Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്ലാസ്‌ഗോയില്‍ സന്തോഷ കേരളം

ഗ്ലാസ്‌ഗോയില്‍ സന്തോഷ കേരളം

സിറാജ് 3 weeks ago

ഗ്ലാസ്ഗോ | ആഗോള വേദിയില്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം മുരളി ശ്രീശങ്കര്‍ പറഞ്ഞു.

ഞാന്‍ ഗ്ലാസ്ഗോയില്‍ മത്സരിക്കുമെന്നോ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നോ രണ്ട് വര്‍ഷം മുമ്പ് കരുതിയതല്ല. ദൈവത്തിന് നന്ദി. വീണ്ടും രാജ്യത്തിനായി വെള്ളി നേടാന്‍ സാധിച്ചു. സ്വര്‍ണമായിരുന്നു ആത്യന്തിക ലക്ഷ്യം. അതിനാല്‍ എന്റെ പ്രകടനത്തില്‍ ഞാന്‍ പൂര്‍ണമായും തൃപ്തനല്ല. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനായി ആത്മവിശ്വാസം വീണ്ടെടുക്കാനും മികച്ച രീതിയില്‍ തയ്യാറെടുക്കാനും നേട്ടം തുണയാകുമെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

2024 ഏപ്രിലിലുണ്ടായ കാല്‍മുട്ടിലെ പരുക്ക് കാരണം ശ്രീശങ്കറിന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഇതോടെ, പാരീസ് ഒളിമ്പിക്സ് നഷ്ടമായി. കരിയര്‍ ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നിന്നുള്ള താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഗ്ലാസ്ഗോയില്‍ കണ്ടത്.

8.09 മീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കര്‍ വെള്ളിയണിഞ്ഞത്. 2022ലെ ഗെയിംസിന് പിന്നാലെ 2026ലും വെള്ളി നേടിയതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി. ജമൈക്കയുടെ താജയ് ഗെയ്്‌ലിനാണ് (8.15 മീറ്റര്‍) സ്വര്‍ണം. സ്‌കോട്ട്ലാന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി 8.08 മീറ്റര്‍ ദൂരത്തോടെ വെങ്കലം നേടി.

ബാസിലിന് സന്തോഷം
'ഇത് എന്റെ ആദ്യ അന്താരാഷ്ട്ര മെഡലാണ്. വളരെ സന്തോഷമുണ്ട്'- പാരാ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 വിഭാഗത്തില്‍ വെള്ളി നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് ബാസില്‍ പറഞ്ഞു. മാതാപിതാക്കളും ഭിന്നശേഷിക്കാരായ രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം എനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. എനിക്കുവേണ്ടി അവര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. മെഡല്‍ കുടുംബത്തിനും കോച്ചിനും സമര്‍പ്പിക്കുന്നുവെന്നും ബാസില്‍ കൂട്ടിച്ചേര്‍ത്തു. 10.83 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ബാസിലിന്റെ മെഡല്‍ വേട്ട.

ഈ ഇനത്തില്‍ ഇന്ത്യയുടെ ദിലീപ് മഹാദു ഗാവിതിനാണ് സ്വര്‍ണം. 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദിലീപ് ഗെയിംസ് റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് പാരാ അത്ലറ്റിക്‌സ് 100 മീറ്ററില്‍ ചരിത്രത്തിലാദ്യമായാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ കെവിന്‍ സന്റോസ് (10.85 സെക്കന്‍ഡ്) വെങ്കലം നേടി.

മീരാബായ് ചാനു, ശര്‍മിള ധന്‍കര്‍ എന്നിവര്‍ക്കു ശേഷം ഗ്ലാസ്‌ഗോ ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണ മെഡലാണ് ദിലീപിന്റെത്. മൂന്ന് സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 15 മെഡലുകളുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.

നീരജ് & ടീം ഫൈനലില്‍
ഗ്ലാസ്ഗോ | കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷ സജീവമാക്കി മൂന്ന് ഇന്ത്യന്‍ താരങ്ങളും ഫൈനലിലേക്ക് മുന്നേറി. ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര, രോഹിത് യാദവ്, യഷ് വീര്‍ സിംഗ് എന്നിവരാണ് ഫൈനലിലെത്തിയത്. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. എന്നാല്‍, ബുദ്ധിമുട്ടേറിയ കാലാവസ്ഥയില്‍ ആര്‍ക്കും ഈ ദൂരം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 12 പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

നീരജ് ചോപ്ര മത്സരത്തിനിടെ

2018 കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ നീരജ് 79.61 മീറ്റര്‍ എറിഞ്ഞ് അഞ്ചാം സ്ഥാനക്കാരനായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. രോഹിത് യാദവ് (78.37 മീറ്റര്‍), യഷ് വീര്‍ സിംഗ് (78.36 മീറ്റര്‍) യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളോടെ ഫൈനലില്‍ ഇടംപിടിച്ചു. 82.84 മീറ്റര്‍ ദൂരം കണ്ടെത്തിയ ശ്രീലങ്കന്‍ താരം റുമേഷ് തരംഗ പതിരഗെയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് 81.29 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ശദ് നദീം ഏഴാമതാണ് (78.63) ഫിനിഷ് ചെയ്തത്. ഇന്ന് രാത്രി 12.45 മുതലാണ് ഫൈനല്‍.

Content Highlights:
Kerala football team marks a historic moment in Glasgow with an impressive performance. The team demonstrated outstanding skill and determination throughout the tournament. Fans across Kerala celebrate this extraordinary achievement in international sports.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily