Dailyhunt
ആര്‍ട്ടെമിസ് II മിഷനില്‍ 'ഷംസ്' ഉപഗ്രഹവുമായി സഊദി അറേബ്യ; ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യം

ആര്‍ട്ടെമിസ് II മിഷനില്‍ 'ഷംസ്' ഉപഗ്രഹവുമായി സഊദി അറേബ്യ; ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യം

റിയാദ്: യു.എസ് സ്‌പെയ്‌സ് ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് II (Artemis II) മിഷന്റെ ഭാഗമായി സഊദി അറേബ്യ തങ്ങളുടെ 'ഷംസ്' (Shams) ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുകയും ആശയവിനിമയം സ്ഥാപിക്കുകയും ചെയ്തു.

ഇന്നലെയാണ് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. ഇതോടെ നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴിലുള്ള ഒരു മിഷനില്‍ പങ്കാളിയാകുന്ന ആദ്യ അറബ് രാജ്യമായി സഊദി മാറി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി ചന്ദ്രനെ വലംവയ്ക്കാന്‍ നാല് ബഹിരാകാശ സഞ്ചാരികളുമായി പോകുന്ന മനുഷ്യവാഹിനിയായ ഓറിയോണ്‍ (Orion) പേടകത്തിനൊപ്പം സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ഈ ഉപഗ്രഹവും വിക്ഷേപിച്ചത്. നാസയുടെ നേതൃത്വത്തിലുള്ള ഈ പ്രോഗ്രാം, ചൊവ്വാ ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.

ഷംസ് ഉപഗ്രഹം

ഭൂമിയില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ മുതല്‍ 70,000 കിലോമീറ്റര്‍ വരെ അകലെയുള്ള ഉയര്‍ന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് 'ഷംസ്' ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഇത് സൗരോര്‍ജ്ജ, വികിരണ പ്രവര്‍ത്തനങ്ങളുടെ വിപുലമായ നിരീക്ഷണത്തിന് സഹായിക്കും.
ബഹിരാകാശ വികിരണം, സോളാര്‍ എക്‌സ്‌റേകള്‍, ഭൂമിയുടെ കാന്തികമണ്ഡലം, ഉയര്‍ന്ന ഊര്‍ജ്ജമുള്ള സൗരകണങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഈ ഉപഗ്രഹം പഠനം നടത്തും. ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വാര്‍ത്താവിനിമയം, വ്യോമയാനം, നാവിഗേഷന്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ ഇത് ശേഖരിക്കും.
സഊദി വിഷന്‍ 2030ന് കീഴിലുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമിന്റെ പിന്തുണയോടെ, രാജ്യത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ തദ്ദേശീയമായാണ് ഉപഗ്രഹം വികസിപ്പിച്ചെടുത്തതെന്ന് സഊദി സ്‌പേസ് ഏജന്‍സി അറിയിച്ചു.

ഈ ദൗത്യം രാജ്യത്തിന്റെ സ്വന്തം കഴിവുകളിലുള്ള തുടര്‍ച്ചയായ നിക്ഷേപത്തെയും പ്രധാന അന്താരാഷ്ട്ര ബഹിരാകാശ സംരംഭങ്ങളിലെ പങ്കാളിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സഊദി സ്‌പേസ് ഏജന്‍സി ആക്ടിംഗ് സിഇഒ ഡോ. മുഹമ്മദ് ബിന്‍ സഊദ് അല്‍ തമീമി പറഞ്ഞു. നൂതന സാങ്കേതികവിദ്യകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും വ്യാവസായിക ശേഷി ശക്തിപ്പെടുത്തുന്നതിലും രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ പദ്ധതി വ്യക്തമാക്കുന്നതെന്ന് പ്രോഗ്രാം സിഇഒ എഞ്ചിനീയര്‍ ജമീല്‍ ബിന്‍ അഹമ്മദ് അല്‍ ഗാംദി വ്യക്തമാക്കി.

അന്താരാഷ്ട്ര സഹകരണം

ബഹിരാകാശ പര്യവേക്ഷണത്തില്‍ സഹകരണം, സുതാര്യത, ഉത്തരവാദിത്തമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ ആര്‍ട്ടെമിസ് ഉടമ്പടിയില്‍ സഊദി അറേബ്യ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഈ സുപ്രധാന പങ്കാളിത്തം.
ശാസ്ത്രീയ ഗവേഷണങ്ങളെ പിന്തുണയ്ക്കാനും സാങ്കേതികവിദ്യയിലധിഷ്ഠിതമായ മേഖലകളുടെ വികസനത്തിന് സംഭാവന നല്‍കാനും 'ഷംസ്' ദൗത്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദി സ്‌പേസ് ഏജന്‍സി (എസ്.എസ്.എ) വ്യക്തമാക്കി.

Summary: The Saudi Space Agency announced today the successful launch and initial communication with the Saudi satellite "Shams," which was deployed aboard the Space Launch System (SLS) as part of the Artemis II mission. With this achievement, the Kingdom becomes the first Arab nation to participate in a space mission under the historic Artemis program, which aims to accelerate scientific innovation and foster high-impact international partnerships that contribute to shaping the future of space for humanity.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham