കേവലമൊരു പ്രാദേശിക അപകടമായി ചുരുക്കിക്കാണാവുന്നതല്ല ഡല്‍ഹിയില്‍ അഞ്ചുനില പി ജി (പേയിംഗ് ഗസ്റ്റ്) കെട്ടിടം തകര്‍ന്ന് ഏഴ് വിദ്യാര്‍ഥികള്‍ മരണപ്പെട്ട ദാരുണ സംഭവം.
രാജ്യത്തെയാകമാനം ഹോസ്റ്റല്‍ സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഡല്‍ഹി ദുരന്തം. ഉന്നത വിദ്യാഭ്യാസവും ജോലി സാധ്യതകളും തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന രാജ്യത്തെ മെട്രോ നഗരങ്ങളിലെ മിക്ക ഹോസ്റ്റലുകളും ലോഡ്ജുകളും സുരക്ഷിതമല്ലാത്ത വിധം ജീര്‍ണവും നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നവയുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ ഹോസ്റ്റല്‍ കെട്ടിടങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ ഇഹ്സാനുദ്ദീന്‍ അമാനുല്ല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്.
മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ഥികളുടെ ആവശ്യത്തിന് ഹോസ്റ്റലുകളില്ല. ഡല്‍ഹി സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല തുടങ്ങി പ്രശസ്തവും ഉന്നതവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. എന്നാല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പത്ത് ശതമാനത്തിന് പോലും ക്യാമ്പസിനുള്ളില്‍ താമസ സൗകര്യം ലഭ്യമാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സാധിക്കുന്നില്ല. ഡല്‍ഹി സര്‍വകലാശാലയില്‍ റഗുലര്‍ കോഴ്സുകളില്‍ ഏതാണ്ട് 1.32 ലക്ഷം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായാണ് കണക്ക്. ഹോസ്റ്റല്‍ സൗകര്യം ഏഴായിരം വിദ്യാര്‍ഥികള്‍ക്ക് മാത്രവും.
സ്വന്തം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ താമസ സുരക്ഷ സംബന്ധിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ ഒഴിഞ്ഞു മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്തെ സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് മുതലെടുത്ത് നഗരങ്ങളുടെ മുക്കിലും മൂലയിലും പി ജി ഹോസ്റ്റലുകള്‍ ഉയര്‍ന്നുവരുന്നു. എത്രത്തോളം സുരക്ഷിതമാണ് ഈ കെട്ടിടങ്ങള്‍? നിര്‍മാണത്തില്‍ നിയമപരമായ ചട്ടങ്ങള്‍ പാലിച്ചിരുന്നോ, കാലാനുസൃതം ഘടനാപരമായ പരിശോധന നടത്താറുണ്ടോ, അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അന്വേഷിക്കാറില്ല. ചെന്നൈയിലെ ട്രിപ്പിക്കേന്‍ (തിരുവല്ലിക്കേനി), ഐസ് ഹൗസ് തുടങ്ങി കേരളീയ വിദ്യാര്‍ഥികള്‍ കൂടുതലായി താമസിക്കുന്ന ഹോസ്റ്റലുകളുടെ അവസ്ഥ പരിതാപകരമാണ്. വ്യാപാര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മുകളിലെ നിലകളില്‍ പ്ലൈവുഡുകളുപയോഗിച്ച് ചെറിയ മുറികള്‍ തിരിച്ചാണ് ചില ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റുകളോ മറ്റു സംവിധാനങ്ങളോ അഗ്‌നിരക്ഷാ സംവിധാനങ്ങളോ ഇല്ല മിക്കവയിലും.
വന്‍ വ്യവസായമായി മാറിയിരിക്കുന്നു വിദ്യാഭ്യാസ നഗരങ്ങളില്‍ സ്വകാര്യ ഹോസ്റ്റലുകള്‍. സര്‍വകലാശാലകളും കോളജുകളും കോച്ചിംഗ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നിരവധി ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുകയും പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അവയില്‍ താമസിക്കുകയും ചെയ്യുന്നു. പഴയ വീടുകളോ വാണിജ്യകെട്ടിടങ്ങളോ വാടകക്കെടുത്ത് വിദ്യാര്‍ഥികളെ വാടകക്ക് താമസിപ്പിക്കുന്നവരുമുണ്ട്. ഈ കെട്ടിടങ്ങളില്‍ നല്ലൊരു പങ്കും ജീര്‍ണിച്ചതും യാതൊരു സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമാണ്. ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് വിദ്യാര്‍ഥികളുടെ സുരക്ഷയല്ല, വരുമാനമാണ് പ്രധാനം. രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കാവുന്ന ചെറിയ മുറികള്‍ക്ക് പ്രതിമാസം എണ്ണായിരം മുതല്‍ പതിനയ്യായിരം വരെ ഈടാക്കുന്നു. പുറമെ കറന്റ് ചാര്‍ജ്, വെള്ളക്കരം തുടങ്ങിയവക്ക് അധിക തുകയും ഈടാക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍ക്ക് വന്‍ വാടകയായതിനാല്‍ സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ നിശബ്ദരായി ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയമാകാന്‍ നിര്‍ബന്ധിതരാകുന്നു.
ഇനിയും ഹോസ്റ്റല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച പോലെ രാജ്യത്തെ എല്ലാ പി ജി ഹോസ്റ്റലുകളിലും കര്‍ശന പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അപകടം സംഭവിച്ച ശേഷം മാത്രം പരിശോധന നടത്തുന്ന പതിവുശൈലി അവസാനിപ്പിച്ച് അപകടം സംഭവിക്കാന്‍ സാധ്യതയുള്ള കെട്ടിടങ്ങളെ നേരത്തേ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം. ബെംഗളൂരു മെട്രോ നഗരത്തില്‍ ഏര്‍പ്പെടുത്തിയതു പോലെ ഹോസ്റ്റലുകള്‍ക്കുള്ള ലൈസന്‍സ് നടപടികളില്‍ കൂടുതല്‍ നിയന്ത്രണവും നടപ്പാക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ നിയമസാധുത, ഉപയോഗാനുമതി, ഘടനാപരമായ സുരക്ഷ, അഗ്‌നി- വൈദ്യുത സുരക്ഷ, അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് പുറത്തുകടക്കാനുള്ള വഴി, സി സി ടി വി, താമസക്കാരുടെ എണ്ണം, കാലാനുസൃത പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ നടത്താന്‍ ബെംഗളൂരു നഗരസഭ അനുമതി നല്‍കുന്നത്. ലൈസന്‍സ് പുതുക്കുമ്പോഴും ഈ പരിശോധനകള്‍ ആവര്‍ത്തിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ പിഴയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാതെ ലൈസന്‍സ് റദ്ദാക്കല്‍, സ്ഥാപനം അടച്ചു പൂട്ടല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കും. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ കേവലം ഉപഭോക്താക്കളായി കാണുന്ന ഹോസ്റ്റല്‍ നടത്തിപ്പുകാരുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. കെട്ടിട സുരക്ഷക്ക് ചെലവാക്കുന്ന തുക ലാഭത്തില്‍ നിന്ന് കുറവായി കണക്കാക്കുന്ന ചിന്താഗതിയും മാറണം. ഹോസ്റ്റല്‍ നടത്തിപ്പിനുള്ള നിയന്ത്രണക്കുറവാണ് ഈ രംഗത്ത് മാഫിയാ സ്വഭാവം വളര്‍ന്നുവരാന്‍ കാരണം.

