അതിവേഗ റെയില്‍ പദ്ധതി (സില്‍വർ പദ്ധതി) ഉപേക്ഷിച്ചിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ. ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച, 529 കി.
മീറ്റർ നീളം വരുന്ന, കാസർക്കോട്- തിരുവനന്തപുരം യാത്രാ സമയം നിലവിലെ 10- 12 മണുക്കൂറില്‍ നിന്നു നാല് മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട സില്‍വർ ലൈൻ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ഭീമമായ സാമ്പത്തിക ഭാരവും പ്രായോഗിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഉപേക്ഷിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിക്കുകയും ചെയ്തു. നിർദിഷ്ട പദ്ധതി പ്രദേശങ്ങളില്‍ സ്വന്തം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ബുദ്ധിമുട്ടുകയായിരുന്ന സ്ഥലമുടമകളുടെ പ്രയാസങ്ങള്‍ ഇതോടെ ലഘൂകരിക്കപ്പെടും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാണ് കേരളം. പടിഞ്ഞാറ് ഭാഗത്തെ അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനുമിടയില്‍ നീണ്ടുകിടക്കുന്ന, തുടർച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും സംഭവിക്കുന്ന ദുർബല പ്രദേശമാണ് ഇവിടം. കെ റെയില്‍ പദ്ധതിക്കായി 300 കി. മീറ്റർ നീളത്തില്‍ വലിയ മണ്‍തിട്ടകളാലുള്ള ട്രാക്കുകള്‍ പടുത്തുയർത്തണം. ഇത് കേരളത്തിന്റെ സ്വാഭാവികമായ കിഴക്ക്- പടിഞ്ഞാറ് ജലമൊഴുക്കിനെ തടസ്സപ്പെടുത്തുകയും 'ചൈനീസ് മതില്‍' പോലെ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുമായിരുന്നു. ഒരു കനത്ത മഴപെയ്താല്‍ പോലും വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളുള്ള കേരളത്തില്‍ ഇത്തരമൊരു നിർമിതി വലിയ പാരിസ്ഥിതിക ദുരന്തത്തിനു വഴിവെക്കുമെന്നു പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, നിരവധി വീടുകളും കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുകയും ചെയ്യും. വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ ഈ പദ്ധതി ഉപേക്ഷിക്കുമെന്നു യു ഡി എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയതാണ് .
സാമ്പത്തികമായും സംസ്ഥാനത്തിനു താങ്ങാനാകാത്തതാണ് പദ്ധതി. വിഭാവനം ചെയ്ത ചെലവ് ഏകദേശം 64,000 കോടിയാണെങ്കിലും ഒന്നേകാല്‍ ലക്ഷം കോടി വരുമെന്നു നിതി ആയോഗ് അടക്കമുള്ള ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധിതക്കാവശ്യമായ തുക വിദേശ ബേങ്കുകളില്‍ നിന്നു കടമെടുക്കാനായിരുന്നു മുൻ സർക്കാറിന്റെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന, ശമ്പളവും പെൻഷനും നല്‍കാൻ പോലും കടമെടുക്കേണ്ടി വരുന്ന കേരളം അന്താരാഷ്ട്ര ഏജൻസികളില്‍ നിന്നുള്ള ഇത്രയും വലിയ കടബാധ്യത എങ്ങനെ തിരിച്ചടക്കും?
സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിച്ചെങ്കിലും അതിവേഗ ഗതാഗത സംവിധാനം ആധുനിക കേരളത്തിനു അത്യാവശ്യമാണ്. അതുപക്ഷേ മനുഷ്യരെയും പരിസ്ഥതിയെയും ബലിയാടാക്കുന്ന വേഗതയായിരിക്കരുതെന്നു മാത്രം. ബദല്‍ പദ്ധതി സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും പരിസ്ഥിതി ആഘാതവും സാമ്പത്തിക ചെലവും കുറഞ്ഞ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പ് നല്‍കുകയുണ്ടായി. നിലവിലുള്ള റെയില്‍വേ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു അതിവേഗ റെയില്‍ പദ്ധതി മെട്രോ വിദഗ്ധൻ ഇ ശ്രീധരൻ നിർദേശിക്കുന്നുണ്ട്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആദ്യഘട്ടം കണ്ണൂർ മുതല്‍ തിരുവനന്തപുരം വരെയായിരിക്കും. രണ്ടാം ഘട്ടമായി കണ്ണൂർ- കാസർക്കോട് പാതയും നിർമിക്കും.
പദ്ധതിക്കാവശ്യമായ 56.500 കോടി രുപയില്‍ 70 ശതമാനം, 51-49 ആനുപാതത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ വഹിക്കണം. ഇതനുസരിച്ചു സംസ്ഥാന വിഹിതം 19,380 കോടിയാണ്. ബാക്കി വരുന്ന മുപ്പത് ശതമാനം നിക്ഷേപമായോ മറ്റു മാർഗങ്ങളിലൂടെയോ കണ്ടെത്താമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മലപ്പുറത്തു നടത്തിയ വാർത്താ സമ്മേളനത്തില്‍ ശ്രീധരൻ പറഞ്ഞത്. അതിവേഗ റെയിലില്‍ കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂർ 20 മിനുട്ട് മാത്രം. പദ്ധതിക്കാവശ്യമായ മുഴുൻ വൈദ്യുതിയും സോളാർ പാനല്‍ വഴി ഉത്പാദിപ്പിക്കും. വിശദമായ പദ്ധതി റിപോർട്ട്(ഡി പി ആർ) ഉടനെ തന്നെ തയ്യാറാക്കുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് പാതയുമായി പൊരുത്തപ്പെടാത്ത സ്റ്റാൻഡേഡ് ഗേജ് ആയിരുന്നു നേരത്തെ സില്‍വർ ലൈനില്‍ വിഭാവനം ചെയ്തിരുന്നത്. ഇതുകാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ഈ ലൈനില്‍ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ല. നിലവിലുള്ള ബ്രോഡ്‌ഗേജ് പാതകള്‍ നിലനിർത്തിക്കൊണ്ടാണ് അതിവേഗ റെയില്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. ജലപാതാ വികസനവും വ്യോമയാന ശൃംഖലയുടെ വിപുലീകരണവും പരിഗണിക്കാവുന്നതാണ്. കോവളം മുതല്‍ ബേക്കല്‍ വരെ 500 കി. മീറ്റർ ദൈർഘ്യമുളള വെസ്റ്റ് കോസ്റ്റ് കനാല്‍ പൂർണമായി പ്രവർത്തന സജ്ജമാക്കിയാല്‍ ചരക്കുനീക്കവും ഒരു പരിധി വരെ വിനോദ സഞ്ചാര യാത്രകളും ഇതുവഴിയാക്കാനാകും. റോഡുകളിലെ വൻകിട ലോറികളുടെ എണ്ണവും തിരക്കും കുറക്കാനും ഇത് സഹായമാകും. പരിസ്ഥിതിക്ക് ഒട്ടും പോറലേല്‍പ്പിക്കാത്ത വികസന മാതൃകയാണിത്.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു ആഭ്യന്തര വിമാന സർവീസുകള്‍ വർധിപ്പിക്കുന്നതും അടിയന്തിര പ്രാധാന്യമുള്ള യാത്രക്കാർക്ക് ഉപകാരപ്പെടും. കേന്ദ്ര സർക്കാറിന്റെ 'ഉഡാൻ പദ്ധതി' മാതൃകയില്‍ സബ്‌സിഡി നിരക്കില്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളെ ഉള്‍പ്പെടുത്തി ചെറിയ വിമാന- ഹെലികോപ്റ്റർ സർവീസുകള്‍ ആരംഭിക്കാവുന്നതാണ്.
കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ ഗതാഗത വികസനത്തിലേക്കുള്ള ചുവടുവെപ്പായിരിക്കണം സില്‍വർ ലൈൻ റദ്ദാക്കിക്കൊണ്ടുള്ള സതീശൻ സർക്കാർ നടപടി. പുതിയ പാതകള്‍ മാത്രമല്ല വികസനം; നിലവിലുള്ള ഗതാഗത സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നതും വികസനമാണ്.

