Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കണം

വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കണം

ലശ്ശേരി | സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീര്‍ണതകളും കൂടുന്നു. മുതിര്‍ന്നവരില്‍ 15 ശതമാനം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗം കണ്ടുവരുന്നതായാണ് കണ്ടെത്തല്‍.

ദീര്‍ഘകാല വൃക്കരോഗം ബാധിച്ചവര്‍ (ക്രോണിക് കിഡ്നി ഡിസീസ്-സി കെ ഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച്‌ ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും വൃക്ക മാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.

നഗരത്തില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വൃക്കരോഗികളൂടെ എണ്ണത്തില്‍ ഭയാനക വർധനവുള്ളതായി നെഫ്രോളജിസ്റ്റ് ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്യൂട്ട് നടത്തിയ പഠനത്തില്‍, 18 വയസ്സിന് മുകളില്‍ മൂന്നിലൊരാള്‍ക്ക് അമിത ബി പി യും അഞ്ചിലൊരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കരുതി ചികില്‍സിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ വൃക്ക രോഗത്തിന്റെ പിടിയിലമരുമെന്നാണ് മുന്നറിയിപ്പ്. ഏതാണ്ട് 300 ഓളം വൃക്കരോഗികള്‍ ദിനംപ്രതി ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ഇത്രയും പേര്‍ തലശ്ശേരിക്ക് പുറത്ത് കണ്ണൂരിലും കോഴിക്കോട് ഭാഗങ്ങളിലുള്ള മെഡിക്കല്‍ കോളജുകളിലും മറ്റ് സ്വകാര്യ സെന്ററുകളിലുമെത്തി ഡയാലിസിസ് നടത്തുന്നുണ്ട്.

സ്വകാര്യ മേഖലയിലുള്ള സെന്ററുകളില്‍ ഒരു ഡയാലിസിസ് ചെയ്യാന്‍ 1,500 മുതല്‍ 2,000 രൂപ വരെ ചെലവ് വരും. ചിലര്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് വേണ്ടിവരും. അതേ സമയം രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സാർവത്രികമായി നടപ്പാക്കിയാല്‍ ഏറെ ആശ്വാസമാകുമെന്നാണ് വൃക്ക രോഗബാധിതരുടെ പക്ഷം.

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചു. ശരീരത്തിനുള്ളില്‍ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily