Dailyhunt
എല്‍ ഡി എഫ് തുടരും

എല്‍ ഡി എഫ് തുടരും

ല്ലാ തിരഞ്ഞെടുപ്പുകളും നിര്‍ണായകമാണെങ്കിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അതിലുമേറെ നിര്‍ണായകമാണ്. കാരണം, കേരളം കൈവരിച്ചതും, ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ ഉയരങ്ങളിലേക്കു പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകണമോ എന്നതാണ് വിഷയം.

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഒരു വസന്തകാലം തന്നെ സൃഷ്ടിക്കുകയും എല്ലാ വിഭാഗം മനുഷ്യരെയും ചേര്‍ത്തുപിടിക്കുകയും ചെയ്ത് പുതിയൊരു സമത്വസുന്ദര കേരളസൃഷ്ടി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറിന് അഭിമാനകരമായ ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചും അവരുടെ ദൈനംദിന ജീവിതത്തില്‍ വികസനത്തിന്റെയും ക്ഷേമത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ചുമാണ് എല്‍ ഡി എഫ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കേവലം വാഗ്ദാനങ്ങളോ പ്രതീക്ഷകളോ നല്‍കുകയല്ല, മറിച്ച്‌ പൊതുജനം അനുഭവിച്ചറിഞ്ഞ ജീവിത സ്വാസ്ഥ്യത്തിന്റെ പാഠങ്ങള്‍ പറഞ്ഞാണ് എല്‍ ഡി എഫ് വോട്ട് തേടുന്നത്.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും വിദ്യാഭ്യാസം ജനാധിപത്യവത്കരിച്ച്‌ സാര്‍വത്രികമാക്കാനും ഇ എം എസ് സര്‍ക്കാറാണ് നടപടികളെടുത്തതെങ്കില്‍, തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അധികാരത്തിലിരുന്ന എല്‍ ഡി എഫ് സര്‍ക്കാറുകള്‍ ക്ഷേമ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചും കേരളത്തെ സമ്പൂര്‍ണ സാക്ഷരതയിലെത്തിച്ചും അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഫലപ്രദമായി നടപ്പാക്കിയും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കിയും ഐ ടി വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് മുന്നേറിയത്.
ഇതിന്റെ തുടര്‍ച്ച തന്നെയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി നിലവിലുള്ള എല്‍ ഡി എഫ് സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ക്ലേശകരമായ വെല്ലുവിളിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനായി നാല് മിഷനുകള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവന നിര്‍മാണത്തിന് ലൈഫ്, കാര്‍ഷിക മേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിവയാണ് ആ നാല് മിഷനുകള്‍. ഇതിനിടയില്‍ നിപ്പായും ഓഖിയും കൊവിഡും നൂറ്റാണ്ടിലെ മഹാ പ്രളയവും കേരളത്തെ തകര്‍ത്തെറിഞ്ഞ സ്ഥിതിയായി. എന്നാല്‍ അത്തരം ദുരന്തമുഖങ്ങളില്‍ പതറാതെ എല്ലാ മനുഷ്യരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു. എല്ലാവര്‍ക്കും ഭക്ഷണവും മരുന്നും നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് സവിശേഷ പരിഗണന നല്‍കി. മനുഷ്യര്‍ക്കു മാത്രമല്ല, പക്ഷി-മൃഗാദികള്‍ക്കുപോലും കൊവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സംരക്ഷണത്തിന്റെ തണലേകി. ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം പ്രാണവായു പോലും ലഭിക്കാതെ മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ ഇവിടെ കേരളത്തില്‍ എല്ലാവര്‍ക്കും സംരക്ഷണ കവചമൊരുക്കി കേരളം കരുതലിന്റെ മഹനീയ മാതൃക കാഴ്ചവെച്ചു.
നാട് പ്രതിസന്ധികളെയും മഹാമാരികളെയും അഭിമുഖീകരിച്ചപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി. ബി ജെ പിയുടെ കേരളവിരുദ്ധ സമീപനത്തിന് ചൂട്ടുപിടിക്കുകയായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ്സും യു ഡി എഫും എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കേരള ജനതയെ മുന്നോട്ടു നയിച്ചത്. ഇതിനായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവന്നു. ബജറ്റിനു പുറത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി എന്ന സവിശേഷ സംവിധാനം കൊണ്ടുവന്നു. കിഫ്ബി നല്‍കിയ സൂര്യവെളിച്ചത്തില്‍ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വിനോദ സഞ്ചാര വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവ തിളക്കത്തോടെ നിറഞ്ഞു നില്‍ക്കുന്ന സ്ഥിതിയായി.
ദേശീയ പാത 66ന്റെ വികസനം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനം 5,580 കോടി രൂപയാണ് കേന്ദ്രത്തിന് നല്‍കിയത്. രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി അങ്ങോട്ട് പണം നല്‍കേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണെന്നത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. സമഗ്രമായ രീതിയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് 62 ലക്ഷം ആളുകള്‍ക്ക് 2,000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു. ഇതിനുപുറമെ, 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1,000 രൂപ പെന്‍ഷന്‍ നല്‍കുന്നു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായ കാലത്ത് നിന്ന് വീട്ടുപടിക്കല്‍ പെന്‍ഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അഭിമാനകരമായി മുന്നേറുന്നു. ഗെയില്‍ പൈപ്പ് ലൈനും കൊച്ചി ഇടമണ്‍ കോറിഡോറും യാഥാര്‍ഥ്യമാക്കി ഊര്‍ജരംഗത്ത് കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടിരിക്കുന്നു.

കാലത്തിന്റെ അനിവാര്യതകള്‍ ഉള്‍ക്കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരമാക്കി. ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. നാലര ലക്ഷത്തിലേറെ വരുന്ന മലയോര ജനതക്ക് പട്ടയം ലഭ്യമാക്കി. മലയോര ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമവത്കരിക്കാനും പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുകയും ചെയ്യുന്ന ഭൂപതിവ് ഭേദഗതി നിയമം പാസ്സാക്കി. ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ വിധത്തില്‍ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി. അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ലൈഫ് പദ്ധതി വഴി വീടുകള്‍ നിര്‍മിച്ചു നല്‍കി. മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതരെ മനോഹരമായ ടൗണ്‍ഷിപ്പ് പണിത് പുനരധിവസിപ്പിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷവും ലോഡ് ഷെഡ്ഡിംഗ്, പവര്‍ കട്ട് എന്നീ വാക്കുകള്‍ പോലും കേരള ജനതക്ക് കേള്‍ക്കേണ്ടി വന്നില്ല. എല്ലാത്തിലുമുപരിയായി വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സ്വസ്ഥ സുന്ദരമായ സാമൂഹിക ജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സാധിച്ചു. ഇതിന്റെയെല്ലാം ഫലമായി കേന്ദ്ര സര്‍ക്കാറിന്റെ തന്നെ ഔദ്യോഗിക കണക്കുകളില്‍ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലുള്ള റാങ്കിംഗുകളില്‍ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന വിലോഭനീയ പദവി കേരളം സ്വന്തമാക്കി.

എല്ലാവരെയും ചേര്‍ത്തുപിടിച്ച്‌, എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയുമുയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും വരേണ്ടതുണ്ട്. തീര്‍ച്ചയായും കഴിഞ്ഞ 10 വര്‍ഷങ്ങളിലെ അനുഭവ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള ജനത എല്‍ ഡി എഫിന് 2021ലേതിനേക്കാള്‍ മികച്ച വോട്ടും സീറ്റും നല്‍കി വീണ്ടും അധികാരത്തിലേറ്റും എന്നു തന്നെ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily