അമേരിക്കയുമായുള്ള മാസങ്ങളായി തുടരുന്ന മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
ടെഹ്‌റാൻ നിലവില്‍ വാഷിംഗ്ടണിനേക്കാള്‍ ശക്തമായ നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്കൂളുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിലൂടെ അമേരിക്ക ആഗോളതലത്തില്‍ ജനവിരോധം നേടിയെന്നും, ലോകം ഇറാന്റെ വിജയത്തെ അംഗീകരിച്ചുവരികയാണെന്നും പെഷേഷ്കിയാൻ കൂട്ടിച്ചേർത്തു.
വാഷിംഗ്ടണുമായി ഉണ്ടാക്കിയ ധാരണകളെച്ചൊല്ലി ഇറാനിലെ തീവ്രനിലപാടുകാരില്‍ നിന്ന് കടുത്ത വിമർശനവും എതിർപ്പും ഉയരുന്നതിനിടെയാണ് പെസെഷ്കിയാൻ ഈ പ്രതികരണം നടത്തിയത്. യുഎസിന് മുന്നില്‍ പൂർണമായി കീഴടങ്ങുന്നതല്ല ഈ ധാരണകളെന്നും, മറിച്ച് ഇറാന്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് അവ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുഎസുമായി നയതന്ത്ര ചർച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നീക്കങ്ങള്‍ സജീവമായി. ഇതിന്റെ ഭാഗമായി ഇറാൻ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണില്‍ സംസാരിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം, ചർച്ചകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഇരുവരും വിലയിരുത്തി.

