ഫുട്ബോള്‍
കരിയര്‍ അവസാനിപ്പിക്കാന്‍ ചെല്‍സിയില്‍ തിരിച്ചെത്തണം; ആഗ്രഹം പരസ്യമാക്കി സൂപ്പര്‍താരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഓസ്കാര്‍. ബ്രസീലിയന്‍ മധ്യനിരതാരമായ ഓസ്കാര്‍ ഇപ്പോള്‍ ചൈനീസ് ലീഗില്‍ കളിക്കുകയാണ്. എന്നാല്‍ കരിയര്‍ അവസാനിപ്പിക്കാനായി ചെല്‍സിയില്‍ തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഓസ്കാര്‍ ഇപ്പോള്‍ പറയുന്നത്.
ചൈന വിടാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല, കാരണം എനിക്ക് മുന്നില്‍ ഇവിടെ വലിയൊരു പദ്ധതിയുണ്ട്, എന്നാല്‍ കരിയര്‍ അവസാനിപ്പിക്കാനായി എനിക്ക് ചെല്‍സിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം, ഒരു ബ്രസീലിയന്‍ മാധ്യമത്തോട് ഓസ്കാര്‍ പറഞ്ഞു. ചെല്‍സിയിലെ എന്റെ കരിയര്‍ ഒരു സുന്ദരകഥയാണ്, ആരാധകര്‍ ബ്രസീലിയന്‍ താരങ്ങളെ വിശ്വസിക്കാതിരുന്ന കാലത്താണ് ഞാന്‍ അവിടെ എത്തുന്നത്, ആരാധകരുടെ ആ ധാരണ മാറ്റിയെടുക്കാന്‍ പിന്നീട് എനിക്കായി, വീണ്ടും ചെല്സിയേക്ക് പോകാന്‍ ശ്രമിക്കുമ്ബോള്‍ എനിക്ക് കുറേക്കൂടി പ്രായമാകും, എന്നാലും മികച്ച പ്രകടനമാണ് ഞാനിപ്പോഴും നടത്തുന്നത്, ചെല്‍സിയില്‍ ഇപ്പോഴും എനിക്ക് സ്ഥാനമുണാകുമെന്നാണ് ഞാന്‍ കരുതുന്നത്, ഓസ്കാര്‍ പറഞ്ഞു.
2012-ല്‍ ബ്രസീലിയന്‍ ക്ലബ് ഇന്റര്നാസിയോണലില് നിന്നാണ് ഓസ്കാര്‍ ചെല്‍സിയിലെത്തുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷം ചെല്‍സിയുടെ നീലക്കുപ്പായമണിഞ്ഞു. 2017-ലാണ് വന്‍ ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ് ഷാങ്ഹായ് സിപ്ജ് ഓസ്കാറിനെ റാഞ്ചുന്നത്.