
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' എന്ന കന്നിചിത്രത്തിലൂടെ മലയാള സിനിമയിലെ ഡാര്‍ക്ക് ഹ്യൂമര്‍ സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്.
അതുകൊണ്ടുതന്നെ അഭിനവിന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നസ്ലിന്‍ നായകനാകുന്ന 'മോളിവുഡ് ടൈംസ്' ജൂണ്‍ അഞ്ചിന് തിയറ്ററുകളിലേക്ക് എത്തുകയാണ്.
ഹൊറര്‍ സിനിമ സംവിധാനം ചെയ്യണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. റിലീസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍, തന്റെ സംവിധാന ജീവിതത്തിനു പിന്നിലെ പ്രചോദനത്തെക്കുറിച്ച് അഭിനവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിലൊരാളായ വിനയനാണ് തന്റെ കുട്ടിക്കാലത്തെ പ്രചോദനം എന്നാണ് അഭിനവ് വെളിപ്പെടുത്തിയിരിക്കുന്നത്.
വിനയന്‍ സാര്‍ സംവിധാനം ചെയ്ത 'ആകാശഗംഗ' ഇന്നും ഒരു ലെജന്‍ഡറി സിനിമയാണ്. ഞാന്‍ ഇപ്പോഴും ചിത്രം കാണാറുണ്ട്. അത്രയും മികച്ച രീതിയിലാണ് ആ ഹൊറര്‍ സിനിമ അദ്ദേഹം ഒരുക്കിയത്. അന്നത്തെ കാലത്ത്, ഡിടിഎസ് സൗണ്ട് സിസ്റ്റം വരുന്നതിനും മുന്‍പാണ് ആ സിനിമ ഇറങ്ങുന്നത്. എങ്കിലും തന്റെ സിനിമകളില്‍ പുതിയ സ്പെഷ്യല്‍ ഇഫക്റ്റുകളും പുതുമയുള്ള ശബ്ദവിന്യാസങ്ങളും കൊണ്ടുവരാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
വളര്‍ന്നുവരുന്ന പ്രായത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് വിനയന്‍ സാറിന്റെ ഈ മാജിക്കാണ്...' അഭിനവ് പറഞ്ഞു.
ആകാശഗംഗ മാത്രമല്ല, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ് എന്നീ സിനിമകളും അന്നത്തെ കാലത്ത് സാങ്കേതികമായി ഏറെ മുന്നില്‍ നിന്നിരുന്നവയാണെന്ന് അഭിനവ് പറഞ്ഞു. ഇന്നത്തെ അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ കാലത്ത് നോക്കുമ്പോള്‍ അവ ഒരുപക്ഷേ വലിയ കാര്യമായി തോന്നില്ലായിരിക്കാം, പക്ഷേ അക്കാലത്ത് അത്തരം പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കാണിച്ച ധൈര്യം തന്നെയാണ് വിനയനെ വ്യത്യസ്തനാക്കുന്നത്.
2022-ല്‍ പുറത്തിറങ്ങിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയ്ക്ക് ശേഷം വിനയന്‍ തന്റെ പുതിയ ഫാന്റസി ചിത്രം പ്രഖ്യാപിച്ച വേളയിലാണ് അഭിനവിന്റെ പ്രതികരണം എന്നതു ശ്രദ്ധേയമാണ്.
'മോളിവുഡ് ടൈംസ്' ഒരു പക്കാ എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ നസ്ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, പ്രശാന്ത് അലക്സാണ്ടര്‍, രാജേഷ് മാധവന്‍, ചന്തു സലിംകുമാര്‍ തുടങ്ങി വലിയൊരു യുവനിര തന്നെയുണ്ട്.
