Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ടൊറന്റോ: രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ഫുട്ബോള്‍ കരിയറില്‍ അവശേഷിച്ച വലിയൊരു കുറവ് കൂടി നികത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32-ല്‍ ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തില്‍ പെനാല്‍റ്റി വലയിലെത്തിച്ചാണ് റൊണാള്‍ഡോ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഗോള്‍ നേടുന്നതിനായുള്ള പോർച്ചുഗീസ് നായകന്റെ 20 വർഷത്തെ നീണ്ട കാത്തിരിപ്പിനാണ് ടൊറന്റോ സ്റ്റേഡിയത്തില്‍ വിരാമമായത്.

മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തി പോർച്ചുഗലിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ തിരിച്ചടിക്കാൻ പോർച്ചുഗല്‍ കളം നിറഞ്ഞതോടെ കളി കൂടുതല്‍ ആവേശഭരിതമായി. ഇതിനിടെ റൊണാള്‍ഡോ ഒരിക്കല്‍ ക്രൊയേഷ്യൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ഒടുവില്‍ 68-ാം മിനിറ്റില്‍ റെനാറ്റോ വെയ്ഗയെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി, ക്യാപ്റ്റൻ റൊണാള്‍ഡോ ഒട്ടും വിറയ്ക്കാതെ ഗോള്‍കീപ്പർ ഡൊമിനിക് ലിവാകോവിച്ചിനെ കീഴടക്കി വലയിലെത്തിച്ച്‌ ടീമിനെ ഒപ്പമെത്തിച്ചു (1-1).

റെക്കോർഡുകള്‍ വീണ്ടും തിരുത്തി സിആർ7

ഈ ഗോളോടെ 41-ാം വയസ്സില്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോർഡ് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു. കൂടാതെ, 2006 മുതല്‍ 2026 വരെയുള്ള ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരമെന്ന അത്യപൂർവ്വ നേട്ടവും ഈ പെനാല്‍റ്റി ഗോളിലൂടെ സിആർ7 സ്വന്തമാക്കി. തന്റെ ഔദ്യോഗിക കരിയറിലെ ഗോളുകളുടെ എണ്ണം ഇതോടെ 976 ആയി ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.

ഗ്രൂപ്പ് കെയില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടിയ പോർച്ചുഗലിന്റെ ഈ ലോകകപ്പ് ക്യാമ്പെയ്ൻ കടുത്ത പോരാട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യ മത്സരത്തില്‍ ഡിആർ കോംഗോയോട് 1-1 സമനില വഴങ്ങിയ റോബർട്ടോ മാർട്ടിനെസിന്റെ ടീം, അടുത്ത മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ 5-0 ന് തകർത്തുവിട്ടിരുന്നു. റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ ആ മത്സരത്തിന് ശേഷം കൊളംബിയയോട് ഗോള്‍രഹിത സമനില പാലിച്ചാണ് ടീം പ്രീ-ക്വാർട്ടർ റൗണ്ടിലെത്തിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗൊണ്‍സാലോ റാമോസിന്റെ ഇഞ്ചുറി ടൈം ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗല്‍ പ്രീ-ക്വാർട്ടറില്‍ പ്രവേശിച്ചു. തിങ്കളാഴ്ച നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തില്‍ പോർച്ചുഗല്‍ അയല്‍ക്കാരായ സ്പെയിനിനെ നേരിടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham