
ന്യൂഡല്‍ഹി: ജന്തർ മന്തർ വിദ്യാർഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ റദ്ദാക്കാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ, പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പിൻവലിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തില്‍ ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ചാണ് സംഘടന പിൻവലിച്ചത്.
വിദ്യാർഥിക്കള്‍ക്കെതിരെയുള്ള 13 എഫ്‌ഐആറുകള്‍ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം റദ്ദാക്കണമെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കിയ നടപടിയെ സിജെപി സ്വാഗതം ചെയ്തു.
ഡല്‍ഹിയിലെ കേസുകള്‍ പിൻവലിക്കാൻ കേന്ദ്രം തയ്യാറായ പശ്ചാത്തലത്തിലാണ് മാർച്ച് പിൻവലിക്കുന്നതെന്നും, എന്നാല്‍ എൻഡിഎ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വിദ്യാർഥികള്‍ക്കെതിരായ സമാന കേസുകള്‍ പിൻവലിക്കാൻ നടപടിയുണ്ടാകണമെന്നും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നല്‍കുന്ന വിഷയത്തില്‍ സർക്കാരുമായി നടത്തിയ ചർച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായി സിജെപി നേതൃത്വം അറിയിച്ചു.
ബ്രിക്സ് ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ സിജെപിയുടെ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജിയില്‍ ഇടപെടാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ വിദ്യാർഥികള്‍ക്ക് അനുകൂലമായ തുടർനടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കോടതിയില്‍ ഉണ്ടായതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ സംഘടന തീരുമാനിച്ചത്.
