ചങ്ങരംകുളം( മലപ്പുറം): ആഗോള ഇസ് ലാമിക പണ്ഡിതവേദികളില് ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെന്നും അദേഹത്തിൻ്റെ ധൈഷണിക നേതൃത്വം സമസ്തയെ വിജ്ഞാനത്തിന്റെയും ആശയപ്രചാരണത്തിന്റെയും മേഖലകളില് കൂടുതല് ശക്തിപ്പെടുത്തിയെന്നും സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സെമിനാര് അഭിപ്രായപ്പെട്ടു.
മലപ്പുറം ചങ്ങരംകുളത്ത് നടന്ന സെമിനാര് ജനറല് സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മുന് സംസ്ഥാന ജനറല് സെക്രട്ടറിയെന്ന നിലയില് സംഘടനയുടെ വളര്ച്ചയിലും ആശയപ്രചാരണത്തിലും വിദ്യാഭ്യാസ പ്രവര്ത്തനങ്ങളിലും ആലിക്കുട്ടി മുസ്ലിയാർ നല്കിയ സംഭാവനകള് എന്നും സ്മരിക്കപ്പെടുമെന്നും വിവിധ മേഖലകളില് വിലമതിക്കാനാവാത്ത സംഭാവനകള് നല്കിയാണ് അദേഹം വിടപറഞ്ഞതെന്നും തങ്ങള്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള് ലക്കിടി അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി മുസ്ലിയാർ വിദ്യാഭ്യാസം: പഠനം, പ്രതിഭ, വ്യതിരിക്ത വിഷയത്തില് ഡോ.സി.കെ അബ്ദുറഹ്മാന് ഫൈസി അരിപ്ര, പ്രസ്ഥാനം: ആദര്ശം, പൈതൃകം, പൊതുബോധം വിഷയത്തില് അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, അക്കാദമികം: ദര്ശനം, അധ്യാപനം, അടയാളപ്പെടുത്തല് വിഷയത്തില് ഹംസ റഹ്മാനി കൊണ്ടിപറമ്പ്, വ്യക്തിത്വം: സൗമ്യത, സാമൂഹികം, അന്തര്ദേശീയം വിഷയത്തില് പി.എ സാദിഖ് ഫൈസി താനൂര് എന്നിവര് വിഷയാവതരണം നടത്തി. സംസ്ഥാന ഓര്ഗനൈസിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള് വെട്ടിച്ചിറ സ്വാഗതവും റാഫി പെരുമുക്ക് നന്ദിയും പറഞ്ഞു.
സി.എച്ച് ത്വയ്യിബ് ഫൈസി, കെ.എന്.സി തങ്ങള്, കാടാമ്പുഴ മൂസ ഹാജി, ഹസ്സന് ആലംകോട്, അഷറഫ് കോക്കൂർ, പി.വി മുഹമ്മദ് മൗലവി, അബ്ദുല്ല കുണ്ടറ, റഷീദ് ഫൈസി പൂക്കരത്തറ, ഇസ്മായില് മുസ്ലിയാർ തവനൂര്, ഷഹീര് അന്വരി, എ.കെ.കെ മരക്കാര്, അബ്ദുല് മജീദ് ഫൈസി, ഹസ്സന് ബാവ ഹാജി, സൈദു ഹാജി, മുഹമ്മദ് കുട്ടി മുസ്ലിയാർ പങ്കെടുത്തു.

