Monday, 14 Jun, 2.43 pm സിറാജ്

കേരളം
മന്ത്രിസഭാ പുനസ്സംഘടനയില്‍ വി മുരളീധരനെ തെറിപ്പിക്കാന്‍ കരുനീക്കം; കേരളത്തില്‍ ഗ്രൂപ്പ് പോര് ഒതുക്കാന്‍ മറ്റ് വഴിയില്ലെന്ന് പരാതി

കോഴിക്കോട് | ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ വി മുരളീധരനെ ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്ന് കരുനീക്കം. കേരളത്തിലെ ബി ജെ പിയുടെ ശക്തി ക്ഷയിപ്പിച്ച ഗ്രൂപ്പു കളികളുടെ പ്രഭവ കേന്ദ്രം വി മുരളീധരനാണെന്ന ആരോപണവുമായാണ് വിവിധ കേന്ദ്രങ്ങള്‍ പാര്‍ട്ടിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്ന അമിത് ഷാക്കും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദക്കും പരാതി അയച്ചത്.

കേരളത്തില്‍ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുത്തയച്ച പണത്തിന്റെ ദുര്‍വിനിയോഗവും പണം കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ചയും തിരഞ്ഞെടുപ്പു കോഴയും അടക്കം സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കെ, വി മുരളീധരനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് കേരളത്തിലെ പ്രമുഖ വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്നു വാദിക്കുന്ന ആര്‍ എസ് എസും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളും ബി ജെ പിയിലെ ഒരു വിഭാഗവും ഉള്‍പ്പെടെയുള്ളവരാണ് പരാതിയുമായി കേന്ദ്രത്തെ സമീപിച്ചത്.

പാര്‍ട്ടിയിലേക്കു പുതുതായി കടന്നുവന്ന മുന്‍ ബ്യൂറോക്രാറ്റുകള്‍ അടക്കമുള്ള പ്രമുഖര്‍ക്കും തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ആഘാതമായിട്ടുണ്ട്.
ഡല്‍ഹിയില്‍ എത്തി അമിത് ഷായെ കണ്ട് കാര്യങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമുണ്ടാക്കി തിരിച്ചു വരാനുള്ള കെ സുരേന്ദ്രന്റെ ആഗ്രഹവും വി മുരളീധരന്റെ നീക്കവും പരാജയപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ മറുപക്ഷത്തിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. പാര്‍ട്ടിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് പാര്‍ട്ടിയെ ഏറെക്കാലം അടക്കി ഭരിക്കാമെന്ന നീക്കമാണ് പരാജയപ്പെട്ടതെന്ന് അവര്‍ പറയുന്നു.

പാര്‍ട്ടിക്കു തിരിച്ചടി നേരിട്ട എല്ലാ സംസ്ഥാനങ്ങളിലേയും അധ്യക്ഷന്‍മാരെ ഡല്‍ഹിക്കു വിളിപ്പിച്ചിരുന്നു. ഇതിനിടെ കേന്ദ്ര നേതാക്കളെ അനുനയിപ്പിക്കാനായിരുന്നു മുരളീധരന്‍ ശ്രമം നടത്തിയത്. എന്നാല്‍, കേരളത്തിലെ തിരഞ്ഞെടുപ്പിലെ വിവിധ കോഴ ആരോപണങ്ങള്‍ പുറത്തുവന്നതോടെ എല്ലാ വാതിലും അടയുകയായിരുന്നു. ഇതിന്റെയെല്ലാം വിശദ വിവരങ്ങള്‍ മറുപക്ഷം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നുണ്ടായിരുന്നു. കോഴ കൈമാറുന്നത് കൃഷ്ണദാസ് അറിയേണ്ട എന്ന ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ ചെവിയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചുകൊണ്ടു മുന്നോട്ടു പോവാനാവില്ലെന്ന് കൃഷ്ണദാസ് പക്ഷം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

വി മുരളീധരന്‍ ഇടപെട്ടിട്ടും അമിത് ഷാ സുരേന്ദ്രനുമായി കൂടിക്കാഴ്ച പോലും അനുവദിക്കാതിരുന്നത് അദ്ദേഹത്തിന്റെ രോഷമാണ് വ്യക്തമാക്കുന്നത്. വി മുരളീധരനും കേന്ദ്ര നേതാക്കള്‍ക്കിടയിലെ പിടി അയയുന്നു എന്നതിന്റെ സൂചനയായും ഇതു വിലയിരുത്തപ്പെടുന്നു. പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയും ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും കേരള നേതൃത്വത്തെ ശാസിക്കുകയും ചെയ്തു എന്നാണു വിവരം.

പാര്‍ട്ടി സംവിധാനത്തിലൂടെയല്ലാതെ കേരളത്തിലെ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി അറിയാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കിയിട്ടും ദയനീയമായ പരാജയത്തിന്റെ കാരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര നേതൃത്വം ഇങ്ങനെ സ്വീകരിച്ചിട്ടുണ്ട്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവര്‍ കേരളത്തിലെ ഗ്രൂപ്പു പോരും സാമ്ബത്തിക ക്രമക്കേടും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരം കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

കേന്ദ്രത്തില്‍ വി മുരളീധരന്‍ വഴിയുണ്ടായിരുന്ന പിടിവള്ളിയായിരുന്നു കേരളത്തില്‍ അവരുടെ ഗ്രൂപ്പിന്റെ ശക്തി. അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം മിനുക്കല്‍ നടപടികളുടെ ഭാഗമായാണ് മന്ത്രിസഭാ പുനസ്സംഘടന നടത്താന്‍ പ്രധാന മന്ത്രി ഒരുങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരേയും കോണ്‍ഗ്രസില്‍ നിന്നു ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയേയും അടക്കം ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നതോടൊപ്പം വി മുരളീധരന്‍ അടക്കമുള്ള ചില സഹമന്ത്രിമാര്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന സൂചനയാണുള്ളത്. ആര്‍ എസ് എസിലെ സ്വാധീനം ഉപയോഗിച്ച്‌ പദവിയില്‍ തുടരാന്‍ വി മുരളീധരന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും മന്ത്രി പദവി കൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഏറെ ദോഷം ഉണ്ടായെന്നും എതിര്‍പക്ഷം ആരോപണം ഉന്നയിക്കുന്നു. മുരളീധരന്‍ ഒഴിയുന്നതിനു പകരമായി ആ പദവി ലക്ഷ്യമിട്ടും ചില നീക്കങ്ങള്‍ കേരളത്തില്‍ ശക്തമായിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Siraj Daily
Top