Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പനവൂരു'കള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

"പനവൂരു'കള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

റ്റവും പവിത്രവും കുട്ടികളെ സംബന്ധിച്ചിടത്തോളം അതീവ സുരക്ഷിതവുമെന്ന് വിശ്വസിക്കപ്പെടുന്ന മാതൃത്വത്തിന്റെ സാന്നിധ്യത്തില്‍, ഒന്നര വയസ്സ് മാത്രം പ്രായമുള്ള അര്‍ശിദ് എന്ന കുഞ്ഞ് ക്രൂരമര്‍ദനമേറ്റ് പിടഞ്ഞു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

സമാനതകളില്ലാത്തതാണ് തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ സംഭവം. സ്വന്തമായി പ്രതിരോധം തീര്‍ക്കാനോ വേദനിക്കുമ്പോള്‍ ഉറക്കെ നിലവിളിച്ച്‌ ആളുകളെ കൂട്ടാനോ പ്രായമാകാത്ത കുഞ്ഞാണ് അവിടെ ക്രൂരതകള്‍ക്ക് ഇരയായത്. ഒരു കുഞ്ഞിന്റെ മൃദുലമായ ശരീരത്തിന് താങ്ങാനാകത്ത മര്‍ദനവും അതിക്രമവുമാണ് അര്‍ശിദിന് ഏല്‍ക്കേണ്ടിവന്നത്.

പോലീസ് വെളിപ്പെടുത്തിയ വിവരമനുസരിച്ച്‌ മാസങ്ങളായി കുഞ്ഞ് ക്രൂരമായ പീഡനമനുഭവിക്കാന്‍ തുടങ്ങിയിട്ട്. പുതിയതും പഴയതുമായ 91 മുറിവുകള്‍ കണ്ടെത്തുകയുണ്ടായി ആ ഇളം ശരീരത്തില്‍. ഏഴ് വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നു. കടുത്ത മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും തലച്ചോറിനേറ്റ മാരക പരുക്കുകളുമാണ് അര്‍ശിദിന്റെ ജീവനെടുത്തത്. പങ്കാളിയുടെ ക്രൂരതകള്‍ തടയേണ്ട മാതാവ്, കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയോ അതില്‍ പങ്കാളിയാകുകയോ ചെയ്തത് മാതൃത്വമെന്ന സങ്കല്‍പ്പത്തിനു മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നു. സ്വന്തം കുഞ്ഞിനോട് എങ്ങനെയാണ് ഒരു മാതാവിന് ഇത്രയും ക്രൂരത കാണിക്കാനായത്?

മാതാക്കള്‍ പുനര്‍വിവാഹിതരാകുമ്പോള്‍ മുന്‍ ബന്ധങ്ങളിലെ കുട്ടികള്‍ കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ക്കിരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ തങ്ങളുടെ പുതിയ ജീവിതവും പങ്കാളിയെയും നിലനിര്‍ത്തുന്നതിന് കുട്ടികളുടെ സുരക്ഷിതത്വം അവഗണിക്കുകയാണ്. പങ്കാളിയെ പിണക്കിയാല്‍ വീണ്ടും ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം മൂലമോ പുതിയ ബന്ധത്തോടുള്ള അമിതമായ വൈകാരിക അടിമത്തം കാരണമോ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും മൂടിവെക്കുകയും ചെയ്യുന്നു. പുതിയ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ ബാധ്യതയായി മാറുമോ എന്ന ഭീതിയില്‍ മാതാക്കള്‍ തന്നെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും കുറവല്ല. അതേസമയം എല്ലാ പുനര്‍വിവാഹങ്ങളെയും ഒരേ കണ്ണോടെ കാണുകയുമരുത്. രണ്ടാം ഭര്‍ത്താവിനു കീഴില്‍ സുരക്ഷിതരായി കഴിയുന്ന കുട്ടികള്‍ ധാരാളമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഒട്ടും ധാര്‍മിക ബോധമില്ലാത്തവരും പങ്കാളിയായി കടന്നുവരുമ്പോഴാണ് കുട്ടികള്‍ ഇരകളാകുന്നത്.

അയല്‍ കുടുംബങ്ങളില്‍ നടക്കുന്ന ക്രൂരതകള്‍ക്കു നേരെ മുഖം തിരിക്കുന്ന നവകേരളീയന്റെ സംസ്‌കാരശൂന്യതയുടെയും നഷ്ടപ്പെട്ട മാനുഷികതയുടെയും മുഖം കൂടി വെളിപ്പെടുത്തുന്നു പനവൂര്‍ സംഭവം. കുഞ്ഞ് ദിവസങ്ങളോളം ക്രൂരമായി മര്‍ദിക്കപ്പെട്ട സാഹചര്യത്തില്‍ അയല്‍വാസികളും ബന്ധുക്കളും അതറിയാതിരിക്കാന്‍ സാധ്യതയില്ല. കുട്ടികളുടെ കരച്ചിലോ അസ്വാഭാവികമായ പെരുമാറ്റങ്ങളോ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ ശ്രദ്ധയില്‍ പെട്ടാലും "അതവരുടെ കുടുംബകാര്യ'മെന്ന ചിന്തയില്‍ മറ്റുള്ളവര്‍ മാറിനില്‍ക്കുകയാണ് പൊതുവെ. ഒരു സ്ത്രീക്കെതിരെയോ മുതിര്‍ന്ന വ്യക്തിക്കെതിരെയോ അതിക്രമം നടന്നാല്‍ അവര്‍ക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെടാനാകും. കുട്ടികള്‍ സ്വന്തം അവകാശങ്ങള്‍ക്കായി സംസാരിക്കാന്‍ കഴിയാത്തവരാണ്. ഈ സാഹചര്യത്തില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന് ചില ഉത്തരവാദിത്വമുണ്ട്. തങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന മര്‍ദിതരുടെ സഹായികളായി അവര്‍ മാറേണ്ടതുണ്ട്.

പുനര്‍വിവാഹത്തിനു മുമ്പ് സ്ത്രീകളും കുടുംബവും പുതിയ ജീവിത പങ്കാളിയുടെ സ്വഭാവവും വ്യക്തിത്വവും പശ്ചാത്തലവും വ്യക്തമായി അന്വേഷിക്കണമെന്നതാണ് പനവൂര്‍ നല്‍കുന്ന പാഠം. വെറുതെയൊരു തണലിനു വേണ്ടി ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കൈകളിലേക്ക് കുഞ്ഞിനെ എറിഞ്ഞു കൊടുക്കരുത്. അഥവാ വിവാഹ ശേഷം പങ്കാളിയില്‍ സ്വഭാവദൂഷ്യം പ്രകടമാകുകയും കുഞ്ഞിന്റെ ഭാവിയില്‍ ആശങ്ക അനുഭവപ്പെടുകയും ചെയ്താല്‍, കുടുംബക്കാരെയോ ദത്തെടുക്കാന്‍ താത്പര്യമുള്ളവരെയോ ഏല്‍പ്പിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം.

മാതാപിതാക്കള്‍ പുനര്‍വിവാഹിതരാകുന്ന കുടുംബങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് കഴിഞ്ഞ വര്‍ഷം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. ഓരോ സ്‌കൂള്‍ പരിധിയിലെയും മാതാപിതാക്കള്‍ പുനര്‍വിവാഹിതരായ കുടുംബങ്ങളിലെ കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും മാസത്തിലൊരിക്കല്‍ അധ്യാപകര്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ കുട്ടികളുടെ സുഖവിവരങ്ങള്‍ ആരായുകയും സുരക്ഷ ഉറപ്പ് വരുത്തുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ സ്‌കൂള്‍പ്രായമായ (അഞ്ച് വയസ്സ്) കുട്ടികള്‍ മാത്രമാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്. സമാന രീതിയില്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷയും ഉറപ്പ് വരുത്താനുള്ള പദ്ധതി അനിവാര്യമാണെന്ന് പനവൂര്‍ സംഭവം ഭരണകൂടത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നു.

ഇക്കാര്യത്തില്‍ അങ്കണ്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സന്ദര്‍ശക സംഘത്തെ വിനിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. സ്‌കൂള്‍ പ്രായത്തിനു താഴെയുള്ള കുട്ടികളുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയും അവര്‍ക്കാണ് നന്നായി അറിയാനാകുക. ഓരോ പ്രദേശത്തെയും ഗര്‍ഭിണികളുടെയും ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും ലിസ്റ്റ് അവരുടെ വശമുണ്ടാകും. പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യവും കുഞ്ഞുങ്ങളുടെ വളര്‍ച്ചയും കൃത്യമാണോ എന്നെല്ലാം അന്വേഷിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ഇടക്കിടെ വീടുകള്‍ സന്ദര്‍ശിക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ശാരീരിക സുരക്ഷിതത്വം കൂടി അന്വേഷിക്കാന്‍ അവര്‍ക്ക് സാധിക്കും. കുടുംബശ്രീ, റസിഡന്റ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളെയും ഈ കാര്യത്തില്‍ പങ്കാളികളാക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily