Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്

2026ലെ സമാധാന നൊബേല്‍ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയും ഇന്ത്യൻ വംശജയുമായ നവനേതം 'നവി' പിള്ളൈയ്ക്ക്.

അന്താരാഷ്ട്ര നിയമവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. മനുഷ്യാവകാശ സംരക്ഷണത്തിലും അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് നവി പിള്ളൈ.

1941 സെപ്റ്റംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായാണ് നവി പിള്ളൈ ജനിച്ചത്. വർണവിവേചനം നിലനിന്നിരുന്ന കാലത്ത് നിയമപഠനം പൂർത്തിയാക്കിയ അവർ, വിവേചനങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും നിയമപോരാട്ടം നടത്തി. ഹാർവാർഡ് സർവകലാശാലയില്‍ ഉപരിപഠനം നടത്തിയ പിള്ളൈ 1995ല്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. രാജ്യത്തെ നീതിന്യായ രംഗത്ത് ശ്രദ്ധേയമായ സ്ഥാനത്തെത്തിയ അവർ പിന്നീട് അന്താരാഷ്ട്ര തലത്തിലും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു.

1999ല്‍ റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലില്‍ ജഡ്ജിയായി ചുമതലയേറ്റ നവി പിള്ളൈ പിന്നീട് ട്രൈബ്യൂണലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും സേവനമനുഷ്ഠിച്ച അവർ 2008 മുതല്‍ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു. യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും എതിരെ നിയമപരമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതില്‍ അവരുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര നിയമവാഴ്ച, യുദ്ധക്കുറ്റങ്ങള്‍ക്കെതിരായ നിയമനടപടികള്‍ എന്നിവയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് 2026ലെ സമാധാന നൊബേല്‍ നവി പിള്ളൈയെ തേടിയെത്തിയത്. ആഗോളതലത്തില്‍ നീതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് ഈ പുരസ്കാരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam