തെഹ്റാൻ/ റിയാദ് | പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനായുള്ള ചർച്ചകള്‍ക്കിടയിലും സംഘർഷം രൂക്ഷമായി തുടരുന്നു. ഹോർമുസിലും ചെങ്കടല്‍ തീരത്തും ഒരേസമയം ആക്രമണം തുടരുകയാണ്.
ഹോർമുസ് കടലിടുക്കിന് മുകളില്‍ വെച്ച് യു എസിന്റെരണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇറാൻ അറിയിച്ചു. സഊദി അറേബ്യയും യമനില്‍ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്.
പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് യു എസിന്റെ എം ക്യു 9 ഡ്രോണ്‍ വെടിവെച്ചിട്ടെന്നാണ് ഇറാനിലെ റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടത്. ഒന്‍പത് മാസം മുന്‍പ് യു എസും ഇസ്റാഈലും സംയുക്തമായി തുടക്കമിട്ട സംഘർഷത്തിനിടെ സൈന്യം വെടിവെച്ചിടുന്ന 58ാമത്തെ എം ക്യു 9 ഡ്രോണാണിതെന്ന് ഇറാൻ പറയുന്നു. ഇതിന് പുറമെ ഖ്വഷം ദ്വീപിന് മുകളില്‍ വെച്ച് യു എസിന്റെ എം ക്യു- 1 ഡ്രോണും വെടിവെച്ചിട്ടു.
ഇതേക്കുറിച്ച് യു എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കക്ക് 45 എം ക്യു 9 ഡ്രോണുകള്‍ നഷ്ടമായതായി 'വാഷിംഗ്ടണ്‍ പോസ്റ്റ്' ആഗസ്റ്റില്‍ റിപോർട്ട് ചെയ്തിരുന്നു. നിരീക്ഷണത്തിനും രഹസ്യവിവര ശേഖരണത്തിനും കൃത്യതയോടെയുള്ള വ്യോമാക്രമണത്തിനുമാണ് ഈ ഡ്രോണ്‍ ഉപയോഗിക്കുന്നത്.
ഹോർമുസിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലിന് മൈനില്‍ തട്ടി തീപിടിച്ചതായി ഐ ആർ ജി സി അറിയിച്ചു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ പ്രൊജക്ടൈല്‍ ആക്രമണം നടന്നതായി യു കെ മാരിടൈം ട്രേഡ് ഓപറേഷൻസ് (യു കെ എം ടി ഒ) അറിയിച്ചതിന് പിന്നാലെയാണിത്. ഇറാൻ "നിശബ്ദ സാന്പത്തിക യുദ്ധം' നേരിടുകയാണെന്നും അത് മിസൈലുകള്‍ ഉപയോഗിച്ചുള്ള യുദ്ധത്തേക്കാള്‍ കഠിനമാണെന്നും പ്രസിഡന്റ്മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
മിസൈല്‍ സിറ്റി സന്ദർശിച്ചു
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് അഹ്മദ് വാഹിദി ഭൂഗർഭ മിസൈല്‍ സിറ്റി സന്ദർശിച്ചു. നിലവിലെ സൈനിക നീക്കങ്ങള്‍ 'ഒരു തുടക്കം' മാത്രമാണെന്ന് പ്രഖ്യാപിച്ച വാഹിദി, ശത്രുക്കള്‍ കൂടുതല്‍ അപമാനിതരാകുന്നതിന് ഇറാൻ സാക്ഷ്യം വഹിക്കുമെന്നും മുന്നറിയിപ്പ് നല്കി.
അതേസമയം, സഊദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചതായി സഊദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ചെങ്കടല്‍ തീരത്തുള്ള യമന്റെ തന്ത്രപ്രധാന തുറമുഖമായ ഹുദൈദയില്‍ കഴിഞ്ഞ ദിവസം സഊദി ആക്രമണം നടത്തിയിരുന്നു. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ഭക്ഷണവും മാനുഷിക സഹായവും എത്തിക്കുന്ന പ്രധാന തുറമുഖമാണിത്.
ഹൂതികളുടെ വിതരണ ശൃംഖലകള്‍ ലക്ഷ്യമിട്ട് ആറ് വ്യോമാക്രമണങ്ങള്‍ നടത്തിയതായി യമൻ സർക്കാർ സേന അറിയിച്ചു. തെക്കൻ മാരിബില്‍ ഹൂതികളുടെ സൈനിക ഉപകരണങ്ങള്‍ നശിപ്പിച്ചതായും സർക്കാർ സേന അറിയിച്ചു.
#MiddleEastConflict #Iran #RedSea #StraitOfHormuz #SaudiArabia #Yemen #WorldNews
Content Highlights: Middle East tensions escalate across the Strait of Hormuz and the Red Sea despite talks for lasting peace. Iran claimed downing US drones and reported a tanker hitting a mine, while Saudi forces intercepted Houthi missiles toward Riyadh. Clashes and airstrikes also continued in Yemen.

