ഇന്നത്തെ കാലഘട്ടത്തില്‍ ഭക്ഷണത്തിന്റെ ലഭ്യത വർധിച്ചിട്ടുണ്ടെങ്കിലും പോഷകാഹാരക്കുറവ് ഒരു പ്രധാന ആരോഗ്യപ്രശ്നമായി തുടരുകയാണ്.
പലരും ദിവസവും ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നില്ല. "ഹിഡണ്‍ ഹംഗർ' (Hidden Hunger) അഥവാ "മറഞ്ഞിരിക്കുന്ന വിശപ്പ്' എന്നത് ഒരാള്‍ക്ക് ആവശ്യമായത്ര കലോറി ലഭിക്കുന്നുണ്ടെങ്കിലും, ശരീരത്തിന് അവശ്യം വേണ്ട ജീവകങ്ങളും (Vitamins), ധാതുക്കളും (Minerals) ലഭിക്കാത്ത അവസ്ഥയാണിത്. വയർ നിറഞ്ഞതായി തോന്നുമ്പോഴും ശരീരത്തിലെ കോശങ്ങള്‍ അവശ്യപോഷകങ്ങള്‍ക്കായി കാത്തിരിക്കുന്ന അവസ്ഥയാണ് ഇത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശ്ശബ്ദ ആരോഗ്യപ്രശ്നമാണിത്.
ഹിഡണ്‍ ഹംഗർ
"ഹിഡണ്‍ ഹംഗർ' എന്നത് ഭക്ഷണത്തിന്റെ അളവിലുള്ള കുറവല്ല, മറിച്ച് ഭക്ഷണത്തിലെ ഗുണനിലവാരക്കുറവാണ്. ശരീരത്തിന് ആവശ്യമായ ഇരുമ്പ്, അയോഡിൻ, സിങ്ക്, കാല്‍സ്യം, വിറ്റാമിൻ എ, ഡി, ബി12 തുടങ്ങിയ സൂക്ഷ്മപോഷകങ്ങള്‍ (Micronutrients) ആവശ്യത്തിന് ലഭിക്കാത്തപ്പോള്‍ ഈ അവസ്ഥ ഉണ്ടാകുന്നു.
പ്രത്യേകതകള്‍
• പുറമെ കാണാൻ സാധിക്കില്ല: പോഷകാഹാരക്കുറവുള്ള വ്യക്തികള്‍ ആരോഗ്യവാന്മാരായി തോന്നാം. ചിലപ്പോള്‍ അവർ അമിതഭാരമുള്ളവരുമാകാം. അതുകൊണ്ടുതന്നെ ശരീരത്തിലെ പോഷകങ്ങളുടെ അഭാവം പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
• ആഗോള വ്യാപകമായ പ്രശ്നം: ലോകമെമ്പാടുമുള്ള 200 കോടിയിലധികം ആളുകളെ ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
• കേരളത്തിലെ അവസ്ഥ: കേരളത്തില്‍ ആരോഗ്യ സൂചികകള്‍ മികച്ചതാണെങ്കിലും, ആഹാരത്തിലെ വൈവിധ്യക്കുറവ് മൂലം ഈ പ്രശ്‌നം നിലനില്‍ക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും വിളർച്ചയും, കൗമാരക്കാരില്‍ പോഷകാഹാര കുറവുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
• രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു: വിളർച്ച (Anemia), കാഴ്ചശക്തി കുറയുക, അണുബാധകള്‍ക്കെതിരായ പ്രതിരോധശേഷി നഷ്ടപ്പെടുക തുടങ്ങിയവ ഇതിന്റെ പ്രധാന പ്രത്യാഘാതങ്ങളാണ്.
പ്രധാന കാരണങ്ങള്‍
• വൈവിധ്യമില്ലാത്ത ആഹാരം: ധാന്യങ്ങള്‍ (അരി, ഗോതമ്പ്) മാത്രം കൂടുതലായി കഴിക്കുകയും പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട, പാല്‍, ഇറച്ചി തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കുറവായി കഴിക്കുന്നതും.
• സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം.
• പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുടെ കുറവ്.
• ശരീരം ആഗിരണം ചെയ്യുന്നതിലെ തകരാറുകള്‍: വിരശല്യം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ അണുബാധകള്‍ മൂലം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നത്.
• ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നത്.
• സാമ്പത്തികവും സാമൂഹികവുമായ പരിമിതികള്‍.
• പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധക്കുറവ്.
• സാമ്പത്തിക സാഹചര്യം: പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ വാങ്ങാനുള്ള ശേഷിയില്ലായ്മ.
ലക്ഷണങ്ങള്‍
മറഞ്ഞിരിക്കുന്ന വിശപ്പിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും വ്യക്തമായി കാണപ്പെടാറില്ല. എന്നാല്‍ ചില പൊതുവായ ലക്ഷണങ്ങള്‍ ഇവയാണ്:
• സ്ഥിരമായ ക്ഷീണം
• ശ്രദ്ധക്കുറവ്
• രോഗപ്രതിരോധശേഷി കുറയുക
• മുടികൊഴിച്ചില്‍
• ചർമപ്രശ്‌നങ്ങള്‍
• കുട്ടികളില്‍ വളർച്ചാ മന്ദത
• പഠനക്ഷമതയിലും ഓർമശക്തിയിലും കുറവ്
എങ്ങനെ ബാധിക്കുന്നു
"ഹിഡണ്‍ ഹംഗർ' ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇരുമ്പിന്റെ കുറവ് അനീമിയക്ക് കാരണമാകുമ്പോള്‍, വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ ബലക്ഷയത്തിന് കാരണമാകുന്നു. ഗർഭിണികളില്‍ പോഷകക്കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. കുട്ടികളില്‍ ഇത് ശാരീരികവും മാനസികവുമായ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
നഷ്ടമാകുന്ന പ്രധാന പോഷകങ്ങള്‍ (Micronutrients)
നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ താഴെ പറയുന്ന ജീവകങ്ങളും ധാതുക്കളും കൃത്യമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്:
• ഇരുമ്പ് (Iron): രക്ത ഉത്പാദനത്തിന് അത്യാവശ്യം. കുറഞ്ഞാല്‍ വിളർച്ചയും വിട്ടുമാറാത്ത ക്ഷീണവും ഉണ്ടാകുന്നു.
• കാല്‍സ്യം (Calcium): എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്. കുറഞ്ഞാല്‍ ബലക്ഷയവും തേയ്മാനവും ഉണ്ടാകാം.
• വിറ്റാമിനുകള്‍ (Vitamins A, D, B12): കാഴ്ചശക്തി, നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെ സംരക്ഷിക്കുന്നു.
• അയോഡിൻ & സിങ്ക് (Iodine & Zinc): കുട്ടികളുടെ ശാരീരിക മാനസിക വളർച്ചക്കും ബുദ്ധിശക്തിക്കും ഹോർമോണ്‍ പ്രവർത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതം.
എങ്ങനെ തടയാം?
• ഭക്ഷണത്തില്‍ പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പയറുവർഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. മുതിർന്നവർക്ക് ദിവസവും 300 മുതല്‍ 400 ഗ്രാം വരെ പച്ചക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുട്ടികള്‍ക്ക് പ്രായമനുസരിച്ചു 100 മുതല്‍ 250 ഗ്രാം വരെ പച്ചക്കറി ഉള്‍പ്പെടുത്താം.
• ബയോഫോർട്ടിഫിക്കേഷൻ (Biofortification): പോഷകഗുണങ്ങള്‍ വർധിപ്പിച്ച വിത്തിനങ്ങളില്‍ നിന്നുള്ള കാർഷിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.
• മുഴുവൻ ധാന്യങ്ങള്‍, പയർവർഗങ്ങള്‍, നട്സ് എന്നിവ ഉപയോഗിക്കുക.
• ഭക്ഷ്യഫോർട്ടിക്കേഷൻ: ആഹാരസാധനങ്ങളില്‍ (ഉദാഹരണത്തിന് ഉപ്പ്, എണ്ണ) കൃത്രിമമായി വിറ്റാമിനുകളും മിനറലുകളും ചേർത്ത് വിപണിയിലെത്തിക്കുക.
• പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക.
• ഫാസ്റ്റ് ഫുഡും അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക.
• ആവശ്യമായാല്‍ ഡോക്ടറുടെ നിർദേശപ്രകാരം പോഷക സപ്ലിമെന്റുകള്‍ ഉപയോഗിക്കുക.
ചുരുക്കത്തില്‍, വയറു നിറയ്ക്കുന്നതിനേക്കാള്‍ ഉപരിയായി, ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. നമ്മുടെ പ്ലേറ്റില്‍ അന്നജം (Carbohydrates) മാത്രമല്ല, ആവശ്യത്തിന് വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ നാടൻ വിഭവങ്ങളും ഉണ്ടായിരിക്കണം. നമ്മുടെ ചെറിയ ചില ഭക്ഷണ മാറ്റങ്ങളിലൂടെ ഈ അവസ്ഥയെ പൂർണമായി മാറ്റിയെടുക്കാം.
"ഹിഡണ്‍ ഹംഗർ' എന്നത് കാണാൻ കഴിയാത്തതെങ്കിലും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. വയറു നിറയുന്നത് മാത്രം ആരോഗ്യത്തിന്റെ സൂചകമല്ല; ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായത്. സമീകൃതവും വൈവിധ്യമാർന്നതുമായ ഭക്ഷണരീതി സ്വീകരിക്കുന്നതിലൂടെ "ഹിഡണ്‍ ഹംഗർ' ഒഴിവാക്കാൻ കഴിയും.
അതിനാല്‍ "വയറു നിറയുമ്പോഴും ശരീരം വിശക്കുന്നുവോ?' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ദൈനംദിന ഭക്ഷണശീലങ്ങളിലൂടെയാണ്. ആരോഗ്യകരമായ ജീവിതത്തിനായി ഭക്ഷണത്തിന്റെ അളവിനേക്കാള്‍ അതിന്റെ പോഷകമൂല്യത്തിന് പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്.
Content Highlights:
Hidden hunger is a condition where individuals consume enough calories but lack essential vitamins and minerals. It causes fatigue, weak immunity, and growth issues, heavily impacting women and children. Adopting a balanced diet with vegetables, fruits, and whole grains effectively prevents it.

