Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആമസോണ്‍ മേഖലയില്‍ യുഎഇയുടെ മിന്നല്‍ പരിശോധന: 839 പേര്‍ അറസ്റ്റില്‍, 280 മില്യണ്‍ ഡോളറിന്റെ വസ്തുക്കള്‍ പിടിച്ചെടുത്തു

ആമസോണ്‍ മേഖലയില്‍ യുഎഇയുടെ മിന്നല്‍ പരിശോധന: 839 പേര്‍ അറസ്റ്റില്‍, 280 മില്യണ്‍ ഡോളറിന്റെ വസ്തുക്കള്‍ പിടിച്ചെടുത്തു

ബുദബി: ആമസോണ്‍ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്കെതിരെ യുഎഇയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്ര-നിയമ നിർവ്വഹണ നീക്കത്തില്‍ കോടിക്കണക്കിന് വിലയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു.

'ഓപ്പറേഷൻ ഗ്രീൻ ഷീല്‍ഡ് 2026' എന്ന് പേരിട്ട 17 ദിവസം നീണ്ട സംയുക്ത കാമ്പെയ്നില്‍ 839 പേർ അറസ്റ്റിലാവുകയും 280 മില്യണ്‍ ഡോളറിലധികം (ഏകദേശം 2,300 കോടിയോളം രൂപ) വിലമതിക്കുന്ന ആസ്തികളും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിൻ സായിദ് അല്‍ നഹ്യാനാണ് ഓപ്പറേഷന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, ബ്രസീല്‍ എന്നീ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി ഏകോപിച്ച്‌ ജൂലൈയില്‍ ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ ആമസോണ്‍ മേഖലയില്‍ 1,045 ഫീല്‍ഡ് ഓപ്പറേഷനുകളാണ് നടന്നത്. ആമസോണിന്റെ സുപ്രധാന ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന ആസ്തികളും ഉപകരണങ്ങളുമാണ് പരിശോധനയിലൂടെ അധികാരികള്‍ പിടിച്ചെടുത്തത്. ഈ മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഏകോപിത നിയമ നിർവ്വഹണ നടപടിയാണിത്.

2023-ല്‍ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസുമായി (UNODC) ചേർന്ന് യുഎഇ തുടക്കം കുറിച്ച 'ഐ2എല്‍ഇസി' (I2LEC - International Initiative of Law Enforcement for Climate) എന്ന അന്താരാഷ്ട്ര സംരംഭത്തിന്റെ ഭാഗമായാണ് ഓപ്പറേഷൻ നടപ്പിലാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തെ ഉയർന്ന സ്വാധീനമുള്ള പ്രായോഗിക ഫലങ്ങളാക്കി മാറ്റാനുള്ള യുഎഇയുടെ കഴിവിനുള്ള തെളിവാണ് ഈ വിജയമെന്ന് ശൈഖ് സെയ്ഫ് വ്യക്തമാക്കി. അതിർത്തി കടന്നുള്ള അന്താരാഷ്ട്ര പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇനിയും സംയുക്ത നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A UAE-led international operation in the Amazon region resulted in 839 arrests and the seizure of assets worth $280 million, dealing a major blow to organized transnational crime networks.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham