കോഴിക്കോട് | കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആയുഷ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന് യുനാനി വിദഗ്ധര്‍. മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച ഇത്തരം അറുനൂറിലധികം ക്ലിനിക്കുകള്‍ മികച്ച ഫലം ചെയ്തിട്ടുണ്ട്. കൊവിഡ് രോഗ പ്രതിരോധത്തിന് ചെലവ് കുറഞ്ഞതും മികച്ചതുമായ ആയുഷ് ചികിത്സാരീതികള്‍ രാജ്യത്താകെ നടപ്പാക്കണമെന്ന് ആയുഷ് മന്ത്രാലയം ഏതാനും മാസങ്ങള്‍ക്കു മുമ്ബ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നിട്ടില്ലെന്നും യുനാനി ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആയുഷ് ചികിത്സാ രീതികള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ആയുഷ് വകുപ്പിന് കീഴിലുള്ള യുനാനി, ആയുര്‍വേദം, ഹോമിയോ, സിദ്ധ എന്നിവകളില്‍ വിദഗ്ധരായ ഓരോ ഡോക്ടറെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് പ്രമുഖ യുനാനി വിദഗ്ധനും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ഡയറക്ടറുമായ ഡോ. കെ ടി അജ്മല്‍ ആവശ്യപ്പെട്ടു.
ആയുഷിന്റെ പ്രതിരോധ ചികിത്സാ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി ഒരു പുതിയ കേരളാ മോഡല്‍ ലോകാരോഗ്യ സംഘടനക്ക് മുമ്ബില്‍ അവതരിപ്പിക്കണമെന്ന് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം ആവശ്യപ്പെട്ടു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ജോ. ഡയരക്ടര്‍ ഡോ. ഹാറൂണ്‍ മന്‍സൂരി, അസി. ഡയരക്ടര്‍ ഡോ. യു കെ ശരീഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, അഡ്വ. സമദ് പുലിക്കാട് പങ്കെടുത്തു.

