്യം. അതില്‍ സ്പോണ്‍സർ ചെയ്ത കമ്പനിയുടെ പേരുവിവരങ്ങള്‍ കാണാം.

കൗതുകത്തോടെ ഞാൻ തിരക്കി. ഈ ഹൈവേയുടെ അറ്റകുറ്റപണികള്‍ ഒരു നിശ്ചിത കാലാവധിയില്‍ ബോർഡില്‍ എഴുതിയ കമ്പനി ചെയ്തിരിക്കണം. നമ്മുടെ പൊതുമരാമത്തു വകുപ്പിന് സഹായകരമാവുന്ന ഈ രീതി എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ നടപ്പിലാക്കിക്കൂടാ.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നമ്മുടെ നിരത്തുകള്‍ക്ക് ഇത്തരം 'എഡോപ്റ്റ് എ റോഡ്' പദ്ധതി മോക്ഷം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. സർക്കാരിന്റെ കാശിനായി കോണ്‍ട്രാക്ടർ കാത്തിരിക്കേണ്ടിവരില്ല.


അതേപോലെ എല്ലായിടത്തും പേ പാർക്കിങ് സിസ്റ്റം ഉണ്ട്. എവിടെയും ഫ്രീ പാർക്കിംഗ് അനുവദനീയമല്ല. കോഴിക്കോട് ബീച്ച്‌ പോലുള്ളിടത്തും റോഡരികിലും സിസ്റ്റമാറ്റിക്കായി ആധുനിക സാങ്കേതിക മെഷിനുകള്‍ നാട്ടി ഫീ പാർക്കിങ് തുടങ്ങുന്നതോടെ അച്ചടക്കമുള്ള, സർക്കാരിന് വരുമാനമുണ്ടാവുന്ന ഒരു പാർക്കിങ് സംബ്രദായം കൊണ്ടുവരുന്നത് നമ്മുടെ നാടിന് നല്ലതാകും.


മതിലുകളില്ലാത്ത വീടുകള്‍

ഇവിടങ്ങളില്‍ വീടുകളുടെ എലിവേഷന്‍ ഏകദേശം ഒരേപോലെയാണ്. അതിമനോഹരമായ മേല്‍കൂരയുള്ള വീടുകള്‍. വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന മതിലുകള്‍ ഒരിടത്തും കാണാൻ കഴിയില്ല.

അങ്ങനെ ചുറ്റുമതില്‍ കെട്ടാത്ത ഈ വീടുകള്‍ സുരക്ഷിതവും വൃത്തിയുള്ളതുമായി തീരുന്നത് ഇവിടത്തെ താമസിക്കുന്ന കമ്യൂണിറ്റിയുടെ വിശ്വാസത്തെയും മുനിസിപ്പാലിറ്റിയുടെയും സര്‍ക്കാരിന്‍റെയും ഉത്തരവാദിത്വ പൂർണ്ണമായ മേല്‍നോട്ടവും കൊണ്ടാണ്.

നിരത്തുകളും വഴിയോരങ്ങളും അതിമനോഹരമായി കൊണ്ടുനടക്കുന്നതില്‍ താമസക്കാരും അതുപോലെ സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.


സ്വന്തം തൊടിയിലെ ലോണ്‍ (പുല്‍ത്തകിടി) സമയാസമയങ്ങളില്‍ വെട്ടി വൃത്തിയാക്കിയില്ലെങ്ങില്‍ മുനിസിപ്പാലിറ്റി നിരീക്ഷിക്കുക്കയും അവര്‍തന്നെ വെട്ടിമാറ്റി താമസക്കരില്‍നിന്നു ഫൈന്‍ ഈടാക്കുകയും ചെയ്യും. അതുപോലെ വെയിസ്റ്റ് മാനേജ്മെന്‍റ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനാല്‍ ഒരു തരി കച്ചറകള്‍ എവിടെയും കാണില്ല.


ആഴ്ചയില്‍ രണ്ടു തവണ മുനിസിപ്പാലിറ്റി ട്രക്കുകള്‍ ഓരോ വീടിന്റെയും പുറത്ത് സൂക്ഷിച്ച വലിയ വെയ്സ്റ്റ് ഡ്രമ്മില്‍ നിന്നും വെയ്സ്റ്റ് കൊണ്ടുപോകും. അങ്ങനെ കൊണ്ടുപോവുന്ന കച്ചറകള്‍ വെയ്സ്റ്റ് ടു എനർജി (waste to Energy) WTE പദ്ധതിയിലൂടെ പ്രത്യുല്‍പാദനശേഷി കൈവരിക്കുന്നു.

വീടുകളില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഏതു സാധനങ്ങളും മുനിസിപ്പാലിറ്റിയെ അറിയിച്ചാല്‍ അവർ കൊണ്ടുപോവും, അപ്പോയ്ന്റ്മെന്റ് അനുസരിച്ഛ് മാത്രം. കൂടാതെ ഇലക്‌ട്രോണിക് വെയ്സ്റ്റ് നമുക്കുതന്നെ അത് ശേഖരിക്കുന്ന പ്രത്യേക റീസൈക്ലിങ് ഇടങ്ങളില്‍ ചെലവില്ലാതെ കൊണ്ട് തള്ളാം.

മറ്റൊന്ന് ഇവിടെ ഡ്രൈവിംഗ് സീറ്റ് ഇടതു വശമത്താണ്, എന്നാല്‍ വലതുവശം ഡ്രൈവിംഗ് സീറ്റുള്ള ഒരേ ഒരുവാഹനം നിരത്തില്‍ ഓടുന്നുണ്ട്, വലതുവശം ചേര്‍ന്ന ഈ വാനിന്‍റെ പുറകില്‍ ചുകന്ന അക്ഷരത്തില്‍ എഴുതിയ ഒരു വാചകം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. 'സൂക്ഷിക്കുക ! ഈ വാഹനം ഇടിക്കിടെ ബ്രേക്ക്‌ ചവിട്ടും'.

(ഇടയ്ക്കിടെ ബ്രെക് ചവിട്ടുന്ന വാഹനം)

എത്ര സൂക്ഷ്മതയോടെടെയുള്ള മുന്നറിയിപ്പ്. കാരണം എന്തെന്നോ ഈ വാനിലാണ് അവിടത്തെ പോസ്റ്റല്‍ സര്‍വീസ് നടത്തുന്നത്. വലത്തുവശത്തിരിക്കുന്ന ഡ്രൈവര്‍ക്ക് ഇറങ്ങാതെ തന്നെ ആവശ്യമുള്ള കത്തുകള്‍ വീടുനുമുമ്പില്‍ സ്ഥാപിച്ച 'ലെറ്റര്‍ ബോക്സില്‍' നിക്ഷേപിക്കാനുള്ള സൌകര്യത്തിനാണ് ഈ വാഹനത്തിന് റൈറ്റ് ഹാന്‍ഡ്‌ ഡ്രൈവിംഗ് അനുവദിച്ചത്.

നിയമങ്ങള്‍ മനുഷ്യന്റെ സൌകര്യത്തിനുവേണ്ടി നിര്‍മിച്ചതിന്റെ മറ്റൊരുദാഹരണം. അച്ചടക്കമുള്ള ഡ്രൈവിങ്ങാണ് മറ്റൊരു പ്രത്യേകത, ആരും തന്നെ നിയമങ്ങള്‍ ലങ്കിക്കാറില്ല.


വിജനമായ റോഡാണെങ്കില്‍ പോലും അനുവദനീയ സ്പീഡില്‍ വണ്ടികള്‍ ഓടിക്കുന്നു. നിയമം തെറ്റിച്ചാല്‍ ക്യമറയില്‍ പകർത്തുകയും പിഴ വാഹന ഉടമയില്‍ നിന്നും ഈടാക്കുകയും ചെയ്യും.


ഒരു ഗ്രാമത്തിലൂടെയുള്ള യാത്ര

ചാള്‍സ്ടണ്‍ നഗരം കണ്ടു തിരിച്ചുവരുമ്പോള്‍ മറ്റൊരു ഹൈവേയിലൂടെ ഉള്‍നാടൻ പ്രദേശങ്ങള്‍ കാണാമെന്നായി. വീതികൂടിയ രണ്ടുവരി പാതക്കിരുവശവും നീണ്ട പാടങ്ങള്‍.

അമേരിക്കൻ കർഷകർ ആധുനിക ഉപകരങ്ങളുടെ സഹായത്തോടെ ചോളവും, ഗോതമ്പും, പരുത്തിയും കൃഷി ചെയ്യന്നു. മൈലുകളോളം നീണ്ട പടത്തില്‍ മറ്റൊരിടത്ത് പഴങ്ങളും ധാന്യങ്ങളും ധാരാളം.


ചോളക്കൃഷിയില്‍ നിന്നാണ് ഇവിടെ എഥനോള്‍ ഉല്‍പാതിപ്പിക്കുന്നത്. ഇവിടെയും പെട്രോളില്‍ എഥനോള്‍ കലർത്തുണ്ട്. പെട്രോള്‍ പമ്പുകളില്‍ 'എഥനോള്‍ ഫ്രീ' യും കിട്ടും. എഥനോളിന്റെ ഉപയോഗം ഒരു ആഗോള പ്രതിഭാസമായിരിക്കുകയാണ്.


(അമേരിക്കയിലെ കൃഷിപ്പാടങ്ങള്‍)

ഗ്രാമങ്ങളില്‍ കാണുന്ന മറ്റൊരു പ്രത്യേകത ശ്രദ്ധിക്കാതിരിക്കാനായില്ല, കാരണം ഉള്‍നാടുകളിലെ താമസക്കാരില്‍ നല്ല ശതമാനവും വിശ്വാസികളാണ്. അതുകൊണ്ട് തന്നെ മൂന്നുമണിക്കൂർ നീണ്ട ഞങ്ങളുടെ യാത്രയില്‍ മുപ്പതോളം ചർച്ചുകള്‍ കാണാനിടയായി.


കൃഷിക്കാരായ ഗ്രാമീണർ പ്രാർത്ഥനക്ക് പ്രാധാന്യം നല്‍കുമ്പോള്‍ നഗരങ്ങളില്‍ ചർച്ചുകള്‍ വളരെ ചുരുക്കമാണെന്നതും കൂട്ടി വായിക്കണം. നഗരങ്ങളിലെ പോലെ വലിയ കെട്ടിടങ്ങള്‍ ഇവിടെ ഒട്ടും ഇല്ല. എല്ലാം ഒറ്റപ്പെട്ട ഒറ്റ നില വീടുകള്‍.


ഹൈവേയുടെ ഇരുവശവും വിജനവും ശാന്തവുമാണ്. കൃഷിയുടെ ധന്യതയില്‍ പച്ചപ്പിന്റെ മഹാപാടങ്ങള്‍ ഞങ്ങള്‍ക്കു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നു.

(അമേരിക്കൻ ഗ്രാമത്തിലെ ചർച്ച്‌)

എന്നാല്‍ രാക്ഷ്ട്രീയത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അമേരിക്കയുടെ ഇരട്ടത്താപ്പും ഭരണകൂടത്തിന്റെ താന്തോണിത്വങ്ങളും ലോകത്തില്‍ പലരും വിലയിരുത്തുന്നത് വ്യത്യസ്തമായിരിക്കും.

ഓരോ രാഷ്ട്രത്തിനും അവരുടേതായ ഫോറില്‍ പോളിസികളും രാക്ഷ്ട്രീയ ലക്ഷ്യങ്ങളുമുണ്. മാറിമാറി വരുന്ന ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ചർച്ചയാവാറുണ്ട്.


അമേരിക്ക നമ്പർ വണ്‍ ആക്കാനുള്ള ഭരണകൂടത്തിന്റെ തത്രപ്പാടില്‍ അവരറിയാതെ അവർക്ക് ശത്രുക്കള്‍ ഏറിവരുന്നു. എന്നിരുന്നാലും അതൊക്കെ വാഷിംഗ്ട്ടണിലെ ഓവല്‍ മുറികളില്‍ ഒതുക്കി നിർത്തുന്നു.


ഇവിടത്തെ സാധാരണ മനുഷ്യർക്ക് അതൊന്നും അറിയാൻ ആഗ്രഹമില്ല. അമേരിക്കൻ വിദേശനയത്തോടുള്ള വിദേശികളുടെ വീക്ഷണങ്ങള്‍ പലപ്പോഴും സമ്മിശ്രമാണെന്ന് എനിക്ക് തോന്നുന്നു.

പലരും അമേരിക്കയെ അതിന്റെ ജനാധിപത്യം, സാങ്കേതിക നേട്ടങ്ങള്‍, സാമ്പത്തിക ശക്തി, ആഗോള നേതൃത്വം എന്നിവയ്ക്ക് അഭിനന്ദിക്കുമ്പോള്‍, മറ്റുള്ളവർ ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘർഷങ്ങളിലും അതിന്റെ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്നു.


പക്ഷെ, സാധാരണ അമേരിക്കക്കാർ പലപ്പോഴും വൈറ്റ് ഹൗസില്‍ എടുക്കുന്ന തീരുമാനങ്ങളെക്കാള്‍ അവരുടെ കുടുംബങ്ങള്‍, ജോലികള്‍, സമൂഹങ്ങള്‍, ദൈനംദിന ജീവിതങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.


സുരക്ഷിതമായും സമാധാനപരമായും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്നിടത്തോളം, അമേരിക്ക വലിയ അന്താരാഷ്ട്ര സംഘർഷങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുമ്പോഴും പലരും അവരുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതായി ആഗ്രഹിക്കുന്നു.

ഒരുപക്ഷേ ഇത് ഒരു ശക്തമായ രാജ്യത്തിന്റെ ഏറ്റവും വലിയ യാഥാർത്ഥ്യങ്ങളിലൊന്നായിരിക്കാം: വിദേശനയം ലോകത്തെ രൂപപ്പെടുത്തിയേക്കാം,

എന്നാല്‍ സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം, ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട അളവുകോല്‍ അതിന് സമാധാനവും സുരക്ഷയും വീട്ടില്‍ മെച്ചപ്പെട്ട ജീവിതവും നല്‍കാൻ കഴിയുമോ എന്നതാണ്.

-ഹസ്സൻ തിക്കോടി (hassanbatha@gmail.com from Charlotte NC- USA)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online