Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് സമ്മതിച്ച അദ്ദേഹം, പരാജയകാരണങ്ങള്‍ പരിശോധിക്കാൻ പാർട്ടി തലത്തില്‍ വിപുലമായ റിവ്യു നടത്തുമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

ഇടതുപക്ഷ ചരിത്രത്തില്‍ ഇതിലും കുറഞ്ഞ വോട്ട് വിഹിതം ലഭിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് തെറ്റുകള്‍ തിരുത്തി പാർട്ടി കരുത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.മെയ്, ജൂണ്‍ മാസങ്ങളില്‍ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. ഇന്ന് നടന്നത് പ്രാഥമികമായ വിലയിരുത്തല്‍ മാത്രമാണ്. താഴെത്തട്ടിലുള്ള സഖാക്കള്‍ക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങള്‍ പറയാൻ അവസരമൊരുക്കും.ഇടതുപക്ഷം എക്കാലവും ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയിലുള്ള തിരുത്തലുകള്‍ വരുത്തി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ഡിസിസി ഓഫീസിന് നേരെ നടന്ന അക്രമത്തെ വാർത്താസമ്മേളനത്തില്‍ എം.വി ഗോവിന്ദൻ അപലപിച്ചു.

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സെക്രട്ടറി

വാർത്താസമ്മേളനം അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടുനിന്നത്. പരാജയത്തെക്കുറിച്ച്‌ എല്ലാവരും മറുപടി പറയുമെന്ന പൊതുവായ പ്രതികരണത്തിനപ്പുറം, മാധ്യമപ്രവർത്തകരുടെ കൃത്യമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ അദ്ദേഹം തയ്യാറായില്ല. പാർട്ടി റിവ്യുവിന് ശേഷം വിശദമായ മറുപടി നല്‍കാമെന്ന് സൂചിപ്പിച്ച്‌ അദ്ദേഹം വേഗത്തില്‍ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

"അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഇതിന്റെ കാരണങ്ങള്‍ പാർട്ടി വിശദമായി പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആവശ്യമായ തിരുത്തലുകളുമായി ഇടതുപക്ഷം ശക്തമായി തിരിച്ചുവരും."എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham