Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വ്യാജ സ്വര്‍ണം പണയം വെച്ച്‌ ബാങ്ക് തട്ടിപ്പ്; 17 ലക്ഷം രൂപ തട്ടിയ മൂന്നുപേര്‍ അറസ്റ്റില്‍

Sathyam Online 1 week ago

ചക്കരക്കല്ല്: വ്യാജ സ്വർണം പണയം വെച്ച്‌ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നുപേർ ചക്കരക്കല്ല് പൊലീസിന്റെ പിടിയിലായി.


കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), മുനീർ ചന്ദ്രോത്ത് (48) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.


പെരളശ്ശേരി കോഓപറേറ്റിവ് ബാങ്കിന്റെ വെള്ളച്ചാല്‍ ഈവനിങ് ബ്രാഞ്ചിലാണ് സംഘടിതമായി തട്ടിപ്പ് നടത്തിയത്. പ്രതികളായ ധനേഷും മുനീറും ചേർന്നാണ് വ്യാജ സ്വർണാഭരണങ്ങള്‍ പലതവണയായി ഈ ബാങ്കില്‍ പണയം വെച്ചത്.

മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കമുള്ള വ്യാജ ആഭരണങ്ങള്‍ പണയംവെച്ച്‌ 17,20,000 രൂപയോളം തട്ടിയെടുക്കുകയായിരുന്നു. അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളില്‍ '916 BIS' എന്ന വ്യാജ മുദ്ര പതിപ്പിച്ചിരുന്നു.


ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളില്‍ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങള്‍ ധനേഷിനും മുനീറിനും എത്തിച്ചുനല്‍കിയത് കൂടാളി സ്വദേശിയായ ഹഫ്നാസ് ആണെന്ന് പൊലീസ് കണ്ടെത്തി.


മാനേജർ നല്‍കിയ പരാതിയിലാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി.വി. വിജയഭരത് റെഡ്‌ഡിയുടെ പ്രത്യേക നിർദേശപ്രകാരം എസ്.ഐമാരായ വിനീത് ഇ.വി, മഹേഷ്, എ.എസ്.ഐ ഷിജിത്ത് കുമാർ, സീനിയർ സി.പി.ഒമാരായ ഷിജു എൻ. വി, സനൂപ്, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online