പശ്ചിമേഷ്യയില്‍ സംഘർഷസാധ്യത വീണ്ടും ശക്തമാകുന്നു. അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് ഖാർഗ് ദ്വീപില്‍ നിന്ന് എണ്ണക്കപ്പലുകളുടെ വ്യൂഹം പുറപ്പെടുവിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകള്‍.
ഉപരോധം ലംഘിക്കാൻ ശ്രമിച്ചാല്‍ ഇറാന്റെ കപ്പലുകളെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി.
ഇറാന്റെ നീക്കം മേഖലയില്‍ അതീവ അപകടകരമായ സൈനിക ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് സമുദ്ര സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. കപ്പലുകളില്‍ ഇറാനിയൻ ജീവനക്കാരെ നിയോഗിച്ചതായും ഇറാന്റെ പതാക ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖാർഗ് ദ്വീപില്‍ നിന്ന് ഒമാൻ ഉള്‍ക്കടലിലേക്ക് കപ്പലുകള്‍ നീങ്ങാനാണ് സാധ്യത. മേഖലയില്‍ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ സാന്നിധ്യം സംഘർഷസാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. പുതുവർഷത്തിനുള്ളില്‍ കരാറിലെത്താൻ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ശൈത്യകാലത്തെ ബുദ്ധിമുട്ടുകളും നേരിടാൻ തയ്യാറെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സാമ്പത്തിക സമ്മർദം വർധിപ്പിച്ചും ജനവിശ്വാസം തകർത്തും ഇറാനില്‍ അസ്ഥിരത സൃഷ്ടിച്ച് കലാപത്തിന് വഴിയൊരുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ആരോപിച്ചു. ഭരണകൂടത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകളും ഇറാൻ തള്ളിയിട്ടുണ്ട്.
ഇറാനെതിരായ സൈനിക നടപടികള്‍ മേഖലയില്‍ കൂടുതല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലത്തി മുന്നറിയിപ്പ് നല്‍കി. ഖത്തർ, തുർക്കി, സൗദി അറേബ്യ, പാകിസ്താൻ എന്നിവരുമായി ചേർന്ന് നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

