തിരുവനന്തപുരം | ഇന്നലെ ചേർന്ന യു ഡി എഫ് യോഗത്തില്‍ പി എം ശ്രീ പദ്ധതി സംബന്ധിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി.
യു ഡി എഫ് യോഗത്തില്‍ പി എം ശ്രീ വിഷയം ചർച്ച ചെയ്തുവെന്നും മുസ്ലിം ലീഗും കോണ്‍ഗ്രസും വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെച്ചു എന്നുമുള്ള രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണമായും അടിസ്ഥാനരഹിതവും കളവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പി എം ശ്രീ വിഷയത്തില്‍ മുൻ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ക്യാബിനറ്റ് നിലവില്‍ വിഷയം പഠിക്കാൻ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന റിപ്പോർട്ട് പഠിച്ച ശേഷം യു ഡി എഫും മുഖ്യമന്ത്രിയും ഉള്‍പ്പെടെ എല്ലാവരും ഒരുമിച്ച് ഒറ്റ നിലപാട് വ്യക്തമാക്കും. വിഷയത്തില്‍ മുന്നണിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ലെന്നും ഒറ്റ അഭിപ്രായം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാർ ഒപ്പിട്ട ഈ പദ്ധതിയുടെ പ്രയാസങ്ങളും സാങ്കേതിക പ്രശ്നങ്ങളും വളരെയധികം സങ്കീർണമാണ്. കേന്ദ്ര ഫണ്ട് ലഭിക്കാതാകുമെന്നതിനാലാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്ന് നിയമസഭയില്‍ തന്നെ സർക്കാർ പറഞ്ഞിട്ടുള്ളതാണ്. ഇനി ഇതില്‍ നിന്നും ഒഴിവാകാൻ എന്താണ് വഴി എന്നതും കേന്ദ്രം മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കാതെ മറ്റ് മാർഗ്ഗങ്ങളുണ്ടോ എന്നതും അറിയാൻ സബ് കമ്മിറ്റി റിപ്പോർട്ട് വരേണ്ടതുണ്ട്.
കേന്ദ്ര പദ്ധതിയില്‍ പറയുന്ന കഠിനമായ നിബന്ധനകളോ സ്കൂള്‍ സെലക്ഷനോ കേരളത്തില്‍ നടപ്പാകാൻ പോകുന്നില്ല. അങ്ങനെയൊരു ഘട്ടം വരുമ്പോള്‍ എന്തുവേണമെന്ന് മുന്നണി ആലോചിച്ച് തീരുമാനിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Content Highlights:
UDF leadership clarified that the PM SHRI scheme was not discussed at yesterday's meeting. Reports claiming differences between Congress and Muslim League are false. A cabinet sub-committee is studying the issue, and a unified decision will be announced later.

