മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ അവതാരകൻ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു.
അപർണ തോമസിന്റെ പിറന്നാള്‍ പോസ്റ്റിന് താഴെ വന്ന കമന്റിനുള്ള താരത്തിന്റെ മറുപടിയാണ് പുതിയ ചർച്ചകള്‍ക്ക് വഴിവെച്ചത്.
ജീവയും അപർണയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇരുവരും അകന്നാണ് കഴിയുന്നതെന്നുമുള്ള അഭ്യൂഹങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജീവയോ അപർണയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ അപർണയുടെ മറുപടി യഥാർഥത്തില്‍ വേർപിരിയല്‍ സ്ഥിരീകരിക്കുന്നതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
അപർണയുടെ പിറന്നാള്‍ കുറിപ്പ്
"ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതല്‍ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്"
എന്നാല്‍ പോസ്റ്റിന് അപർണ നല്‍കിയ ഈ ക്യാപ്ഷൻ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ‘നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?’ എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ ചോദ്യം. എന്നാല്‍ ഇതിന് "അതൊക്കെ പണ്ട്" എന്നായിരുന്നു അപർണയുടെ മറുപടി. അപർണയുടെ മറുപടിക്ക് പിന്നാലെ നിരവധി ആരാധകർ നിരാശയും സങ്കടവും പങ്കുവച്ചു. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ച് ഒരുമിച്ച് തുടരണമെന്ന അഭ്യർഥനയുമായി ചിലരും രംഗത്തെത്തി. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശക്തമായി.

