മുംബൈ | മുസ്‌ലിംകളെ വെട്ടിമാറ്റി വീണ്ടും വോട്ടർപ്പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ് ഐ ആർ). മഹാരാഷ്ട്രയിലെ 38 നിയമസഭാ മണ്ഡലങ്ങളിലെ എസ് ഐ ആർ പ്രക്രിയക്ക് ശേഷം പുറത്തുവിട്ട പട്ടികയില്‍ 30 ശതമാനം പേരെയാണ് ഒഴിവാക്കിയത്.
ഈ മണ്ഡലങ്ങളില്‍ വോട്ടർമാരുടെ അഞ്ചിലൊന്നും മുസ്‌ലിംകളാണ്. ഈ 38 മണ്ഡലങ്ങളിലായി 37.51 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് പുറത്താക്കിയത്. വിവരങ്ങള്‍ ശേഖരിക്കാൻ സാധിക്കാത്തവയെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ ഈ മണ്ഡലങ്ങളില്‍ കൂടുതലാണ്. എസ് ഐ ആറില്‍ ഒഴിവാക്കപ്പെട്ടവരുടെ സംസ്ഥാന ശരാശരി 21.14 ശതമാനമാണെന്നും വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത 29 മണ്ഡലങ്ങളില്‍ ശരാശരി 19.6 ശതമാനം പേരെയും പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത 25 മണ്ഡലങ്ങളില്‍ 13.2 ശതമാനം പേരെയും വോട്ടർപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കരട് വോട്ടർപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരെ സ്ഥിരമായി താമസം മാറിയവർ, മരിച്ചവർ, സ്ഥലത്തില്ലാത്തവർ, ആവർത്തിച്ചുവന്ന പേരുകള്‍, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് അടയാളപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പ്രകാരം, പുണെ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ (28.6 ലക്ഷം) പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. തൊട്ടുപിന്നാലെ താനെ (28.5 ലക്ഷം), മുംബൈ സബർബൻ (26.5 ലക്ഷം) എന്നീ ജില്ലകളും വരുന്നു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഭിവണ്ടി ഈസ്റ്റ് മണ്ഡലത്തില്‍ 49.1 ശതമാനം വോട്ടർമാരെയും ഭിവണ്ടി വെസ്റ്റില്‍ 44.7 ശതമാനം പേരെയും കല്‍വ- മുംബ്രയില്‍ 42.9 ശതമാനം പേരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നാണ് കണക്ക്.
മുസ്‌ലിംകള്‍ ജനസംഖ്യയുടെ 27.6 ശതമാനം വരുന്ന ചാന്ദിവലി മേഖലയില്‍ 41.4 ശതമാനം വോട്ടർമാരെയും വിവരങ്ങള്‍ ശേഖരിക്കാൻ കഴിയാത്തവരെന്ന് കാണിച്ച് വെട്ടി. നഗരത്തിലെ സിയോണ്‍- കോളിവാഡ, പുണെയിലെ കന്റോണ്‍മെന്റ്മേഖല എന്നിവിടങ്ങളിലും ഈ നിരക്ക് 40 ശതമാനത്തിലധികമാണ്. 78.4 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മലേഗാവ് സെൻട്രലില്‍ 23.4 ശതമാനം വോട്ടർമാരെയാണ് ഒഴിവാക്കിയത്. 53 ശതമാനം മുസ്‌ലിംകളുള്ള മുംബൈയിലെ മൻഖുർഡ് ശിവാജി നഗറില്‍ ഈ നിരക്ക് 42.3 ശതമാനമാണ്. 51 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഭിവണ്ടി ഈസ്റ്റില്‍ ഒഴിവാക്കല്‍ നിരക്ക് 49.1 ശതമാനമാണെന്നും വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
മൂന്നാം ഘട്ടത്തില്‍ എസ് ഐ ആർ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കഴിഞ്ഞ വർഷം ബിഹാറിലാണ് ഈ പ്രക്രിയയുടെ ആദ്യഘട്ടം നടന്നത്.
Content Highlights:
The Special Intensive Revision of voter lists in Maharashtra resulted in the removal of 30 percent voters across 38 constituencies with significant Muslim populations. Around 37.51 lakh voters were excluded in these key regions. Districts like Pune, Thane, and Mumbai Suburban recorded the highest number of voter deletions.

