Wednesday, 20 Nov, 8.23 am സുപ്രഭാതം

ലേറ്റസ്റ്റ് ന്യൂസ്
അറ്റകുറ്റപ്പണി: നെടുമ്ബാശേരിയില്‍ നിന്ന് ഇന്ന് മുതല്‍ നാലുമാസത്തേക്ക് പകല്‍ വിമാന സര്‍വിസ് ഇല്ല; സര്‍വിസുകള്‍ പുനക്രമീകരിച്ചു

കൊച്ചി: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ നാലുമാസത്തേക്ക് പകല്‍ സര്‍വിസ് ഇല്ല. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി പകല്‍ സമയത്ത് വിമാനത്താവളം അടച്ചിടുന്നതിനാലാണിത്. ഇന്നു മുതല്‍ 2020 മാര്‍ച്ച്‌ 28 വരെയാണ് പകല്‍ സമയത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ സര്‍വിസുകള്‍ ഉണ്ടാകില്ല. പുതിയ നടപടികളുടെ ഭാഗമായി സര്‍വിസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂറില്‍ നിന്ന് 16 മണിക്കൂര്‍ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിയാല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നെടുമ്ബാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിനംപ്രതിയുള്ളത്. ഇതില്‍ പകല്‍സമയത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത് മൂലം നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമേ റദ്ദാവൂ. സ്‌പൈസ്‌ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് ആണ് റദ്ദാവുന്ന രാജ്യാന്തര സര്‍വിസ്. ആഭ്യന്തര സെക്ടറില്‍ സ്‌പൈസ്‌ജെറ്റിന്റെ ഒരു ചെന്നൈ സര്‍വീസ്, എയര്‍ ഇന്ത്യയുടെയും ഒരു ചെന്നൈ സര്‍വീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സര്‍വീസ്, അലയന്‍സ് എയറിന്റെ മൈസൂരു സര്‍വീസ് എന്നിവയും.

മറ്റു സര്‍വിസുകള്‍ വൈകീട്ട് ആറിന് ശേഷം പുനക്രമീകരിച്ചു. എയര്‍ഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ, കുവൈത്ത് എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സര്‍വീസുകള്‍ രാവിലെ പത്തിനു മുന്‍പോ വൈകിട്ട് ആറിനു ശേഷമോ ആക്കി.

150 കോടി രൂപയോളം ചെലവഴിച്ചാണ് റണ്‍വേ പുതുക്കുന്നത്. ഓരോ പത്ത് വര്‍ഷം കൂടുമ്ബോഴും റണ്‍വേ പുതുക്കണമെന്ന് ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശമുണ്ട്. 1999ല്‍ തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍വേ 2009ലാണ് ആദ്യമായി ഇത്തരത്തില്‍ നവീകരിച്ചത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. ടാക്‌സിവേ ഉള്‍പ്പെടെ അഞ്ചുലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സര്‍വീസിനു സജ്ജമാക്കുന്ന വിധത്തിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.

No more daytime flights as Kochi airport work is set to begin

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Suprabhaatham
Top