Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് നാളെ അറിയാം. നിയമസഭയില്‍ നാളെ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും. ബഹുമുഖ വീക്ഷണങ്ങളുളള സതീശന്‍ ടച്ച്‌ നയപ്രഖ്യാപനത്തിലുണ്ടാവും. ഉപേക്ഷിച്ച സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി പ്രഖ്യാപിക്കും. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള പ്രഖ്യാപനവും വരും. ഇന്ദിരാ ഗ്യാരന്റികളും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും നയപ്രഖ്യാപനത്തിലുണ്ടാവും

Sathyam Online 1 week ago

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തുറന്നുകാട്ടിയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പ്രഖ്യാപനം നടത്തിയും വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യത്തെ നയപ്രഖ്യാപനം നാളെ.

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണ് നാളെ.


ജൂണ്‍ 1,2,3 തീയതികളിലാണ് നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചര്‍ച്ച. നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന പതിവ് നയപ്രഖ്യാപനത്തിന് വിരുദ്ധമായി ബഹുമുഖ വീക്ഷണങ്ങളുളള സതീശന്‍ ടച്ച്‌ നയപ്രഖ്യാപനമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗം നയപ്രഖ്യാപനം അംഗീകരിച്ച്‌ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.


കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും കടമെടുപ്പ് തടയുന്നതിനെ എതിര്‍ത്തുമൊക്കെയായിരുന്നു പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങള്‍.

നികുതി വരുമാനം കുറയുകയും ദുര്‍ചെലവുകളും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ആ യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ച്‌ കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന പ്രസ്താവനയാണ് നയപ്രഖ്യാപനത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് പലവട്ടം വിമര്‍ശിച്ച വി.ഡി സതീശന്റെ ആദ്യ നയപ്രഖ്യാപനം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. ഇന്ദിരാ ഗ്യാരന്റിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് എന്നീ വാഗ്ദാനങ്ങള്‍ നടപ്പാക്കി കഴിഞ്ഞു. ശേഷിക്കുന്ന ഗ്യാരന്റികളും നടപ്പാക്കുമെന്ന ഉറപ്പ് നയപ്രഖ്യാപനത്തില്‍ ഉണ്ടാവും.

ജനങ്ങളുടെ രോഷത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചും ഭൂമി ഡീ നോട്ടിഫൈ ചെയ്തും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

മഞ്ഞക്കുറ്റിയിടല്‍ പ്രതിഷേധത്തിനെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാനും ഉത്തരവിറക്കി. എന്നാല്‍ അതിവേഗ റെയില്‍യാത്ര കേരളത്തില്‍ തരംഗമായി മാറിയിരിക്കെ, റെയില്‍വേയുമായി ചേര്‍ന്ന് തെക്കു- വടക്ക് അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കുമെന്ന യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നയപ്രഖ്യാപനത്തിലും ഉള്‍പ്പെടും.


കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പാതയ്ക്കുള്ള പദ്ധതി രേഖ മെട്രോമാന്‍ ഇ.ശ്രീധരന്‍ തയ്യാറാക്കിയിട്ടുണ്ട്. ശ്രീധരനുമായി ചേര്‍ന്ന് അതിവേഗ റെയില്‍ നടപ്പാക്കാനുള്ള ശ്രമമായിരിക്കും വി.ഡി സതീശന്‍ സര്‍ക്കാര്‍ നടത്തുകയെന്നാണ് വിവരം. എന്തായാലും സര്‍ക്കാരിന്റെ പുതിയ അതിവേഗ റെയില്‍പാത നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.കേരളത്തെ തുറമുഖ നഗരമാക്കാനുള്ള പ്രഖ്യാപനവും വരും.


ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള പ്രഖ്യാപനങ്ങളായിരിക്കും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുണ്ടാവുക. എല്ലാം ഘടകകക്ഷികളോടും സതീശന്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളാവും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉണ്ടാവുക. യു.ഡി.എഫ്. പ്രഖ്യാപിച്ച അഞ്ച് ഗാരന്റികള്‍ നടപ്പാക്കുക എന്നതായിരിക്കും നയപ്രഖ്യാപനത്തിലെ പ്രധാന അജന്‍ഡ. സര്‍ക്കാരിന്റെ പുതുയുഗ രീതി പ്രകടിപ്പിക്കുന്നതാവും നയപ്രഖ്യാപനമെന്നാണ് അറിയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online