Dailyhunt
കൈക്കൂലി കേസ്: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നാല് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

കൈക്കൂലി കേസ്: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നാല് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം| കൈക്കൂലി കേസില്‍ പാലക്കാട് മണ്ണാര്‍ക്കാട് മുന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നാല് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷി വിധിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി കെ കൃഷ്ണകുമാറി (62) നെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശിക്ഷി വിധിച്ചത്.

പാലക്കാട് മണ്ണാര്‍ക്കാട് പ്രവര്‍ത്തിച്ചിരുന്ന ഫുട്വെയര്‍ ആന്‍ഡ് ഫാന്‍സി ഷോപ്പിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാതിരുന്നതിന് മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ എടുത്ത നടപടിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 6,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. പരാതിക്കാരനും, സുഹൃത്തും ചേര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട് ഫുട്വെയര്‍ & ഫാന്‍സി ഷോപ്പ് നടത്തിയിരുന്നു.

മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നിന്ന് 2012 ജനുവരിയില്‍ പരിശോധന നടത്തുകയും തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്കുള്ള കുടിശിക ശമ്പളം അടയ്ക്കുന്നതിനായി ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

നോട്ടീസ് പ്രകാരമുള്ള തുക അടയ്ക്കുന്നതിനായി രണ്ട് മാസത്തിന് ശേഷം മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ എത്തിയ ഉടമയോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായ കൃഷ്ണകുമാര്‍, ഈ തുക അടയ്‌ക്കേണ്ടതില്ലായെന്നും, പകരം വിഷയം തീര്‍പ്പാക്കി നല്‍കുന്നതിന് തനിക്ക് കൈക്കൂലിയായി 6,000 രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു.തുടര്‍ന്ന് 6,000 രൂപ കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily