ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍, സുരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും മൂടുപടമിട്ട് നിര്‍മിക്കപ്പെടുന്ന പല കരിനിയമങ്ങളും ഇന്ന് സാധാരണ പൗരന്റെ സ്വസ്ഥജീവിതം തകര്‍ക്കുകയാണ്.
നിയമ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വം 'ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്' എന്നതാണ്. അതായത്, കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്.
എന്നാല്‍ ഭീകരവിരുദ്ധ നിയമമായ യു എ പി എ (അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്) ചുമത്തപ്പെടുന്ന കേസുകളില്‍ ഈ തത്ത്വം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ ചില സുപ്രധാന നിരീക്ഷണങ്ങള്‍ പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. യു എ പി എ കേസുകളില്‍ പോലും അനിശ്ചിതകാല തടങ്കല്‍ പാടില്ലെന്നും ജാമ്യം നല്‍കണമെന്നും കോടതി ഓര്‍മിപ്പിക്കുമ്പോള്‍ അത് കേവലമൊരു വിധിപ്രസ്താവന മാത്രമല്ല, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതി നേരിടുന്ന ഗുരുതരമായ ചില അപചയങ്ങള്‍ക്കെതിരെയുള്ള വിരല്‍ചൂണ്ടല്‍ കൂടിയാണ്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൗരനെ വര്‍ഷങ്ങളോളം വിചാരണയില്ലാതെ തടവിലിടാന്‍ സാധിക്കുന്നത് നിയമത്തിലെ ചില കടുത്ത വ്യവസ്ഥകള്‍ കൊണ്ടും അന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ കൊണ്ടുമാണ്. യു എ പി എ നിയമത്തിലേക്ക് നോക്കിയാല്‍ അതിന്റെ ഏറ്റവും അപകടകരമായ വശം ജാമ്യവ്യവസ്ഥ തന്നെയാണ്. സാധാരണ കേസുകളില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന്‍ ശക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണം. എന്നാല്‍ യു എ പി എ നിയമപ്രകാരം ഡയറി കുറിപ്പുകളോ ചാര്‍ജ്ഷീറ്റോ പരിശോധിച്ച് പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണെന്ന് കോടതിക്ക് തോന്നിയാല്‍ പോലും ജാമ്യം നിഷേധിക്കാം. ഈ "തോന്നല്‍' പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ കെട്ടിച്ചമക്കുന്ന കഥകളുടെ അടിസ്ഥാനത്തിലാകാം എന്നതാണ് ഇതിന്റെ പോരായ്മ.
പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് വിയോജിപ്പുള്ളവരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദരാക്കാനുള്ള ഒളിയമ്പായി യു എ പി എ മാറിക്കൊണ്ടിരിക്കുന്നു. വ്യക്തമായ തെളിവുകളില്ലാതെ കേവലം സംശയത്തിന്റെയോ പ്രതികാരബുദ്ധിയുടെയോ പേരില്‍ ഈ നിയമം ധാരാളമായി ചുമത്തപ്പെടുന്നു. യു എ പി എ ചുമത്തിയാല്‍ വര്‍ഷങ്ങളോളം ജാമ്യം കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഇത് വിമര്‍ശന ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നു. യഥാര്‍ഥത്തില്‍, വിചാരണ തുടങ്ങി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ഒരാള്‍ തടവില്‍ കഴിയണമെന്നതാണ് നിയമവ്യവസ്ഥ. എന്നാല്‍ യു എ പി എ കേസുകളില്‍ നൂറുകണക്കിന് സാക്ഷികളും ആയിരക്കണക്കിന് പേജുകളുള്ള ചാര്‍ജ്ഷീറ്റുകളും ഉണ്ടാകും. ഇത് വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ കാരണമാകുകയും ഫലത്തില്‍ പ്രതി ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ തടവുശിക്ഷ അനുഭവിച്ചു തീര്‍ക്കേണ്ട സാഹചര്യം സംജാതമാകുകയും ചെയ്യുന്നു.
യു എ പി എ കേസുകളില്‍ ജാമ്യം നല്‍കാന്‍ കീഴ്ക്കോടതികളും ഹൈക്കോടതികളും പലപ്പോഴും മടിക്കുന്നു. ജാമ്യം നല്‍കിയാല്‍ അത് രാജ്യദ്രോഹത്തെ അനുകൂലിക്കലായി മുദ്രകുത്തപ്പെടുമോ എന്ന ഭയം ജഡ്ജിമാരെപ്പോലും സ്വാധീനിക്കുന്നുണ്ടാകാം. സുപ്രീം കോടതിയുടെ മുന്‍കാല ചരിത്രപരമായ വിധികള്‍ നിലവിലുണ്ടായിട്ട് പോലും ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ കേസുകളില്‍ ജാമ്യം നിഷേധിച്ച ജുഡീഷ്യല്‍ സമീപനത്തെ സുപ്രീം കോടതിക്ക് തന്നെ കഴിഞ്ഞ ദിവസം വിമര്‍ശിക്കേണ്ടി വന്നത് ഇതിനാലാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍ സി ആര്‍ ബി) ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്ത് യു എ പി എ ചുമത്തപ്പെടുന്ന കേസുകളില്‍ വെറും 1.5 ശതമാനം മുതല്‍ പരമാവധി നാല് ശതമാനം വരെ മാത്രമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത്. ജമ്മു കശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ ഇത് ഒരു ശതമാനത്തിലും താഴെയാണ്. പല വര്‍ഷങ്ങളിലും അത് പൂജ്യവുമായിരുന്നു. അതായത്, ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന 100 പേരില്‍ 96 മുതല്‍ 99 വരെ ആളുകളും വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളാണെന്ന് കോടതി തന്നെ വിധിക്കുകയും അവരെ വെറുതെ വിടുകയും ചെയ്യുന്നു.
രാജ്യദ്രോഹിയെന്ന മുദ്രകുത്തി പൗരന്മാരെ അഞ്ച് വര്‍ഷമോ പത്ത് വര്‍ഷമോ ജയിലിനുള്ളിലിടുന്നു. ഒടുവില്‍ കോടതി പറയുന്നു; "നിങ്ങള്‍ നിരപരാധിയാണ്, പോകാം'. തകര്‍ന്നുപോയ മനുഷ്യജീവിതം, നഷ്ടപ്പെട്ട യൗവനം, കുടുംബത്തിന്റെ മാനക്കേട്, മാനസിക തകര്‍ച്ച തുടങ്ങിയ നികത്താനാകാത്ത നഷ്ടങ്ങള്‍ക്ക് ആരാണ് പരിഹാരം നല്‍കുക? ഇവിടെയാണ് വിചാരണ നീണ്ടുപോകുന്നത് തന്നെ ക്രൂരമായ ശിക്ഷയാണെന്ന കോടതി വിധികള്‍ പ്രസക്തമാകുന്നത്.
ഭീകരവാദത്തെയും രാജ്യദ്രോഹത്തെയും രാജ്യം ഒന്നിച്ച് നേരിടുക തന്നെ വേണം. അതിനായി ശക്തമായ നിയമങ്ങളും വേണ്ടതുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ നിരപരാധികളായ പൗരന്മാരെ വേട്ടയാടാനുള്ളതാകരുത്. സുപ്രീം കോടതിയുടെ പുതിയ ഇടപെടലുകള്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും അതിന്റെ പ്രയോഗവത്കരണം പൂര്‍ണാര്‍ഥത്തില്‍ തന്നെ നടക്കുന്നുണ്ടോ എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ വിരോധത്തിന്റെയോ ഭരണകൂടത്തോടുള്ള വിയോജിപ്പിന്റെയോ പേരില്‍ ആരും യു എ പി എ പോലുള്ള കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നീതിപീഠങ്ങള്‍ക്ക് സാധിക്കണം. അധികാര കേന്ദ്രങ്ങള്‍ നിയമങ്ങളെ സ്വന്തം താത്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് അതിനെ പ്രതിരോധിക്കാന്‍ കോടതികള്‍ ഒരുപോലെ മുന്നോട്ടു വരേണ്ടതുണ്ട്.

