കൊച്ചി: അഭിമന്യൂ വധക്കേസില് നാല് മാസത്തിനകം വിചാരണ പൂര്ത്തിയാക്കി വിധി പറയാന് വിചാരണക്കോടതിക്ക് കര്ശന നിര്ദേശം നല്കി ഹൈക്കോടതി.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിക്കാണ് ഹൈക്കോടതി നിര്ദ്ദേശം നല്കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹരജിയിലാണ് നിര്ദ്ദേശം. ഇനി സമയം നീട്ടി നല്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, കേസില്‍ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നല്‍കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

