Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാമ്യനിഷേധം നീതിനിഷേധം തന്നെ

ജാമ്യനിഷേധം നീതിനിഷേധം തന്നെ

യു എ പി എ കേസുകളില്‍ ജാമ്യം സ്വാഭാവിക നീതിയും ജാമ്യനിഷേധം നീതിനിഷേധവുമാണെന്ന തത്ത്വം ആവര്‍ത്തിച്ചിരിക്കുന്നു സുപ്രീം കോടതി.

ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി ഉമര്‍ഖാലിദ്, ശര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച ജനുവരിയിലെ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ച്. ലഹരി വില്‍പ്പന കേസില്‍ അഞ്ച് വര്‍ഷമായി തടവില്‍ കഴിയുന്ന കശ്മീര്‍ സ്വദേശിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് തിങ്കളാഴ്ച സുപ്രീം കോടതി ബഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

2024 ആഗസ്റ്റില്‍ ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചും 2021ലെ കെ എ നജീബ് കേസിലെ മൂന്നംഗ സുപ്രീം കോടതി ബഞ്ചും യു എ പി എക്ക് കീഴില്‍ വരുന്ന കുറ്റങ്ങള്‍ക്കും ജാമ്യവ്യവസ്ഥ ബാധകമാണെന്ന് തറപ്പിച്ചു പറഞ്ഞതാണ്. യു എ പി എ കുറ്റകൃത്യങ്ങളും അതിലെ കര്‍ശന ജാമ്യവ്യവസ്ഥകളും ഉള്‍പ്പെടുന്ന കേസുകളില്‍ പോലും വിചാരണ നീണ്ടുപോകുന്നതും ദീര്‍ഘകാലത്തെ പ്രീ ട്രയല്‍ തടങ്കലും (വിചാരണക്ക് മുമ്പുള്ള തടങ്കല്‍) ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങളാണെന്നാണ് കെ എ നജീബ് കേസിലെ മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം.

ഈ മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണവും ഉത്തരവും മറികടന്നാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ അടങ്ങുന്ന ബഞ്ച് ജനുവരിയില്‍ ഉമര്‍ഖാലിദിനും ശര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. ജുഡീഷ്യല്‍ അച്ചടക്കത്തിനു നിരക്കാത്തതും നിയമലംഘനവുമാണ് ഈ നിലപാടെന്ന് തിങ്കളാഴ്ചത്തെ വിധിപ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ അംഗങ്ങളുള്ള (ഉയര്‍ന്ന) കോടതി ബഞ്ചിന്റെ നിയമം പിന്തുടരാന്‍ കുറഞ്ഞ അംഗങ്ങളുള്ള ബഞ്ചിന് ബാധ്യതയുണ്ട്. അഥവാ ഉയര്‍ന്ന ബഞ്ചിന്റെ ഉത്തരവില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിഷയം കൂടുതല്‍ അംഗങ്ങളുള്ള മറ്റൊരു ബഞ്ചിന് വിടണമെന്നാണ് ജുഡീഷ്യല്‍ അച്ചടക്കം ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഭുയാന്‍ വ്യക്തമാക്കി. വലിയ ബഞ്ചിന്റെ വിധിന്യായത്തിന്റെ അന്തസ്സത്തയെ മറികടക്കാനോ അവഗണിക്കാനോ ലഘൂകരിക്കാനോ ചെറിയ ബഞ്ചിന് അവകാശമില്ല.

ഇന്ത്യന്‍ ന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ അപൂര്‍വവും അതേസമയം അതീവ ശ്രദ്ധേയവുമാണ് കോടതികളുടെ സ്വന്തം വിധിന്യായത്തിലെ തിരുത്ത്. ജനുവരിയില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തൊട്ടടുത്ത മാസങ്ങളില്‍ മറ്റൊരു ബഞ്ചിന് തിരുത്തേണ്ടി വന്നത് കേവലം നിയമപരമായ ഒരു സാങ്കേതികത്വം മാത്രമല്ല, പൗരന്റെ മൗലികാവകാശവും "ജയിലല്ല, ജാമ്യമാണ് നിയമം' എന്ന ഭരണഘടനാ തത്ത്വവും എത്രത്തോളം ജാഗ്രതയോടെ സംരക്ഷിക്കപ്പെടണമെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ്. നിയമത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ പൗരസ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ കോടതി തന്നെ ഇടപെട്ട് അത് തിരുത്തുന്നത് ജനാധിപത്യ പ്രക്രിയക്ക് കരുത്ത് പകരും. ജനുവരിയിലെ വിധി കീഴ്‌ക്കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ജാമ്യം നിഷേധിക്കാനുള്ള കച്ചിത്തുരുമ്പായി മാറാതിരിക്കാന്‍ ഈ തിരുത്ത് അനിവാര്യമായിരുന്നു.

വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള വിഷയത്തില്‍ തെറ്റായ ഒരു കീഴ്‌വഴക്കം വരാതിരിക്കാന്‍ ബി വി നാഗരത്‌നയും ഉജ്ജ്വല്‍ ഭുയാനും അടങ്ങുന്ന ബഞ്ച് കാണിച്ച ആര്‍ജവം പ്രശംസനീയമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനു മുന്നില്‍ പൗരന്മാര്‍ക്ക് അഭയം നല്‍കേണ്ടത് ജുഡീഷ്യറിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശക്തമായ കാവല്‍ക്കോട്ടകളാണ് നീതിന്യായ വ്യവസ്ഥകളും കോടതികളും. നിയമങ്ങള്‍ നിര്‍മിക്കുന്നത് പാര്‍ലിമെന്റാണെങ്കിലും അത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നീതിപീഠങ്ങള്‍ക്കുണ്ട്. ജാമ്യം എന്നത് പൗരന്മാരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതു വരെ പ്രതിയെ നിരപരാധിയായി കാണണമെന്നാണ് നീതിയുടെ തത്ത്വം.

അതേസമയം പ്രതി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ കുറ്റവാളിയെ പോലെയാണ് അന്വേഷണ ഏജന്‍സികളും ചിലപ്പോള്‍ കോടതികള്‍ തന്നെയും കാണുന്നത്. കേസിന്റെ എല്ലാ വശങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കുന്നതിനു മുമ്പേ തന്നെ അറസ്റ്റ് സംഭവിക്കുന്നു. ജില്ലാ കോടതികളും മജിസ്‌ട്രേറ്റ് കോടതികളും വിചാരണാ കോടതികളും പലപ്പോഴും ജാമ്യാപേക്ഷകള്‍ യാന്ത്രികമായോ ഭയത്തോടെയോ ആണ് കൈകാര്യം ചെയ്യുന്നത്. ജാമ്യം നല്‍കിയാല്‍ ഭരണകൂടത്തില്‍ നിന്നോ പൊതുസമൂഹത്തില്‍ നിന്നോ വിമര്‍ശനമുയരുമോ എന്ന ഭയത്താല്‍ ജാമ്യം നിഷേധിക്കലാണ് സുരക്ഷിത വഴി എന്ന ചിന്താഗതി കീഴ്‌ക്കോടതികളെ പിടികൂടിയിരിക്കുന്നു. ചില ന്യായാധിപന്മാരുടെ വര്‍ഗീയ മനോഭാവവും ഭരണകൂടത്തോടുള്ള വിധേയത്വവുമാണോ ജാമ്യനിഷേധത്തിന് പിന്നിലെന്നും സംശയിക്കപ്പെടേണ്ടതുണ്ട്.

കീഴ്‌ക്കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും പുനര്‍വിചിന്തനത്തിന് വഴിയൊരുക്കേണ്ടതുണ്ട് തിങ്കളാഴ്ചത്തെ കോടതി വിധി. അന്വേഷണ ഏജന്‍സികള്‍ കുറ്റാരോപിതരെ ജയിലിലിട്ടു പീഡിപ്പിക്കുന്നതിനു പകരം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കുകയും പ്രതി നിരപരാധിയെങ്കില്‍ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതെ രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയുമാണ് വേണ്ടത്. യു എ പി എ പോലുള്ള നിയമങ്ങളില്‍ പൗരന്റെ മൗലികാവകാശത്തെ ബാധിക്കുന്ന, ദുരുപയോഗത്തിന് സാധ്യതയുള്ള വ്യവസ്ഥയുണ്ടെങ്കില്‍ അത് തിരുത്താന്‍ ഭരണകൂടം തയ്യാറാകുകയും വേണം. സ്വാതന്ത്ര്യം രാജ്യത്തെ ഓരോ പൗരന്റെയും ജന്മാവകാശമാണ്. അതിനെ തടവറയിലാക്കുന്ന ഒരു വ്യവസ്ഥയും നിയമ വ്യവസ്ഥയില്‍ അവശേഷിച്ചു കൂടാ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily