Dailyhunt
അമേരിക്കയിലെ സ്വര്‍ണശേഖരം പിൻവലിച്ച്‌ ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

അമേരിക്കയിലെ സ്വര്‍ണശേഖരം പിൻവലിച്ച്‌ ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

പാരിസ്: യുഎസ് ഫെഡറല്‍ റിസർവിന്റെ രഹസ്യ നിലവറകളില്‍ പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഫ്രാൻസ് പൂർണ്ണമായും പിൻവലിച്ചു.

ബാങ്ക് ഡി ഫ്രാൻസിന്റെ (ഫ്രാൻസിലെ കേന്ദ്രബാങ്ക്) മൊത്തം സ്വർണശേഖരത്തിന്റെ അഞ്ച് ശതമാനത്തോളം വരുന്ന 129 ടണ്‍ സ്വർണമാണ് ഇത്തരത്തില്‍ തിരികെ എത്തിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വർണവില സർവകാല റെക്കോർഡുകള്‍ ഭേദിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നടത്തിയ ഈ നീക്കം ഫ്രാൻസിന് 12.8 ബില്യണ്‍ യൂറോയുടെ അധിക ലാഭമാണ് നേടിക്കൊടുത്തത്.

അമേരിക്കയില്‍ നിന്നും ഇത്രയും വലിയ സ്വർണശേഖരം നേരിട്ട് ഫ്രാൻസിലേക്ക് എത്തിക്കുന്നത് വൻ സുരക്ഷാ ഭീഷണിയും ഭീമമായ ചെലവുമുള്ള കാര്യമായിരുന്നു. ഇത് ഒഴിവാക്കാൻ ബാങ്ക് ഡി ഫ്രാൻസ് സ്വീകരിച്ചത് വ്യത്യസ്തമായൊരു രീതിയാണ്. അമേരിക്കയിലുണ്ടായിരുന്ന സ്വർണം അവിടെ തന്നെ വിറ്റഴിച്ചു എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

ലഭിച്ച തുക ഉപയോഗിച്ച്‌ യൂറോപ്യൻ വിപണിയില്‍ നിന്നും അത്രതന്നെ തൂക്കം വരുന്ന സ്വർണക്കട്ടികള്‍ പുതുതായി വാങ്ങി ഫ്രാൻസിലെ ശേഖരത്തിലേക്ക് ചേർത്തു. 1920-കളുടെ അവസാനം മുതല്‍ അമേരിക്കൻ ബാങ്കുകളില്‍ സൂക്ഷിച്ചു തുടങ്ങിയ സ്വർണമാണ് ഇപ്പോള്‍ പൂർണ്ണമായും ഫ്രാൻസ് ഒഴിവാക്കിയിരിക്കുന്നത്.

സ്വർണശേഖരത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഫ്രാൻസ്. ഏകദേശം 2,437 ടണ്‍ സ്വർണമാണ് ഫ്രാൻസിന്റെ കരുതല്‍ ശേഖരത്തിലുള്ളത്. തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം സ്വന്തം രാജ്യത്ത് തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി എന്ന വിശ്വാസത്തിലാണ് 30-ഓളം രാജ്യങ്ങള്‍ തങ്ങളുടെ 6,300 ടണ്‍ സ്വർണം യുഎസ് ഫെഡറല്‍ റിസർവിനെ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിതമായ നിലപാടു മാറ്റങ്ങളും പല രാജ്യങ്ങളെയും ഇപ്പോള്‍ മാറ്റി ചിന്തിപ്പിക്കുകയാണ്.

"യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണ്, അതിനാല്‍ സ്വർണം അമേരിക്കയില്‍ സുരക്ഷിതമല്ല" എന്ന വാദമുയർത്തി ജർമ്മനിയിലെ സാമ്പത്തിക വിദഗ്ധരും ജനപ്രതിനിധികളും തങ്ങളുടെ സ്വർണശേഖരം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫ്രാൻസിന്റെ നടപടി മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും സമാനമായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചേക്കും.

France has strategically withdrawn its 129 tons of gold reserves from the US Federal Reserve, a move that yielded a staggering 12.8 billion Euro profit due to surging gold prices

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham