
ഡബ്ലിന്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പായാലും ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടിലേക്ക് സ്വതന്ത്രമായി കുടിയേറാനോ തൊഴില്‍ നേടാനോ കഴിയില്ലെന്ന് ഐറിഷ് ജസ്റ്റിസ് വകുപ്പിന്റെ വിശദീകരണം.
കരാറിനൊപ്പം മുന്നോട്ടുവച്ച തൊഴിലാളി മൊബിലിറ്റിയുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ പദ്ധതികളില്‍ അയര്‍ലണ്ട് പങ്കെടുക്കില്ലെന്നാണ് നീതിന്യായവകുപ്പിന്റെ നിലപാട്.
അതേസമയം, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്ന കരാര്‍ അയര്‍ലണ്ടിലെ നിരവധി വ്യവസായ മേഖലകള്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നേക്കും. ഐറിഷ് വിസ്‌കി, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോഫ്റ്റ്വെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഇന്ത്യയിലെ വിശാലമായ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കരാര്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചര്‍ച്ചകള്‍ ജനുവരി 27നും ജൂണ്‍ അവസാനവാരവുമായി പൂര്‍ത്തിയായിരുന്നു. എന്നാല്‍ കരാര്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.
നിയമപരിശോധന, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അംഗീകാരം, യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അനുമതി, ഇന്ത്യയിലെ ഔദ്യോഗിക നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമേ കരാര്‍ നടപ്പാകൂ. 2027ന്റെ തുടക്കത്തില്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാറുകളില്‍ ഒന്നായിരിക്കും ഇത്. ഇന്ത്യയിലെ 140 കോടിയിലധികം ജനങ്ങളെയും യൂറോപ്യന്‍ യൂണിയനിലെ 45 കോടിയോളം ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന വലിയ വിപണിയാണ് ഇതിലൂടെ രൂപപ്പെടുന്നത്.
വ്യാപാരക്കരാറും കുടിയേറ്റപദ്ധതിയും രണ്ടാണ്
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറും തൊഴിലാളികളുടെ സഞ്ചാരം സുഗമമാക്കാനുള്ള പദ്ധതിയും രണ്ടുതരത്തിലുള്ള സംവിധാനങ്ങളാണ്.
വ്യാപാരക്കരാര്‍ പ്രധാനമായും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി-കയറ്റുമതി എളുപ്പമാക്കുന്നതിനാണ്. അതേസമയം, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ഐടി വിദഗ്ധര്‍, പ്രഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെ അവസരങ്ങളെക്കുറിച്ച് വിവരവും സഹായവും നല്‍കുന്നതിനായാണ് പ്രത്യേക മൊബിലിറ്റി പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്.
ഈ പദ്ധതിയില്‍ പങ്കെടുക്കണമോ എന്നത് ഓരോ യൂറോപ്യന്‍ രാജ്യത്തിന്റെയും തീരുമാനമാണ്. അയര്‍ലണ്ട് ഇതില്‍ ചേരില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.എന്നാല്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ഫ്രീ മൊബിലിറ്റി പദ്ധതി നടപ്പാക്കുമെന്ന സൂചനകളുണ്ട്.
ഇന്ത്യക്കാരെ അയര്‍ലണ്ടിലേക്ക് വലിയ തോതില്‍ കൊണ്ടുവരേണ്ട ബാധ്യത ഈ കരാറിലൂടെ അയര്‍ലണ്ടിന് ഉണ്ടാകില്ല.എങ്കിലും വിവിധ മേഖലകളില്‍ ഇതുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേക യാത്രാ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനെ അയര്‍ലണ്ട് എതിര്‍ക്കുന്നുമില്ല.
തൊഴില്‍ പെര്‍മിറ്റ് നിയമങ്ങളില്‍ മാറ്റമില്ല
ഇന്ത്യന്‍ പൗരന്മാര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ നിലവിലുള്ള തൊഴില്‍ പെര്‍മിറ്റ് നിയമങ്ങള്‍ തുടര്‍ന്നും ബാധകമായിരിക്കും.
ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റ്, ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ്, സ്റ്റഡി വിസ, അറ്റിപ്പിക്കല്‍ വര്‍ക്കിങ് സ്‌കീം തുടങ്ങിയ നിലവിലുള്ള നിയമവഴികളിലൂടെയാണ് ഇന്ത്യക്കാര്‍ക്ക് അയര്‍ലണ്ടിലെത്താന്‍ കഴിയുക..
വ്യാപാരക്കരാര്‍ ഒപ്പുവച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാനോ താമസിക്കാനോ അവകാശം ലഭിക്കില്ല. വിസ, തൊഴില്‍ പെര്‍മിറ്റ്, കുടിയേറ്റാനുമതി എന്നിവ നിര്‍ബന്ധമായും വേണം.
എന്നാല്‍ ഇന്ത്യന്‍ കമ്പനികളുടെ യൂറോപ്യന്‍ ശാഖകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്ന വിദഗ്ധര്‍, ഹ്രസ്വകാല ബിസിനസ് സന്ദര്‍ശകര്‍ തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് താല്‍ക്കാലിക യാത്രകള്‍ കൂടുതല്‍ എളുപ്പമാകാന്‍ സാധ്യതയുണ്ട്.
ഇന്ത്യയ്ക്ക് വന്‍ കയറ്റുമതി സാധ്യത
കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ ഭൂരിഭാഗം കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഇളവ് ലഭിക്കും.
വസ്ത്രം, തുണിത്തരങ്ങള്‍, ചെരുപ്പ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, രത്‌നാഭരണങ്ങള്‍, മരുന്നുകള്‍, കായികോപകരണങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ മത്സരശേഷി ലഭിക്കും.
ഐടി, സോഫ്റ്റ്വെയര്‍, പ്രഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകള്‍ക്കും കരാര്‍ ഗുണകരമാകും. ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാനും ബിസിനസ് ബന്ധങ്ങള്‍ വികസിപ്പിക്കാനും കൂടുതല്‍ അവസരം ലഭിക്കും.
ഇത് ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ കമ്പനികള്‍ക്ക് മത്സരം കൂടും
കരാര്‍ ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ നല്‍കുന്നതിനൊപ്പം ചില വെല്ലുവിളികളും സൃഷ്ടിക്കും.
യൂറോപ്യന്‍ വാഹനങ്ങള്‍, യന്ത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, വൈന്‍, മദ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ തീരുവയില്‍ ഇന്ത്യയിലെത്തും. ഇതോടെ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് യൂറോപ്യന്‍ കമ്പനികളില്‍നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും.
പ്രത്യേകിച്ച് വാഹനനിര്‍മാണം, യന്ത്രനിര്‍മാണം, രാസവസ്തു മേഖലകളില്‍ വിദേശ കമ്പനികളുടെ സാന്നിധ്യം വര്‍ധിച്ചേക്കാം.
എന്നാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, കോഴിയിറച്ചി തുടങ്ങിയ അതീവസൂക്ഷ്മ കാര്‍ഷിക മേഖലകളെ ഇന്ത്യ കരാറില്‍നിന്ന് വലിയ തോതില്‍ സംരക്ഷിച്ചിട്ടുണ്ട്.
അയര്‍ലണ്ടിന് വലിയ വിപണി തുറക്കും
അയര്‍ലണ്ടിന് കരാറിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ഇന്ത്യയിലെ വിപണി പ്രവേശനമാണ്.
ഐറിഷ് വിസ്‌കിക്ക് ഇന്ത്യയില്‍ നിലവില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. കരാര്‍ നടപ്പായാല്‍ ഇത് ഘട്ടംഘട്ടമായി കുറയും. ഇതോടെ ഐറിഷ് വിസ്‌കി കമ്പനികള്‍ക്ക് ഇന്ത്യയിലെ വലിയ വിപണിയില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ കഴിയും.
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ, സോഫ്റ്റ്വെയര്‍, ഫിന്‍ടെക്, വ്യോമയാന സേവനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും അയര്‍ലണ്ടിന് പുതിയ അവസരങ്ങള്‍ ലഭിക്കും.
അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആഗോള മരുന്ന്, മെഡിക്കല്‍ ഉപകരണ, സാങ്കേതിക കമ്പനികള്‍ക്കും കരാര്‍ ഗുണം ചെയ്യാനിടയുണ്ട്.
അയര്‍ലണ്ടിന് എന്ത് നഷ്ടമുണ്ടാകും?
കരാറിലൂടെ അയര്‍ലണ്ടിന് വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നതിന് നിലവില്‍ വ്യക്തമായ തെളിവുകളില്ല. എന്നാല്‍ ചില മേഖലകളില്‍ മത്സരം കൂടാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും സേവനദാതാക്കള്‍ക്കും യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ ഐറിഷ് ഐടി, ഔട്ട്സോഴ്സിങ്, പ്രഫഷണല്‍ സേവന സ്ഥാപനങ്ങള്‍ വിലകുറഞ്ഞ മത്സരത്തെ നേരിടേണ്ടിവരാം.
വസ്ത്രം, ചെരുപ്പ്, ജനറിക് മരുന്നുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍നിന്ന് എത്തുന്നത് പ്രാദേശിക വിതരണക്കാര്‍ക്ക് സമ്മര്‍ദമുണ്ടാക്കാം. എന്നാല്‍ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരവുമാകും.
ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കായുള്ള സ്വമേധാ മൊബിലിറ്റി പദ്ധതിയില്‍ പങ്കെടുക്കാത്തത് അയര്‍ലണ്ടിന് മറ്റൊരു വെല്ലുവിളിയാകാം. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതി ഉപയോഗിച്ച് ഇന്ത്യന്‍ ഐടി വിദഗ്ധരെയും ഗവേഷകരെയും എളുപ്പത്തില്‍ ആകര്‍ഷിച്ചാല്‍, നൈപുണ്യക്ഷാമം നേരിടുന്ന അയര്‍ലണ്ടിന് മികച്ച തൊഴിലാളികളെ കണ്ടെത്തുന്നതില്‍ മത്സരം വര്‍ധിച്ചേക്കാം.
എന്നാല്‍ ആവശ്യമെങ്കില്‍ സ്വന്തം തൊഴില്‍ പെര്‍മിറ്റ് നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍നിന്ന് ജീവനക്കാരെ നിയമിക്കാനുള്ള അധികാരം അയര്‍ലണ്ടിനുണ്ട്. കമ്പനികള്‍ക്കും നേട്ടമുണ്ടാകും. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികളാണ്, യൂറോപ്യന്‍ പ്രവേശനം കാത്തിരിക്കുന്നത്.
