Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വി.ഡി.എസ് സര്‍ക്കാര്‍ ഭരണം തുടങ്ങീട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണചക്രം തിരിക്കുന്നത് പിണറായിയുടെ വിശ്വസ്തന്‍ ഡോ. എ. ജയതിലക്; പിണറായി സര്‍ക്കാരിന്റെ അതൃപ്തിയില്‍ സസ്പെൻഷനിലായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും തിരിച്ചെടുക്കുമെന്ന വാഗ്ദാനവും യു.ഡി.എഫ് പാലിച്ചില്ല, ആദ്യ 10 ദിവസംകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി ശക്തം

Sathyam Online 2 weeks ago

തിരുവനനന്തപുരം: ഏറെ പ്രതീക്ഷകളോടെ അധികാരത്തില്‍ വന്ന വി.ഡി.സതീശൻെറ നേതൃത്വത്തിലുളള യു.ഡി.എഫ് സർക്കാരിൻെറ ആദ്യ പത്ത് ദിവസത്തെ പ്രവർത്തനങ്ങളില്‍ സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി.

എല്‍.ഡി.എഫ് സർക്കാരിൻെറ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻെറ ചാവേർ പോലെ പ്രവർത്തിച്ചിരുന്ന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തന്നെ ഇപ്പോഴും ഭരണം നിയന്ത്രിക്കുന്നതാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയില്‍ യുഡിഎഫ് സർക്കാരിനോട് അമർഷം പുകയാൻ കാരണം.

മുൻ സർക്കാരിൻെറ വേട്ടയാടലിന് വിധേയമായി സസ്പെൻഷൻ നടപടി നേരിട്ട പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് ,എൻ.പ്രശാന്ത് എന്നിവരെ സർവീസില്‍ തിരിച്ചെടുക്കുമെന്ന വാഗ്ദാനം പാലിക്കാത്തത് ഭരണചക്രം തിരിക്കുന്നത് ഇപ്പോഴും എല്‍.ഡി.എഫിൻെറ വിശ്വസ്തനായ ഡോ.എ ജയതിലകാണ് എന്നതിൻെറ വ്യക്തമായ തെളിവാണെന്ന് ഐ.എ.എസുകാർ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിൻെറ പേരില്‍ സസ്പെൻറ് ചെയ്യപ്പെട്ട അശോകിനെ സർക്കാർ അധികാരത്തിലേറി ആദ്യ ദിവസം തന്നെ തിരിച്ചെടുക്കുമെന്നായിരുന്നു ഇപ്പോഴത്തെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ നല്‍കിയിരുന്ന ഉറപ്പ്. അശോകിനെതിരായ സസ്പെൻഷനോട് പ്രതികരിച്ച്‌ കൊണ്ടുളള പ്രസ്താവനയില്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കഴിഞ്ഞ 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയ സർക്കാർ 10 ദിവസം പിന്നിട്ടിട്ടും ഇതുവരെ നടപടിയൊന്നുമില്ല.അശോകിനെയും പ്രശാന്തിനെയും തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കണെമന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതാണ്.എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ ചർച്ച വേണ്ടെന്നും തീരുമാനം താൻ കൈക്കൊണ്ടുകൊളളാം എന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻെറ പ്രതികരണം.

ഓള്‍ ഇന്ത്യാ സർവീസസ് മുഖ്യമന്ത്രിയ്ക്ക് കീഴിലുളള വകുപ്പായതിനാല്‍ തീരുമാനം തൻെറ വഴിക്ക് വരണമെന്ന താല്‍പര്യമാണ് വി.ഡി.സതീശൻ പ്രകടിപ്പിച്ചത്.ഇത് തിരിച്ചറിഞ്ഞ് ഐ.എ.എസ് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ ഡോ.ബി.അശോക് മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നടപടി വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ചു.രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേർന്ന ഈമാസം 20ന് ആയിരുന്നു ആദ്യ കൂടിക്കാഴ്ച.

ഡല്‍ഹിയില്‍ പോയി മടങ്ങിവന്നാലുടൻ ഉത്തരവ് ഇറക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മുഖ്യമന്ത്രി അശോകിനെ തിരിച്ചയച്ചത്.എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഒരിക്കല്‍ കൂടി അശോക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. അപ്പോഴും ഉറപ്പ് ആവർത്തിച്ചു എന്നല്ലാതെ സസ്പെൻഷൻ പിൻവലിക്കുന്നതില്‍ ഒരനക്കവും ഉണ്ടായിട്ടില്ല.ഒരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ആണെന്നാണ് സെക്രട്ടേറിയേറ്റ് വിഭാഗത്തിലുളള കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാക്കളുടെയും കുറ്റപ്പെടുത്തല്‍.ഏറെ വിവാദമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി നിയമനത്തിന് പിന്നിലും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ആണെന്നാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ പറയുന്നത്.ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന രത്തൻ യു.ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത് വിവാദമാകുമെന്ന് അറിഞ്ഞ് കൊണ്ടാണ് ചീഫ് സെക്രട്ടറി ആ പേര് നിർദ്ദേശിച്ചതെന്നാണ് ആക്ഷേപം.

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഓഫീസില്‍ നിയമിച്ചതിനെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്ത് വന്നതിന് ശേഷമാണ് കേരളത്തില്‍ സമാനമായ നിയമനം നടന്നത്.വി.ഡി.സതീശൻ സർക്കാരിന് മേല്‍വീണ ആദ്യത്തെ വിവാദമായി അത് മാറുകയും ചെയ്തു. ജയതിലകും അദ്ദേഹത്തോടൊപ്പം നിന്ന് പിണറായി സർക്കാരിന് വേണ്ടി വിടുപണി ചെയ്ത ഉദ്യോഗസ്ഥരും നിർണായക തീരുമാനങ്ങളില്‍ പങ്കാളിയാകുന്നതിൻെറ മറ്റൊരു തെളിവാണ് ജില്ലാ കളക്ടർമാരുടെ മാറ്റമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.എ.ഡി.എം നവീൻ ബാബുവിൻെറ ആത്മഹത്യയില്‍ ആരോപണ വിധേയനായ കണ്ണൂർ കളക്ടർ അരുണ്‍.കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമനം നല്‍കിയത് ഇതിൻെറ തെളിവാണെന്നാണ് ആക്ഷേപം.

മന്ത്രിസഭയില്‍ ചർച്ചക്ക് വെയ്ക്കുകയോ ബന്ധപ്പെട്ട മന്ത്രിമാരുമായി പ്രത്യേകം ആലോചിക്കാതെയും കളക്ടർമാരെ മാറ്റിയതിന് പിന്നില്‍ ജയതിലകിൻെറ ഉപദേശമാണ്.പിണറായി സർക്കാരിൻെറ കാലത്താണ് മന്ത്രിസഭാ യോഗത്തില്‍ ചർച്ചചെയ്യാതെ കളക്ടർമാരുടെ മാറ്റം മുഖ്യമന്ത്രി തന്നെ തീരുമാനിച്ച്‌ ഉത്തരവിറക്കുന്ന പതിവ് തുടങ്ങിയത്.യു.ഡി.എഫ് ഭരണകാലത്തൊന്നും ഈ പതിവ് ഉണ്ടായിരുന്നില്ല.അത് മറന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ച്‌ വിവാദ തീരുമാനത്തിലേക്ക് എത്തിച്ചത് ജയതിലകും പാർശ്വവർത്തികളുമാണെന്ന് സെക്രട്ടേറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളും ആരോപിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുമായുളള ചർച്ചകളിലും കൂടിക്കാഴ്ചകളിലും മുഖ്യമന്ത്രി അവരെ കേള്‍ക്കാൻ തയാറാകാത്തതിലും ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്.വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്യുമ്പോള്‍ അക്ഷമ കാണിക്കുന്ന മുഖ്യമന്ത്രി പലപ്പോഴും ഇതൊക്കെ തനിക്ക് അറിയാവുന്ന വിഷയമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതും പതിവായിക്കഴിഞ്ഞു.ഉദ്യോഗസ്ഥരെ ക്ഷമാ പൂർവം കേള്‍ക്കാൻ തയാറാകാത്തവർ നല്ല ഭരണാധികാരികളാകാൻ കഴിയില്ലെന്നും ഈ ശൈലി തിരുത്തിയില്ലെങ്കില്‍ ഭരണനടപടികള്‍ താളം തെറ്റുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു.

പല മുഖ്യമന്ത്രിമാരെയും ഉപദേശിച്ചു വഷളാക്കിയിട്ടുളള സെക്രട്ടറിയേറ്റിലെ താപ്പാനകള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അതേപോലെ ഉപദേശിച്ചു ജനവിരുദ്ധരാക്കാൻ നോക്കുന്നുണ്ടെന്നാണ് ഭരണവൃത്തങ്ങളില്‍ നിന്നുയരുന്ന വിമർശനം.ഉദ്യോഗസ്ഥ വിന്യാസത്തിലും സ്ഥലം മാറ്റങ്ങളിലും എല്ലാം പിണറായി ഭരണകാലത്ത് നിർണായക സ്വാധീനശക്തികളായിരുന്ന ഇത്തരക്കാരുടെ സ്വാധീനം പ്രകടമാണ്.മുഖ്യമന്ത്രിക്ക് കീഴിലുളള ഇൻഫർമേഷൻ ആൻറ് പബ്ളിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുളള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം.സിപിഎം ഭരണ കാലത്ത് നിർണായക തസ്തികയില്‍ ഇരുന്ന് ക്രമവിരുദ്ധമായ നടപടികള്‍ എടുത്ത ഉദ്യോഗസ്ഥർ എല്ലാംതന്നെ സെക്രട്ടേറിയേറ്റിലെ കാര്യപ്പെട്ട തസ്തികകളിലേക്ക് മാറ്റം ലഭിച്ച്‌ സുരക്ഷിതരായി.കഴിഞ്ഞ പത്ത് കൊല്ലവും കോണ്‍ഗ്രസ് അനുകൂല നിലപാട് എടുത്ത് നിന്നതിൻെറ പേരില്‍ തലങ്ങും വിലങ്ങും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർക്ക് യുഡിഎഫ് ഭരണത്തില്‍ വന്നിട്ടും നല്ല പരിഗണന ലഭിക്കുന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online