തൃശ്ശൂർ: അതിരപ്പിള്ളി സന്ദർശനത്തിനെത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനം കാട്ടാനയുടെ മുന്നില്‍പ്പെട്ടു.
ചാർപ്പ ഭാഗത്തെ റോഡിന് നടുവില്‍ വെച്ചാണ് കാട്ടാനയും വനംമന്ത്രിയും തമ്മില്‍ കണ്ടുമുട്ടിയത്. ആന റോഡില്‍ നിന്ന് മാറാൻ കൂട്ടാക്കാത്തതോടെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും ആശങ്കയിലായി.
കഴിഞ്ഞ ദിവസം രാത്രിയില്‍ വാഴച്ചാല്‍ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കോശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മോഹനന്റെ വീട് സന്ദർശിക്കാനായിരുന്നു മന്ത്രിയുടെ യാത്ര. റോഡില്‍ നിന്ന് മാറാൻ കാട്ടാന തയ്യാറാകാതിരുന്നതോടെ മന്ത്രിയുടെ വാഹനവും സുരക്ഷാ വാഹനങ്ങളും കുറച്ചുനേരം നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക സംഘവും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ റോഡില്‍ നിന്ന് മാറ്റി. അതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്.
അതിരപ്പിള്ളി മേഖല പ്രധാനപ്പെട്ട ആനത്താര കൂടിയാണ്. ഒറ്റയായും കൂട്ടമായും കാട്ടാനകള്‍ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. വനമേഖലയോട് ചേർന്നുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ട്രാഫിക് പൊലിസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

