Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈദ്യുതി ഇടപാടില്‍ സുതാര്യത വേണം

വൈദ്യുതി ഇടപാടില്‍ സുതാര്യത വേണം

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ അനാസ്ഥയിലേക്കും സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് വി ഇ എച്ച്‌ ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് സംബന്ധിച്ച്‌് റെഗുലേറ്ററി കമ്മീഷന് കെ എസ് ഇ ബി അധികൃതര്‍ നല്‍കിയ വിശദീകരണക്കുറിപ്പിലെ അവ്യക്തതകളും പൊരുത്തക്കേടുകളും.

വി ഇ എച്ച്‌ ഗ്ലോബലില്‍ നിന്ന് യൂനിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നായിരുന്നു കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. ഈ നിരക്കില്‍ വാങ്ങാനാണ് കമ്മീഷന്‍ അനുമതി നല്‍കിയതും. എന്നാല്‍, വൈദ്യുതി കേരളത്തിലെത്തിക്കുന്നതിന് പ്രസരണ നിരക്കായി 1.55 രൂപ നല്‍കിയതോടെ യൂനിറ്റ് നിരക്ക് 12.55 രൂപയായി വര്‍ധിച്ചുവെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്. ഇതുവഴി വൈദ്യുതി ബോര്‍ഡിന് 92 ലക്ഷം രൂപ നഷ്ടം സംഭവിച്ചു.

റെഗുലേറ്ററി കമ്മീഷന്‍ ഉന്നയിച്ച 15 സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വൈദ്യുതി ബോര്‍ഡിനായില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ട്രേഡിംഗ് മാര്‍ജിന്‍ ഉള്‍പ്പെടെയാണോ വി ഇ എച്ച്‌ ഗ്ലോബലുമായി കരാര്‍ ഉറപ്പിച്ചതെന്ന കമ്മീഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. വി ഇ എച്ച്‌ ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ലൈസന്‍സുണ്ടെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ആ നിലയിലാണോ കരാര്‍ എന്ന ചോദ്യത്തിനും മൗനമാണ് ഉത്തരം. 12 വ്യത്യസ്ത കമ്പനികളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുകയെന്നാണ് കരാറില്‍ പറയുന്നത്. ഈ കമ്പനികളെല്ലാം വി ഇ എച്ച്‌ ഗ്ലോബലിന് കീഴിലുള്ളതാണോ അതോ സ്വതന്ത്ര വിതരണക്കാരാണോ എന്ന സംശയത്തിനും വിശദീകരണമില്ല. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെക്കുറിച്ച്‌, അതിന്റെ നിയന്ത്രണ വിഭാഗത്തിന് പോലും കൃത്യമായ വിവരങ്ങളില്ലെന്നത് ദുരൂഹവും ഗൗരവതരവുമാണ്. തീര്‍ത്തും അതാര്യമാണ് ഈ ഇടപാട്. "ചെലവായ തുക പൂര്‍ണമായി അനുവദിക്കണമെന്നില്ല, ന്യായമായ തുക അനുവദിച്ചാല്‍ മതി'യെന്ന കെ എസ് ഇ ബിയുടെ നിലപാട് ഇടപാടില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന കുറ്റസമ്മതമായി വേണം വിലയിരുത്താന്‍. വൈദ്യുതി വകുപ്പില്‍ ഇത്രയും വലിയൊരു ക്രമക്കേട് നടക്കുമ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

എം ജി രാജമാണിക്യം കെ എസ് ഇ ബി ചെയര്‍മാനായിരുന്ന കാലത്താണ് ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിക്കുന്നതും വി ഇ എച്ച്‌ ഗ്ലോബലുമായി കരാറിലേര്‍പ്പെടുന്നതും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ നടന്ന കരാറുകളും ടെന്‍ഡറുകളും സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പുതിയ ചെയര്‍മാന്‍ എന്‍ പ്രശാന്ത്. ഇത് സ്വാഗതാർഹമാണ്. കരാറുകളില്‍ ക്രമവിരുദ്ധമായ നടപടികളുണ്ടായോ, അക്കാലയളവില്‍ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടായിരുന്നോ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനായി ക്ഷാമമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് റിപോര്‍ട്ട്. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച്‌ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ടെങ്കില്‍ അതൊരു സാധാരണ ഭരണവീഴ്ചയല്ല; പൊതുസ്വത്ത് കൊള്ളയടിക്കാന്‍ നടത്തിയ ഗൂഢനീക്കമാണ്. കേവലമൊരു ചടങ്ങായി മാറരുത് ഈ അന്വേഷണം. കരാറുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ സംശയങ്ങള്‍ക്കും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തുന്ന സമഗ്രമായ അന്വേഷണമായിരിക്കണം.

വൈദ്യുതി വാങ്ങിയ കമ്പനികളുടെ വിവരങ്ങള്‍, വിലനിര്‍ണയ മാനദണ്ഡങ്ങള്‍, പ്രസരണച്ചെലവിന്റെ കണക്കുകള്‍, വ്യാപാര മാര്‍ജിന്‍, കരാർ വ്യവസ്ഥകള്‍ എന്നിവ പൊതുസമൂഹത്തിന് പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാക്കുകയും വേണം. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ടതല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇടപാടുകള്‍. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പണവും പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെട്ട കരാറാണിത്.

വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഇല്ലാത്ത സംസ്ഥാനമാണ് കേരളം. വൈദ്യുത ഉപഭോഗം ഇവിടെ അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പുറമേ നിന്ന് വൈദ്യുതി വാങ്ങാതെ നിര്‍വാഹമില്ല. എങ്കിലും എന്തു വിലകൊടുത്തും ആരില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന നിലപാട് ന്യായീകരണമര്‍ഹിക്കുന്നില്ല. ലഭ്യമായ വിതരണക്കാരെയെല്ലാം ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിക്കുക, ടെന്‍ഡര്‍ നടപടികളില്‍ മത്സരം ഉറപ്പാക്കുക, വിലയും പ്രസരണച്ചെലവും ഉള്‍പ്പെടെയുള്ള മൊത്തം സാമ്പത്തിക ബാധ്യത മുന്‍കൂട്ടി കണക്കാക്കുക, കരാര്‍ വ്യവസ്ഥകള്‍ വ്യക്തമായി പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മഴ ലഭ്യതയും ജലസംഭരണികളിലെ നീരൊഴുക്കും മുന്‍കൂട്ടി വിലയിരുത്തി കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാല- ഹ്രസ്വകാല കരാറുകളിലേര്‍പ്പെടുന്നതിന് പകരം അവസാന നിമിഷം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വില കുറഞ്ഞ വൈദ്യുതി ലഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാതെ ഉയര്‍ന്ന നിരക്കിലുള്ള ഇടപാടിലേര്‍പ്പെടുന്നത് പൊതുമേഖലയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുകയും അതിന്റെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യും.

അന്യായമായ കരാറിലൂടെ കെ എസ് ഇ ബിക്ക് സംഭവിച്ച നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുത്. ഇടപാടിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരില്‍ നിന്നാണ് ആ തുക തിരിച്ചുപിടിക്കേണ്ടത്. ഉപയോഗിക്കുന്ന വൈദ്യുതിക്ക് ന്യായമായ നിരക്കില്‍ ചാര്‍ജ് അടയ്ക്കാനല്ലാതെ ബോര്‍ഡ് തലപ്പത്തുള്ളവരുടെ വീഴ്ചകള്‍ക്കും അഴിമതിക്കും പിരടിവെച്ചുകൊടുക്കേണ്ട ബാധ്യത ഉപഭോക്താക്കള്‍ക്കില്ല. കെ എസ് ഇ ബിയെ വെള്ളാനയാക്കി മാറ്റുന്ന ഇത്തരം കെടുകാര്യസ്ഥതക്ക് അറുതിവരുത്താതെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily