ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് മറ്റൊരു ഫിഫ ലോകകപ്പിന് കൂടി അരങ്ങുണരുകയാണ്.
ജൂണ്‍ 11-നാണ് വിശ്വവേദിയില്‍ പന്തുരുളാൻ തുടങ്ങുന്നത്. പിന്നീട് ജൂലൈ 19 വരെ ഒരു മാസക്കാലം, ഒരു തുകല്‍ പന്തിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ലോകത്തിന്റെ വിവിധ കോണുകളിലുള്ള കാല്‍പന്ത് ആരാധകരുടെ നെഞ്ചിടിപ്പ്.
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന 23-ാം എഡിഷൻ തുടങ്ങാൻ ഇനി വെറും എട്ട് ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഇത്തവണ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ വെച്ച് നടക്കുന്ന പോരാട്ടത്തില്‍ ആരാവും ജേതാക്കളാവുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒരിക്കല്‍ കപ്പെടുത്തവർ തന്നെ കിരീടം നിലനിർത്തുമോ, അതോ ലോകരെ മൊത്തം മോഹിപ്പിക്കുന്ന കനകക്കപ്പിന് പുതിയ അവകാശികള്‍ എത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
പുതിയ ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങും മുൻപ് ഇതുവരെയുള്ള ലോകകപ്പ് ചാമ്പ്യന്മാരെ നമ്മുക്ക് പരിചയപ്പെടാം. 1930-ല്‍ തുടക്കമിട്ട ടൂർണമെന്റ് ഇതുവരെ 22 എഡിഷനുകളാണ് പിന്നിട്ടത്. ഓരോ ലോകകപ്പിലും നിരവധി ടീമുകള്‍ പരസ്പരം പോരടിച്ചിട്ടും വെറും എട്ട് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഏവരും കിനാവ് കാണുന്ന ആ മോഹക്കപ്പില്‍ മുത്തമിടാൻ ഭാഗ്യമുണ്ടായത്.
ഉറുഗ്വേയെന്ന ആദ്യ ജേതാക്കള്‍
1930-ല്‍ നടന്ന കന്നി ലോകകപ്പിന്റെ ഫൈനലില്‍ അർജന്റീനയെ തോല്‍പ്പിച്ച് ഉറുഗ്വേയാണ് ആദ്യ ജേതാക്കളായത്. പിന്നീട് 1950-ല്‍ ബ്രസീലിനെ ഞെട്ടിച്ച് ഒരിക്കല്‍ കൂടി അവർ ലോകകപ്പുയർത്തിയെങ്കിലും അതിനുശേഷം ആ ഭാഗ്യം അവരെ തേടിയെത്തിയിട്ടില്ല. തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയും ഉറുഗ്വേൻപട വിശ്വവേദിയില്‍ എത്തുന്നത്.
വെല്ലാനാരുമില്ലാതെ കാനറിപ്പട
രണ്ട് കിരീടങ്ങളുണ്ടെങ്കിലും ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ടത് ഉറുഗ്വേയല്ല. അത് പെലെ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നീ അത്ഭുത പ്രതിഭകളെ ലോകഫുട്ബോളിന് സമ്മാനിച്ച ബ്രസീല്‍ ആണ്. അഞ്ച് തവണയാണ് മഞ്ഞക്കുപ്പായക്കാർ ലോകത്തിന്റെ നെറുകയിലെത്തിയത്. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിലായിരുന്നു കാനറിപ്പടയുടെ ഈ സുവർണ്ണ കിരീടനേട്ടങ്ങള്‍.
ജർമനിയും ഇറ്റലിയും; ഒപ്പം അർജന്റീനയും
കിരീടനേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് നാല് വീതം ലോകകപ്പ് സ്വന്തമാക്കിയ ജർമനിയും ഇറ്റലിയുമാണ്. 1954, 1974, 1990, 2014 എന്നീ വർഷങ്ങളിലാണ് ജർമൻ ടീം കിരീടം ഉയർത്തിയത്. 1934, 1938, 1982, 2006 എന്നീ വർഷങ്ങളില്‍ അസൂറിപ്പടയും കപ്പുയർത്തി. എന്നാല്‍, കഴിഞ്ഞ രണ്ട് എഡിഷനുകള്‍ക്ക് പിന്നാലെ ഇത്തവണയും (തുടർച്ചയായ മൂന്നാം തവണ) ലോകകപ്പിന് യോഗ്യത പോലും നേടാൻ ഇറ്റലിക്ക് സാധിച്ചില്ല എന്നത് വലിയ നിർഭാഗ്യമായി.
കപ്പുയർത്തിയവരുടെ പട്ടികയില്‍ അടുത്തത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ്. 2022 ഖത്തർ ലോകകപ്പില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ കപ്പുയർത്തുന്നതിന് മുമ്പ് 1978-ലും 1986-ലും അവർ ചാമ്പ്യന്മാരായിരുന്നു. മൂന്ന് കിരീടങ്ങളുള്ള അർജന്റീന ഒരിക്കല്‍ കൂടി വിജയമധുരം നുണയാനാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്.
ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ
അടുത്തതായി ചാമ്പ്യന്മാരുടെ ലിസ്റ്റിലുള്ളത് രണ്ട് തവണ കിരീടമുയർത്തിയ ഫ്രാൻസാണ്. 1998-ലും 2018-ലുമായിരുന്നു ഫ്രഞ്ച് പട കിരീടം നേടിയെടുത്തത്. ഓരോ തവണ മാത്രം കപ്പുയർത്തിയ ഇംഗ്ലണ്ടും സ്പെയ്നുമാണ് ജേതാക്കളുടെ ലിസ്റ്റില്‍ അവസാനമുള്ളത്. ഇംഗ്ലണ്ട് 1966-ല്‍ സ്വന്തം മണ്ണില്‍ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ലാ റോജയുടെ (സ്പെയിൻ) ഏക കിരീട നേട്ടം 2010-ലായിരുന്നു.

