
വാഷിങ്‌ടൻ: യുഎസില്‍ സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടയില്‍ ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് ടെക്സസ്-ലൂസിയാന അതിർത്തിയിലെ ടോളിഡോ ബെൻഡ് റിസർവോയറില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ വിദ്യാർഥിയായിരുന്നു അനുരൂപ്.
സുഹൃത്തുക്കള്‍ക്കൊപ്പം റിസർവോയറില്‍ മീൻപിടിക്കാനെത്തിയതായിരുന്നു അനുരൂപ്. ഇതിനിടെ അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണുപോയ മൂന്ന് കൂട്ടുകാരെയും സ്വന്തം ജീവൻ പണയം വച്ച് അനുരൂപ് സാഹസികമായി രക്ഷപ്പെടുത്തി. എന്നാല്‍, നീന്തല്‍ നന്നായി അറിയാമായിരുന്നിട്ടും ഒടുവില്‍ അനുരൂപ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് അധികൃതർ നടത്തിയ തിരച്ചിലില്‍ 20 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
പഠനത്തില്‍ അതീവ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയില്‍ പുതിയ ജോലി ലഭിച്ചത്. കരിയറിലെ വലിയൊരു സ്വപ്നത്തിലേക്കും പ്രതീക്ഷകളിലേക്കും നടന്നു കയറുന്നതിനിടെയാണ് ഈ ദാരുണ സംഭവം. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഹൂസ്റ്റണിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അനുരൂപിന്റെ കുടുംബവുമായും യുഎസ് അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.
