
മഷാദ്: മിഡില്‍ ഈസ്റ്റില്‍ യുദ്ധം വീണ്ടും ആളിക്കത്തിച്ചുകൊണ്ട് യു.എസ് സൈന്യം വ്യോമാക്രമണം ശക്തമാക്കുന്നതിനിടെ, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം ജന്മനാടായ മഷാദില്‍ ഇന്ന് സംസ്‌കരിക്കും.
ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ബഹുദിന വിലാപയാത്രകള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭൗതികശരീരം മഷാദിലെ പ്രശസ്തമായ ഇമാം റെസ മസ്ജിദ് സമുച്ചയത്തില്‍ ഖബറടക്കുന്നത്.
ചടങ്ങുകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യു.എസ് സൈന്യം ഇറാന്‍ തീരങ്ങളില്‍ മിസൈല്‍ മഴ പെയ്യിക്കുകയാണ്.
ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാല്‍ ഇതിലും ഭയങ്കരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമേനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
അയല്‍രാജ്യമായ ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രകള്‍ക്ക് ശേഷമാണ് ഭൗതികശരീരം ഇറാന്റെ ഏറ്റവും ആദരണീയമായ ആരാധനാലയമായ ഇമാം റെസ ചത്വരത്തില്‍ എത്തിക്കുന്നത്. ഖമേനിയുടെ ഖബറടക്ക ചടങ്ങില്‍ 15 ദശലക്ഷത്തോളം (ഒന്നരക്കോടി) ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് മഷാദ് ഗവര്‍ണര്‍ ഹസ്സന്‍ ഹുസൈനി വ്യക്തമാക്കുന്നത്.
തന്റെ ജന്മനാടായ മഷാദില്‍ തന്നെ അടക്കം ചെയ്യണമെന്നത് ഖമേനിയുടെ അവസാന ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മുഹമ്മദി-ഗോല്‍പായ്ഗാനി അറിയിച്ചു. മുന്‍ ഇറാന്‍ ഭരണാധികാരികളും മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും അടക്കം ചെയ്യപ്പെട്ടത് ഇതേ മസ്ജിദിലാണ്.
അതേസമയം, പിതാവിന്റെ മരണത്തിന് പിന്നാലെ പരിക്കേല്‍ക്കുകയും ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്ത ഖമേനിയുടെ മകനും പുതിയ പിന്‍ഗാമിയുമായ മൊജ്താബ ഖമേനിയുടെ സാന്നിധ്യത്തിനായി നിരീക്ഷകര്‍ കാതോര്‍ക്കുകയാണ്.
ഫെബ്രുവരിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖമേനിയുടെ മകള്‍, മരുമകന്‍, കൊച്ചുമകള്‍, മൊജ്താബയുടെ ഭാര്യ സഹ്ര ഹദ്ദാദ് അദല്‍ എന്നിവരെയും ഒപ്പമാണ് ഖബറടക്കുന്നത്.
ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കും യുദ്ധത്തിനും പിന്നാലെ ജനങ്ങളുടെ വന്‍ പങ്കാളിത്തത്തിലൂടെ രാജ്യത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതാനാണ് ഇസ്ലാമിക് റിപ്പബ്ലിക് ശ്രമിക്കുന്നത്. എന്നാല്‍ കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നല്‍കിയതോടെ മേഖലയിലെ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.
