Sunday, 20 Sep, 6.33 am സിറാജ്

ഇന്ത്യ
കര്‍ഷക ബില്‍ ഇന്ന് രാജ്യസഭയില്‍; എന്‍ ഡി എയില്‍ ഭിന്നത, പ്രാദേശിക കക്ഷികള്‍ നിര്‍ണായകം

ന്യൂഡല്‍ഹി | രാജ്യത്താകെ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ, വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഉപരിസഭ കടക്കാന്‍ സര്‍ക്കാറിന് വിയര്‍ക്കേണ്ടിവരും. അതേസമയം, കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സര്‍ക്കാറിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

നേരത്തേ, ദേശീയ പൗരത്വ ഭേദഗതി നിയമം, കശ്മീര്‍ വിഭജന നിയമം, സാന്പത്തിക സംവരണം സംബന്ധിച്ച നിയമം തുടങ്ങിയവ രാജ്യസഭയില്‍ പാസ്സാക്കാന്‍ എന്‍ ഡി എക്ക് പുറത്ത് നിന്നുള്ള കക്ഷികളുടെ പിന്തുണയോടെ ബി ജെ പി സര്‍ക്കാറിന് സാധിച്ചിരുന്നു.

243 അംഗ രാജ്യസഭയില്‍ 122 എന്നതാണ് മാന്ത്രിക സംഖ്യ. നിലവില്‍ എന്‍ ഡി എ കക്ഷികള്‍ക്ക് 105 വോട്ടുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിപക്ഷത്തിന് നൂറ് വോട്ടുകള്‍ വരെ ലഭിച്ചേക്കും. നേരത്തേ, പ്രദേശിക കക്ഷികളുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ നിര്‍ണായക ബില്ലുകള്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. എന്നാല്‍, കാര്‍ഷിക ബില്ലുകളില്‍ എന്‍ ഡി എയില്‍ ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന് വലിയ പ്രതിസന്ധിയാണ്.
രാജ്യസഭയിലെ പത്ത് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ചിദംബരം ഉള്‍പ്പെടെയുള്ള 15 പേര്‍ സഭയില്‍ എത്തില്ലെന്നതും സര്‍ക്കാറിന് തുണയാകും. എന്‍ ഡി എ ഘടകകക്ഷിയായ അകാലിദള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച്‌ ബില്ലിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന് അനുകൂലമാകും. ഇത് സഭയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും കരുതുന്നുണ്ട്. അംഗങ്ങള്‍ ഹാജരാകണമെന്ന് കാണിച്ച്‌ ബി ജെ പിയും അകാലിദളും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ടി ആര്‍ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പാര്‍ട്ടി എം പിമാര്‍ക്ക് നിര്‍ദേശം നല്‍കി. സാധാരണയായി സര്‍ക്കാറിന്റെ രക്ഷക്കെത്തുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക കക്ഷികള്‍ പൊതുവില്‍ ഇക്കുറി സര്‍ക്കാറിനെ പിന്തുണക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിനെ പിന്തുണക്കുമെന്ന് ശിവസേനയും എ ഐ എ ഡി എം കെയും വ്യക്തമാക്കിയിട്ടുണ്ട്. 135 അംഗങ്ങളുടെ പിന്തുണ ബില്ലിനുണ്ടാകുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

ഫാമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴ്‌സ് എംപവര്‍മെന്റ്‌ആന്‍ഡ് പ്രൊട്ടക്്ഷന്‍) എഗ്രിമെന്റ്‌ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ 2020 എന്നിവ രാവിലെ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവതരിപ്പിക്കും. അതിന് ശേഷം ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ സഹമന്ത്രി ദാന്‍വേ റൈസാബ് ദാദറാവു അവശ്യവസ്തു ഭേദഗതി ബില്ലും അവതരിപ്പിക്കും.

കെ കെ രാഗേഷ്, എളമരം കരീം, ബിനോയ് വിശ്വം, കെ സി വേണുഗോപാല്‍, ഡെറിക് ഒബ്രയിന്‍, ദിഗ്്വിജയ് സിംഗ് എന്നിവര്‍ ബില്ലുകളെ എതിര്‍ത്ത് പ്രമേയം അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

അതിനിടെ, ഹരിയാനയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ഇന്നലേയും അരങ്ങേറി. ഭാരതീയ കിസാന്‍ യൂനിയന്റെ ആഭിമുഖ്യത്തില്‍ ഹരിയാനയിലെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധം ഇന്നും തുടരും. പഞ്ചാബില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികന്‍ വിഷം കഴിച്ച്‌ മരിച്ചു. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Siraj Daily
Top