കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ അടുത്ത അദ്ധ്യായന വർഷത്തേക്ക് നടക്കുന്ന ഏകജാലക പ്രവേശന സംവിധാനം വിജയിപ്പിക്കുന്നതിനായി എല്ലാ പ്രവർത്തകരും സജീവമായി മുന്നിട്ടിറങ്ങാൻ കേരള മസ്ലീം ജമാഅത്ത് ആഹ്വാനം ചെയ്തു.
കേരള മുസ്ലിം ജമാഅത്തിന്റെ എല്ലാ ജില്ലാ, സോണ്‍, സർക്കിള്‍, യൂണിറ്റ് ഘടകങ്ങള്‍ക്കും ഇത് സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും നല്‍കിയിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം, യോഗ്യരും സമർത്ഥരുമായ വിദ്യാർത്ഥികള്‍ക്ക് ജാമിഅതുല്‍ ഹിന്ദ് കോഴ്‌സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുക, രക്ഷാകർതൃ സംഗമങ്ങള്‍, മദ്‌റസകള്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ തുടങ്ങിയവക്ക് പുറമെ യൂണിറ്റ്, സർക്കിള്‍ കമ്മിറ്റികളോട് ഓരോ യൂണിറ്റുകളിലും ഹെല്‍പ് ഡെസ്കുകള്‍ സ്ഥാപിക്കാനും നിർദേശം നല്‍കിയിട്ടുണ്ടെന്ന് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്കട്രിയേറ്റ് അറിയിച്ചു.
ഹെല്പ് ഡെസ്കുകള്‍ മുഖേന വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ജാമിഅതുല്‍ ഹിന്ദിലേക്കുള്ള അപേക്ഷ പെട്ടെന്ന് നിർവ്വഹിക്കാനാകും. ജാമിഅതുല്‍ ഹിന്ദ് കോഴ്‌സുകളെ യൂണിറ്റ് തലങ്ങളില്‍ പരിചയപ്പെടുത്തുന്നതിനും ഹെല്പ് ഡെസ്കുകള്‍ നേതൃത്വം നല്‍കും.
സ്‌കൂള്‍ ആറാം തരം കഴിഞ്ഞവർക്ക് ഏഴാം ക്ലാസ്സിലേക്കും ഏഴാം തരം കഴിഞ്ഞവർക്ക് എട്ടാം ക്ലാസിലേക്കും പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് വണ്ണിലേക്കുമാണ് പ്രവേശനം. ഇതോടൊപ്പം ആഴത്തിലുള്ള മതപഠനം സാധ്യമാകുന്ന ഹാദി ബിരുദവും നല്‍കും. കേരളത്തിനകത്തും പുറത്തും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിർദേശാനുസാരം പ്രവർത്തിക്കുന്ന മത-ഭൗതിക സമന്വയ ക്യാമ്പസുകളാണ് ജാമിഅതുല്‍ ഹിന്ദില്‍ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്. ഈ സ്ഥപനങ്ങളിലേക്കെല്ലാം ഒറ്റ അപേക്ഷയും പരീക്ഷയും വഴി ഇപ്പോള്‍ പ്രവേശനം നേടാനാകും. www.jamiathulhind.com എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 20 വരെ അപേക്ഷിക്കാം.

