Dailyhunt
ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കി ട്രംപ്; ഇറാനെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന സൈനിക നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നു പ്രഖ്യാപനം

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കി ട്രംപ്; ഇറാനെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന സൈനിക നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നു പ്രഖ്യാപനം

വാഷിംഗ്ടണ്‍ | ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കുന്ന നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാന്‍ സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് ഇറാനെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന സൈനിക നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നു പ്രഖ്യാപിച്ചു.

യുദ്ധം തുടരുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടില്ലെന്ന സൂചനയും ട്രംപ് നല്‍കി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമെന്ന 1973-ലെ 'വാര്‍ പവേഴ്സ് റെസല്യൂഷന്‍' ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപ് പ്രഖ്യാപിച്ചു. ബോംബാക്രമണം പുനരാരംഭിക്കാന്‍ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെങ്കിലും, യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്ന് സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.

ഇറാന്‍ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനുമായുള്ള വിഷയത്തില്‍ തന്റെ മുന്നില്‍ ഇനി രണ്ട് വഴികള്‍ മാത്രമേയുള്ളൂ എന്നും ഒന്നുകില്‍ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകര്‍ക്കുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക എന്നതാണ് ആ വഴികളെന്നും അദ്ദേഹം വിശദമാക്കി.
ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരമൊരു ചിതറിക്കിടക്കുന്ന നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ട്രംപ് വിലയിരുത്തി.

മാര്‍ച്ച്‌ രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച്‌ നിയമപരമായ 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് അനുവാദം ചോദിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്. മുന്‍പ് ഒരു പ്രസിഡന്റും ഇത്തരത്തില്‍ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily