സംസ്ഥാനത്തെ സാമൂഹികക്ഷേമ ചരിത്രത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് വയോജന വകുപ്പ് രൂപവത്കരണം. ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് വയോജന വകുപ്പ്.
സാമൂഹിക നീതി വകുപ്പിനു കീഴില്‍ വാര്‍ധക്യ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ പരിമിതമായിരുന്നു ഇതുവരെയും വയോജന ക്ഷേമം. അതിനപ്പുറം വയോജന ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും വയോജനങ്ങളുടെ പരിചരണത്തിന് നിലവിലുള്ള പദ്ധതികള്‍ ഏകോപിപ്പിക്കുകയുമാണ് പുതിയ വകുപ്പിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ വളര്‍ച്ചയെ ദൂരദര്‍ശിത്വത്തോടെ നോക്കിക്കാണുകയും തിരിച്ചറിയുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്വബോധമുള്ള ഭരണകൂടത്തിന്റെ ബാധ്യതയാണ് ശരിയായ വയോജന പരിചരണം.
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ അതിപ്രധാനമാണ് വയോജനങ്ങളുടെ എണ്ണപ്പെരുപ്പവും പരിചരണവും. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും സംസ്ഥാനം കൈവരിച്ച പുരോഗതി ശരാശരി ആയുസ്സിലും വര്‍ധന സൃഷ്ടിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം. നിലവില്‍ ഇത് 18 ശതമാനമാണ്. അടുത്ത ദശകത്തില്‍ 25 ശതമാനത്തിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വയോജന ക്ഷേമം സാമൂഹിക നീതി വകുപ്പിന്റെ ഉപവിഭാഗമായി ഒതുക്കി നിര്‍ത്താതെ അവര്‍ക്കായി പൂര്‍ണ ഉത്തരവാദിത്വമുള്ള ഒരു മന്ത്രാലയം വരുന്നത് പദ്ധതികളുടെ ഗുണഫലങ്ങള്‍ ചുവപ്പുനാടകള്‍ക്കുള്ളില്‍ കുരുങ്ങിക്കിടക്കാതെ അര്‍ഹരിലേക്ക് വേഗത്തില്‍ എത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകാന്തത, ശാരീരിക അസ്വസ്ഥതകള്‍, വിവിധ രോഗങ്ങള്‍, സാമ്പത്തിക പ്രയാസം തുടങ്ങി വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മുന്‍കാലങ്ങളില്‍ കൂട്ടുകുടുംബങ്ങളുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്നവര്‍, കുടുംബ ഘടനയിലെ മാറ്റത്തോടെ, അതായത് അണുകുടുംബങ്ങളുടെ വരവോടെയാണ് ഏകാന്തതയും അവഗണനയും കൂടുതലായി അനുഭവിക്കാന്‍ തുടങ്ങിയത്. ഉപജീവനവും ഉന്നത പഠനവും ലക്ഷ്യമാക്കിയുള്ള യുവതലമുറയുടെ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം ഈ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. ഈ ഏകാന്തത വയോജനങ്ങളെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും വിഷാദ രോഗത്തിലേക്കും തള്ളിവിടുന്നു. മാസാന്തം ലഭിക്കുന്ന രണ്ടായിരമോ മൂവായിരമോ രൂപ പെന്‍ഷന്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍.
വയോജനങ്ങളെ സമൂഹത്തിന് ഭാരമായി കാണുന്നവരുണ്ട്. തിരുത്തപ്പെടേണ്ടതാണ് ഈ ധാരണ. അനുഭവങ്ങളുടെ സമ്പത്തും തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്‌കാരിക പാലവുമാണ് വയോജനങ്ങള്‍. അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കാന്‍ സര്‍ക്കാറിനും സമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. അവരുടെ ആരോഗ്യ- സാമ്പത്തിക സുരക്ഷിതത്വത്തിന് ജപ്പാന്‍, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ വികസിത രാഷ്ട്രങ്ങളിലെ പോലെ ബൃഹത്തായ പദ്ധതികള്‍ ആവശ്യമാണ്. ആരോഗ്യരംഗത്ത് വയോജനങ്ങള്‍ക്കായി ദീര്‍ഘകാല പരിചരണ സംവിധാനം സജ്ജീകരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വയോജന ക്ലിനിക്കുകളും വീടുകളിലെത്തി ചികിത്സ നല്‍കുന്ന സംവിധാനങ്ങളും വ്യാപകമാക്കാവുന്നതാണ്. സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ശൃംഖലയെയും പാലിയേറ്റീവ് വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി ഓരോ പഞ്ചായത്തിലും വയോജന കെയര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
അതീവശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു മേഖല വയോധികര്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമാണ്. വയോജനങ്ങള്‍ സ്വന്തം മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ക്രൂരമായ അവഗണനയും ശാരീരിക- മാനസിക പീഡനങ്ങളും ഏല്‍ക്കുന്നത് പതിവു വാര്‍ത്തയാണ്. മാതാപിതാക്കളുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും സാധാരണക്കാരായ വയോജനങ്ങള്‍ക്ക് കോടതികളെയും ട്രൈബ്യൂണലുകളെയും സമീപിച്ച് നീതി ലഭ്യമാക്കുക ദുഷ്‌കരമാണ്. പുതിയ വകുപ്പിനു കീഴില്‍ ഓരോ ജില്ലയിലും വയോജന സംരക്ഷണ സെല്ലും സൗജന്യ ഹെല്‍പ് ലൈന്‍ സംവിധാനവും നിയമ സഹായ വേദിയും സജ്ജമാക്കുന്നത് ഇതിനൊരളവോളം പരിഹാരമാകും. പ്രായമായവരുടെ സാമ്പത്തിക സുരക്ഷിതത്വവും പരിഗണനാര്‍ഹമായ വിഷയമാണ്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതോടൊപ്പം തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള ആരോഗ്യവാന്മാരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പാര്‍ട് ടൈം തൊഴിലവസരങ്ങളും സാമൂഹിക പങ്കാളിത്ത പദ്ധതികളും നടപ്പാക്കാവുന്നതാണ്.
വി ഡി സതീശന്‍ സര്‍ക്കാറിന്റെ ഈ ചുവടുവെപ്പ് കൃത്യമായ നയരേഖകളും സമയബന്ധിതമായ പദ്ധതികളുമായി മുന്നേറേണ്ടതുണ്ട്. പുതിയ വകുപ്പുകള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയും പിന്നീട് കാര്യക്ഷമത നഷ്ടപ്പെടുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളം. വയോജന വകുപ്പിന് ആ ദുര്‍ഗതി വരരുത്. കാലതാമസം കൂടാതെ തന്നെ സംസ്ഥാനതലത്തില്‍ നിന്ന് വാര്‍ഡുതലങ്ങളിലേക്ക് പ്രവര്‍ത്തന ശൃംഖല രൂപപ്പെടുത്തണം. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ആവശ്യവുമാണ് ഈ വകുപ്പിന്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതൊരു മാതൃകയാകണം. പ്രകൃതി നിയമവും പ്രതിഭാസവുമാണ് വാര്‍ധക്യം. ഇന്ന് യുവത്വത്തിന്റെ തിളപ്പില്‍ വിഹരിക്കുന്നവരും നാളെ വാര്‍ധക്യത്തിലേക്ക് നടന്നെത്തേണ്ടവരാണ്. ഈയൊരു സാഹചര്യത്തില്‍ പുതുതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍ കൂടിയാണ് വയോധികര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം ഒരുക്കുകയെന്നത്. ഇന്ന് സ്വീകരിക്കുന്ന നയങ്ങളായിരിക്കും നാളത്തെ സമൂഹത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നത്.

