Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി സുപ്രീംകോടതി

Sathyam Online 3 hrs ago

ഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി.

വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച്‌ മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി.

എന്നാല്‍ ഇത്തരം കേസുകളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍, ഹര്‍ജി അലഹാബാദ് ഹൈക്കോടതി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

ഗുജറാത്ത്, ബോംബെ ഹൈക്കോടതികള്‍ പെണ്‍മക്കള്‍ക്ക് നിയമനം നല്‍കണമെന്നും കര്‍ണാടക ഹൈക്കോടതി എതിര്‍ത്തുമായിരുന്നു ഉത്തരവുകളിട്ടത്.

കുടുംബം എന്നതിന്റെ നിര്‍വചനത്തില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹിതരായ സ്ത്രീകള്‍ കുടുംബം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലെന്നും, ആശ്രിത നിയമനത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online