Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാഫ് ദുബായ് നോവല്‍ പുരസ്‌കാരം പി സുരേഷിന്റെ 'മറതി'ക്ക്

കാഫ് ദുബായ് നോവല്‍ പുരസ്‌കാരം പി സുരേഷിന്റെ 'മറതി'ക്ക്

കോഴിക്കോട് | യു എ ഇ യിലെ കലാസാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായ കാഫ് ദുബായ് പ്രഥമ നോവല്‍ പുരസ്‌കാരം പി സുരേഷിന്റെ മറതി എന്ന നോവലിന്.

25,000 രൂപയും ആര്‍ട്ടിസ്റ്റ് നിസാര്‍ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രമുഖ നിരൂപകരും എഴുത്തു കാരുമായ ഡോ. പി കെ രാജശേഖരന്‍. ഡോ.റോസി തമ്പി, ഡോ.സി ഗണേഷ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്. 2025ല്‍ പ്രസിദ്ധീകരിച്ച, എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്.
കുസുമാന്തര ലോലന്‍ (വി എസ് അജിത്ത് ), പതമ്പ് (ശ്രീനാഥ് ശങ്കരന്‍ കുട്ടി), വെളിച്ച മറുകുള്ള തൊട്ടാവാടികള്‍(ജെഫു ജൈലാഫ്), ഇലങ്കൈ മരങ്ങള്‍ (സി എസ് മണിലാല്‍ ) എന്നീ നോവലുകള്‍ അന്തിമ പട്ടികയില്‍ ഇടം നേടി.

ആഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം. എഴുത്തുകാരനും പത്രാധിപരുമായ സുഭാഷ് ചന്ദ്രന്‍ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും അധ്യാപകനുമായ ഡോ. പി പവിത്രന്‍ 'നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

വ്യത്യസ്ത രാജ്യങ്ങളില്‍ താമസിക്കുന്ന 15 എഴുത്തുകാരികളുടെ അനുഭവങ്ങളും ഓര്‍മ്മകളും ഉള്‍പ്പെടുത്തി രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തു കാഫ് ദുബൈ പ്രസിദ്ധീകരിച്ച 'പെണ്ണായനങ്ങളുടെ ഭൂപടങ്ങള്‍ ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും നടക്കും. എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പുരസ്‌കാരനിര്‍ണ്ണയ സമിതി അംഗം ഡോ.സി ഗണേഷ്, സംഘാടക സമിതി കണ്‍വീനര്‍ ഫൈസല്‍ ബാവ, കാഫ് ദുബൈ പ്രവര്‍ത്തകരായ കെ ഗോപിനാഥന്‍, കെ പി റസീന, അഷറഫ് കാവുംപുറം പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily